ധോണി ഉണ്ടായിരുന്നുവെങ്കിൽ; കണക്കുകള്‍ എണ്ണിപറഞ്ഞ് സോഷ്യൽ ലോകം; തോൽക്കാത്ത കണക്ക്

ms-dhoni
SHARE

ന്യൂസീലൻഡിനെതിരായ നാലാം ഏകദിനത്തിൽ തകർന്നടിഞ്ഞ്  ഇന്ത്യയുടെ പ്രകടനം ലോകകപ്പിന് തയ്യാറെടുക്കുന്ന ടീമിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇന്ത്യൻ ആരാധകർ. ഒരു ചെറിയ തോൽവിപോലും ടീമിന്റെ മുന്നേറ്റത്തെ ഗൗരവമായി ബാധിക്കുന്ന ലോകകപ്പ് വേദികളിൽ ഇത്തരമൊരു പ്രകടനം ആരാധകർക്ക് ചിന്തിക്കാൻ പോലുമാകില്ല. ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും മഹേന്ദ്രസിങ് ധോണി ഇല്ലാതെയിറങ്ങിയ മത്സരത്തിലാണ് തോൽവി ഏറ്റുവാങ്ങിയതെങ്കിലും ആരാധകർക്ക് സമ്മാനിക്കുന്ന ആശങ്കകൾ ചെറുതല്ല.

ഹാമിൽട്ടൻ ഏകദിനത്തിൽ ഇന്ത്യ കനത്ത തോൽവിയേറ്റുവാങ്ങിയതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലാകെ മഹേന്ദ്രസിങ് ധോണിയുടെ ചില മൽസരങ്ങളിലെ പ്രകടനങ്ങളുടെ വിശദീകരിച്ച് പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. ഇന്ത്യൻ ബാറ്റിങ് നിര എതിർ ടീം ബോളർമാർക്കു മുന്നിൽ കൂട്ടത്തകർച്ച നേരിട്ടിട്ടുള്ള മൽസരങ്ങളിൽ ധോണി നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ കണക്കുകളാണ് പോസ്റ്റിൽ

1. ഇന്ത്യ – വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം കിങ്സ്റ്റൺ, ജൂൺ 28, 2009: ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 21.3 ഓവറിൽ എട്ടിന് 82 റൺസ് എന്ന നിലയിൽ കൂട്ടത്തകർച്ചയിലേക്കു നീങ്ങുന്നു. ഒൻപതാം വിക്കറ്റിൽ ആർ.പി. സിങ്ങിനെ കൂട്ടുപിടിച്ച് രക്ഷാപ്രവർത്തനം നടത്തിയ ധോണി ഇന്ത്യയെ 48.2 ഓവറിൽ 188 റൺസ് എന്ന നിലയിലെത്തിച്ചു. 130 പന്തുകൾ നേരിട്ട ധോണി ആറു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 95 റൺസെടുത്തു. മൽസരം ഇന്ത്യ എട്ടുവിക്കറ്റിനു തോറ്റു.

2. ഇന്ത്യ–ശ്രീലങ്ക ത്രിരാഷ്ട്ര ടൂർണമെന്റ് ഫൈനൽ, പോർട്ട് ഓഫ് സ്പെയിൻ, ജൂലൈ 11, 2013: ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 48.5 ഓവറിൽ 201 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ രോഹിത് ശർമ അർധസെഞ്ചുറി നേടിയെങ്കിലും പിന്നീട് കൂട്ടത്തോടെ തകർന്ന് ഇന്ത്യ 41.5 ഓവറിൽ എട്ടിന് 167 റൺസ് എന്ന നിലയിൽ തകർന്നു. സ്കോർ 182ൽ നിൽക്കെ ഒൻപതാം വിക്കറ്റും വീണു. ഒരു വശത്ത് ഉറച്ചുനിന്ന ധോണി രണ്ടു പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. 52 പന്തിൽ അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 45 റൺസുമായി ധോണി പുറത്താകാതെ നിന്നു.

3. ഇന്ത്യ–പാക്കിസ്ഥാൻ ഒന്നാം ഏകദിനം, ചെന്നൈ, ഡിസംബർ 30, 2012: ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 29 റൺസിനിടെ അഞ്ചു വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ചയെ നേരിടുന്നു. ആറാം വിക്കറ്റിൽ സുരേഷ് റെയ്നയ്ക്കൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടും പിരിയാത്ത ഏഴാം വിക്കറ്റിൽ രവിചന്ദ്രൻ അശ്വിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തിയ ധോണി ഇന്ത്യൻ സ്കോർ 227ൽ എത്തിച്ചു. ധോണി 125 പന്തിൽ ഏഴു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 113 റൺസുമായി പുറത്താകാതെ നിന്നു. മൽസരം പാക്കിസ്ഥാൻ ആറു വിക്കറ്റിനു ജയിച്ചു.

4. ഇന്ത്യ–ഓസ്ട്രേലിയ മൂന്നാം ഏകദിനം, ചണ്ഡിഗഡ്, ഒക്ടോബർ 19, 2013: ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 76 റൺസെടുക്കുമ്പോഴേയ്ക്കും നാലു വിക്കറ്റ് നഷ്ടമാക്കി തകർച്ചയിൽ. എന്നാൽ ഉജ്വല പ്രകടനവുമായി ധോണി അവതരിച്ചതോടെ 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 303 റൺസ്. ധോണി 121 പന്തിൽ 12 ബൗണ്ടറിയും അഞ്ചു സിക്സും സഹിതം 139 റൺസെടുത്തു പുറത്താകാതെ നിന്നു. അവസാന ഓവർ വരെ ഇന്ത്യ പൊരുതിയെങ്കിലും മൽസരം ഓസ്ട്രേലിയ സ്വന്തമാക്കി.

5. ഇന്ത്യ–സിംബാബ്‌വെ, ലോകകപ്പ് മൽസരം ഓക്‌ലൻഡ്, മാർച്ച് 14, 2015: ആദ്യം ബാറ്റു ചെയ്ത സിംബാബ്‌വെ ഇന്ത്യയ്ക്കു മുന്നിൽ ഉയർത്തിയത് 288 റൺസ് വിജയലക്ഷ്യം. മറുപടി ബാറ്റിങ്ങിൽ തകർച്ച നേരിട്ട ഇന്ത്യ 22.4 ഓവറിൽ നാലിന് 92 റൺസ് എന്ന നിലയിൽ തകർന്നു. എന്നാൽ, പിരിയാത്ത അഞ്ചാം വിക്കറ്റിൽ റെയ്നയ്ക്കൊപ്പം 196 റൺസ് കൂട്ടുകെട്ട് തീർത്ത് ധോണി ഇന്ത്യയെ വിജയത്തിലെത്തിച്ചു. 

6. ഇന്ത്യ–ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം, ഇൻഡോർ, ഒക്ടോബർ ഒന്ന്, 2015: ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 104 റൺസിനിടെ അഞ്ചു വിക്കറ്റ് നഷ്ടമാക്കി തകർച്ചയിൽ. സഹതാരങ്ങളുടെ കാര്യമായ പിന്തുണയില്ലാതിരുന്നിട്ടും ഒരു വശത്ത് ധോണിയുടെ ഒറ്റയാൾ പോരാട്ടം. ഫലം, ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒൻ‌പതു വിക്കറ്റ് നഷ്ടത്തിൽ 247 റൺസെടുത്തു. ധോണി 86 പന്തിൽ ഏഴു ബൗണ്ടറിയും നാലു സിക്സും സഹിതം 92 റൺസെടുത്ത് പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ 225 റൺസിൽ ഒതുക്കി ഇന്ത്യ വിജയം പിടിച്ചു.

7. ഇന്ത്യ–ഇംഗ്ലണ്ട് രണ്ടാം ഏകദിനം, കട്ടക്ക്, ജനുവരി 19, 2017: ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് 25 റൺസിനിടെ കോഹ്‍ലി, ധവാൻ എന്നിവരുടേത് ഉൾപ്പെടെ മൂന്നു വിക്കറ്റ് നഷ്ടം. എന്നാൽ നാലാം വിക്കറ്റിൽ യുവരാജ് സിങ്ങിനൊപ്പം ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ധോണി ഇന്ത്യയെ 50 ഓവറിൽ 381 റൺസ് എന്ന കൂറ്റൻ സ്കോറിലെത്തിച്ചു. ധോണി 122 പന്തിൽ 10 ബൗണ്ടറിയും ആറു സിക്സും സഹിതം 134 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിനെ 366 റൺസിൽ ഒതുക്കി ഇന്ത്യ വിജയം പിടിച്ചു.

8. ഇന്ത്യ–ശ്രീലങ്ക രണ്ടാം ഏകദിനം, കാൻഡി, ഓഗസ്റ്റ് 24, 2017: ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 236 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ ഏഴിന് 131 റൺസ് എന്ന നിലയിൽ തകർന്നു. എന്നാൽ, പിരിയാത്ത എട്ടാം വിക്കറ്റിൽ ഭുവനേശ്വർ കുമാറിനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് തീർത്ത് ധോണി ഇന്ത്യയെ വിജയത്തിലെത്തിച്ചു. 68 പന്തുകൾ നേരിട്ട ധോണി ഒരു ബൗണ്ടറി സഹിതം 45 റൺസുമായി പുറത്താകാതെ നിന്നു.

9. ഇന്ത്യ–ശ്രീലങ്ക ഒന്നാം ഏകദിനം, ധരംശാല, ഡിസംബർ 10, 2017: ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 29 റൺസെടുക്കുമ്പോഴേയ്ക്കും ഏഴു വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ചയിൽ. ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോർ എന്ന നാണക്കേട് പടിവാതിൽക്കൽ നിൽക്കെ ധോണി രക്ഷകനായി. കുൽദീപ് യാദവിന്റെ ചെറിയ പിന്തുണകൂടി ചേർന്നതോടെ ധോണി ഇന്ത്യയെ 100 കടത്തി മാനം കാത്തു. 87 പന്തിൽ 10 ബൗണ്ടറിയും രണ്ടു സിക്സും സഹിതം 65 റൺസെടുത്ത് ധോണി പത്താമനായി പുറത്തായി. മൽസരം ശ്രീലങ്ക ജയിച്ചു.

MORE IN SPORTS
SHOW MORE