താരങ്ങളുടെ ഭാര്യമാർ ഫെയ്സ്ബുക്കിൽ ഏറ്റുമുട്ടി; നാണം കെട്ട് ശ്രീലങ്കൻ ക്രിക്കറ്റ്

thisara-perera-lasith-malinga
SHARE

തുടർതോൽവികളിൽ നിന്ന് കരകയറാൻ കച്ചിത്തുരുമ്പ് തേടുന്നതിനിടയിൽ ശ്രീലങ്കൻ ക്രിക്കറ്റിനെ ഉലച്ച് താരങ്ങളുടെ ഭാര്യമാരുടെ ഫെയ്സ്ബുക്ക് പോരാട്ടം. താരങ്ങളുടെ ഭാര്യമാർ തമ്മിൽ സമൂഹമാധ്യമത്തിലെ പോർവിളി അതിരു വിട്ടതോടെ  പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിസാര പെരേര ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനു കത്തയച്ചു. ഈ പ്രശ്നങ്ങൾ മൂലം ‘രാജ്യത്തിനു മുന്നിൽ തങ്ങൾ വെറും പരിഹാസ പാത്രങ്ങളായി മാറി’യെന്നു ചൂണ്ടിക്കാട്ടിയാണ് തിസാര പെരേരയുടെ കത്ത്.

ശ്രീലങ്കൻ ഏകദിന ടീമിന്റെ നായകനായ ലസിത് മലിംഗയും മുൻ ക്യാപ്റ്റനായ തിസാര പെരേരയും തമ്മിലുള്ള ഈഗോ പ്രശ്നങ്ങളിലാണ് തുടക്കം. ഭാര്യമാർ ഇത് ഏറ്റെടുത്തതോടെയാണ് രംഗം വഷളായത്. തിസാര പെരേര ശ്രീലങ്കൻ ക്രിക്കറ്റിലേക്ക് രാഷ്ട്രീയം വലിച്ചുകയറ്റാൻ ശ്രമിക്കുന്നുവെന്ന ആക്ഷേപവുമായി മലിംഗയുടെ ഭാര്യ ടാനിയ മലിംഗ ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തിയത് ഈ മാസം ആദ്യമാണ്. ടീമിലെ സ്ഥാനം നിലനിർത്താനും ക്യാപ്റ്റൻ സ്ഥാനം തിരിച്ചുപിടിക്കാനും ലങ്കൻ ടീമിലെ ഒരു താരം ശ്രീലങ്കൻ കായികമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ആക്ഷേപം. 

പേരെടുത്ത പറയാതെയുളള ടാനിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പാണ്ടയുടെ ചിത്രം ചേർത്തിരുന്നു.  ‘പാവം പാണ്ട’ എന്ന ശീർഷകത്തിലായിരുന്നു ചിത്രം. തിസാര പെരേര ഓസ്ട്രേലിയയിൽ അറിയപ്പെടുന്നത് പാണ്ട എന്നാണെന്നും പോസ്റ്റിലെ ആക്ഷേപം അദ്ദേഹത്തെക്കുറിച്ചാണെന്നും ശ്രീലങ്കൻ മാധ്യമങ്ങൾ കണ്ടെത്തിയതോടെ കളി കൈവിട്ടു. ഓസ്ട്രേലിയൻ ബിഗ്ബാഷ് ലീഗിൽ ബ്രിസ്ബേൻ ഹീറ്റിന്റെ താരമായിരുന്ന പെരേരയ്ക്ക്, മുൻ ഓസീസ് ക്യാപ്റ്റൻ ജോർജ് ബെയ്‌ലി നൽകിയ പേരാണ് പാണ്ടയെന്നതും സൂചനകൾ തിസാരയിലേയ്ക്കാണെന്നുളളത് ഉറപ്പിക്കാൻ നിമിത്തമായി.

ഇതോടെയാണ് പെരേരയുടെ ഭാര്യ ഷെരാമി പെരേര മറുപടിയുമായി രംഗത്തെത്തിയതും. ടാനിയ മലിംഗയുടെ ആരോപണങ്ങൾ തള്ളിയ ഷെരാമി, ‘സിംഹത്തിന്റെ വസ്ത്രമണിഞ്ഞെന്നു കരുതി ചെന്നായ സിംഹമാകില്ലെ’ന്ന് ഫെയ്സ്ബുക്കിൽ പരിഹസിച്ചു. എന്താലായും നാണക്കേടുമൂലം സഹികെട്ടതോടെയാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ ഇടപെടൽ തേടി പെരേര കത്തയച്ചിരിക്കുന്നത്.

MORE IN SPORTS
SHOW MORE