ബ്ലാസ്റ്റേഴ്സിനെ വിശ്വസിക്കൂ; നിങ്ങളുടെ സങ്കടം മായ്ച്ചുതരും: കോച്ച് പറയുന്നു

vingade
SHARE

ഫുട്ബോൾ ലോകത്ത് പ്രഫസർ എന്നാണ് നെലോ വിൻഗാദയുടെ വിളിപ്പേര്. പ്രഫസറുടെ പുതിയ പാഠങ്ങളിലാണ് ഇനി ബ്ലാസ്റ്റേഴ്സിൻറെയും ആരാധകരുടെയും  പ്രതീക്ഷ. കാരണം ഇതുവരെ പഠിച്ചതൊന്നും പോര ബ്ലാസ്റ്റേഴ്സിനു ഐഎസ്എൽ അഞ്ചാം സീസണിൽ നിന്നു പോകാൻ. പ്ലേ ഓഫ് പ്രതീക്ഷകൾ പണ്ടേ കൈവിട്ടു. ഇനി നോട്ടം സൂപ്പർ കപ്പിലേക്ക് നേരിട്ട് പ്രവേശനമാണ്. അതിനാണ് വിൻഗാദയെ വിളിച്ചിരിക്കുന്നതും. പക്ഷേ ആ ലക്ഷ്യം അത്ര എളുപ്പമല്ലെന്ന് വിൻഗാദ പറഞ്ഞു കഴിഞ്ഞു. പക്ഷേ അസാധ്യവുമല്ല. എട്ടാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്സും ആറാം സ്ഥാനക്കാരായ കൊൽക്കൊത്തയും തമ്മിൽ ഏഴു പോയിൻറിൻറെ വ്യത്യാസമാണുള്ളത്. അതായത് ബ്ലാസ്റ്റേഴ്സ് ജയിച്ചാൽ മാത്രം പോര മറ്റുള്ളവർ തോൽക്കുകയും വേണം. കൊച്ചിയിൽ വിൻഗാദ മനോരമ ന്യൂസിനോട് ബ്ലാസ്റ്റേഴ്സിൻറെ സാധ്യതകളെ കുറിച്ച് സംസാരിച്ചപ്പോൾ:

? ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് കഠിനമായ സമയമാണല്ലോ ഇത്. പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചു കഴിഞ്ഞു. ഈ പ്രകടനം കൊണ്ട് സൂപ്പർലീഗിലേക്ക് കയറാനാകുമോ.... എങ്ങനെ കാണുന്നു പുതിയ വെല്ലുവിളിയെ?

∙ഫുട്ബോൾ എപ്പോഴും കഠിനമാണ്. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് വളരെ കഠിനമായ കാലഘട്ടമാണിത്. ഈ സീസണിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല. എനിക്ക് തോന്നുന്നു നിർഭാഗ്യവും വലിയ ഒരു ഘടകമാണ്. മൂന്നു മൽസരങ്ങൾ നമ്മൾ കൈവിട്ടത് അവസാന നിമിഷം വഴങ്ങിയ ഗോളുകളിലാണ്. ആ മൽസരങ്ങളിൽ മൂന്നു പോയിൻറുകൾ ലഭിച്ചിരുന്നുവെങ്കിൽ ചിത്രം മാറിയേനെ. മികച്ച ടീമാണിത്. മികവിനൊത്ത പ്രകടനം വരുന്നില്ല. ഈ ടീമിന് ഇതിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകും. കഴിഞ്ഞതിനെ കുറിച്ച് ആലോചിച്ച് വിഷമിച്ചിട്ട് കാര്യമില്ല. യാഥാർഥ്യബോധത്തോടെ കാര്യങ്ങളെ കാണണം. ഇനി എല്ലാ മൽസരങ്ങളും ജയിച്ചാലും പരമാവധി 27 പോയിൻറാണ് നമുക്ക് കിട്ടുക. പ്ലേ ഓഫിൽ പ്രവേശിക്കാൻ അതു പോര. സൂപ്പർ കപ്പിൽ പ്രവേശിക്കാൻ പോലും ഏറെ ബുദ്ധിമുട്ടണം. ആറാം സ്ഥാനത്തുള്ള എടികെയും എട്ടാമതുള്ള ബ്ലാസ്റ്റേഴ്സും തമ്മിൽ ഏഴു പോയിൻറ് വ്യത്യാസമുണ്ട്. അവരെ മറികടന്ന് സൂപ്പർ കപ്പിന് യോഗ്യത നേടുക എളുപ്പമല്ല, പക്ഷേ അസാധ്യവുമല്ല. നല്ല ഒരു മൽസരം മതി ടീമിൻറെ ആത്മവിശ്വാസം വർധിക്കാൻ. 

? കഴിഞ്ഞ ദിവസം പരിശീലന മൽസരത്തിൽ നന്നായി കളിച്ചിരുന്നല്ലോ ടീം. അതൊരു ശുഭസൂചനയല്ലേ...? താരങ്ങളെല്ലാം മികച്ച ഫോമിലാണോ?

∙ കഴിഞ്ഞ ദിവസം ടീമിൻറെ പ്രകടനം ഞാൻ മാറി നിന്ന് കാണുകായിരുന്നു. ഒരാഴ്ചയായി ഈ ടീമിനെ കുറിച്ച് പല തരത്തിൽ മനസിലാക്കാൻ ശ്രമിക്കുകയാണ്. പ്രതിഭയുള്ള ഒട്ടേറെ കളിക്കാരുണ്ട്. പക്ഷേ അവരുടെ എല്ലാം സേവനം അടുത്ത കളികളിൽ ലഭിക്കില്ല. അനസിന് പരുക്കാണ്. റാകിപിനും കളിക്കാനാകില്ല. സക്കീറിന് സസ്പെൻഷനാണ്. ഗോളിയും പൂർണമായി ഫിറ്റല്ല. പുതിയ ഗോളി ടീമിനൊപ്പം ചേർന്നു. ഇത്തരത്തിൽ ഒരുപാട് വെല്ലുവിളികളുണ്ട്. ലഭ്യമായ താരങ്ങളിൽ നിന്ന് മികച്ച ഒരു കോംബോ കണ്ടെത്താനാണ് ശ്രമിക്കുന്നത്. ചില മേഖലകളിൽ നമ്മൾ വളരെ ശക്തരാണ്. പക്ഷേ മറ്റു ചില മേഖലകളിൽ ഒരുപാട് ദൌർബല്യങ്ങളുണ്ട്. അത് മറികടക്കണം.

blasters-jingan

? ഏതാനും താരങ്ങൾ ടീം വിട്ടുപോയല്ലോ... ജനുവരിയിൽ ട്രാൻസ്ഫർ വിൻഡോയിൽ പുതിയ താരങ്ങളെത്തുമോ?

∙ പുതിയ വിദേശ താരങ്ങളെ തൽക്കാലം കൊണ്ടുവരുന്നില്ല. ഇപ്പോഴുള്ള താരങ്ങളുമായി ഈ സീസൺ കഴിയും വരെ കരാറുണ്ട്. ആ കരാറിനെ ഞാൻ മാനിക്കുന്നു. ഇന്ത്യൻ താരങ്ങളിൽ വിനീതും ഹോളിചരണും ടീം വിട്ടുപോയി. ഹോളിചരൺ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ ഞാൻ പരിശീലിപ്പിച്ചിട്ടുണ്ട്. മികച്ച താരമാണ്. പഴയ മൂർച്ചയില്ലെങ്കിലും സി.കെ.വിനീതും മികവുറ്റ താരം തന്നെയാണ്. ഞാൻ ചുമതലയേൽക്കും മുന്പേ മാനേജ്മെൻറ് ഇവരെ ലോൺ അടിസ്ഥാനത്തിൽ നൽകാൻ തീരുമാനിച്ചിരുന്നു. വിനീതും ഹോളിചരണും പോയത് തിരിച്ചടിയാകും. പുതിയ ഗോൾകീപ്പർ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. പക്ഷേ സക്കീർ സസ്പെൻഷനിലായതിനാൽ പകരം താരത്തെ ടീമിലെടുക്കാനാകില്ല. 

mumbai-fc-kerala-blasters-1

? ബ്ലാസ്റ്റേഴ്സിൻറെ ഏറ്റവും വലിയ കരുത്ത് ആരാധകരാണ്. പക്ഷേ ടീമിൻറെ പ്രകടനത്തിൽ അവരും ദുഖിതരാണ്. കഴിഞ്ഞ ഏതാനും മൽസരങ്ങളായി കാണികളുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ടല്ലോ

∙ പോർച്ചുഗലിലും കൊറിയയിലുമൊക്കെ നിറഞ്ഞ സ്റ്റേഡിയത്തിൽ ഞാൻ നിന്നിട്ടുണ്ട്. നോർത്ത് ഈസ്റ്റിനൊപ്പം കൊച്ചിയിൽ എത്തിയപ്പോൾ നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയം എന്നെ വിസ്മയിപ്പിച്ചിരുന്നു. എതിരാളികളെ പോലും ആദരിക്കുന്ന ആരാധകരാണ് കൊച്ചിയിലുള്ളത്. അന്ന് ഞാൻ ബ്ലാസ്റ്റേഴ്സിൻറെ എതിർപക്ഷത്തായിരുന്നു. ഇന്ന് ഞാനും മഞ്ഞക്കുപ്പായത്തിലാണ്. എല്ലാവരും കളി കാണാൻ വന്ന് സ്റ്റേഡിയം നിറയ്ക്കണമെന്ന് ഞാൻ അഭ്യർഥിക്കുകയാണ്. എല്ലാവരും കളി കാണാൻ വരണം. ടീമിനെ വിശ്വസിക്കണം. ഞങ്ങളുടെ നാട്ടിൽ ഒരു ചൊല്ലുണ്ട്. നിങ്ങൾക്ക് ഭാര്യയെ ഉപേക്ഷിക്കാം, രാഷ്ട്രീയം ഉപേക്ഷിക്കാം.. മതം ഉപേക്ഷിക്കാം. പക്ഷേ നിങ്ങളുടെ പ്രിയ ക്ലബ്ബിനെ കൈവിടാനാകില്ല. ഇത് നിങ്ങളുടെ ക്ലബ്ബാണ്. ആരാധകരില്ലാതെ ഈ ടീമിന് നിലനിൽപില്ല. എല്ലാവരും കളി കാണാൻ വരണം.

manjappada-kerala-blasters-06

? ഈ മെയ്മാസം വരെയാണ് ബ്ലാസ്റ്റേഴ്സുമായി താങ്കളുടെ കരാർ. ഒരു കോച്ചിനെ സംബന്ധിച്ച് അത് വളരെ ചെറിയ കാലയളവല്ലേ?

∙ ചെറിയ കാലയളവാണെങ്കിലും ഒരു നല്ല കാലയളവാണിത്. ഈ കാലം കൊണ്ട് എനിക്കും ക്ലബ്ബിനും പരസ്പരം മനസിലാക്കാൻ സാധിക്കും. രണ്ടു കൂട്ടർക്കും ഒരുമിച്ച് പോകാം അത് ടീമിന് ഗുണം ചെയ്യുമെങ്കിൽ അടുത്ത സീസണിൽ തുടരുന്നത് ആലോചിക്കാം. ഇപ്പോൾ എൻറെ മനസിൽ അടുത്ത മൽസരം മാത്രമേ ഉള്ളൂ. പിന്നെ ഫുട്ബോളിൽ പരിശീലകരെ സംബന്ധിച്ച് കരാർ കാലാവധി ഒരു കാര്യമല്ല. പ്രകടനം നന്നായില്ലെങ്കിൽ എത്രവലിയ പരിശീലകനായാലും പുറത്താക്കപ്പെടും. 2022 വരെ കാലാവധി ഉണ്ടായിരുന്ന മൌറിഞ്ഞോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കിയില്ല. അതുകൊണ്ട് മൂന്നു മാസം അല്ലെങ്കിൽ മൂന്നു വർഷം എന്നത് വലിയ കാര്യമല്ല. ഇവിടെ കളി ആസ്വദിക്കാൻ എനിക്ക് കഴിയുകയും ടീമിന് എന്നെ ആവശ്യമാണെന്ന് തോന്നുകയും ചെയ്താൽ വേണമെങ്കിൽ തുടരാം. അത് പിന്നീട് തീരുമാനിക്കാം.

? 2016ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൻറെ പരിശീലകനായിരുന്നല്ലോ. രണ്ടു വർഷം കഴിഞ്ഞ് തിരികെ വരുന്പോൾ എന്ത് മാറ്റമാണ് അനുഭവപ്പെടുന്നത്..?

ഞാൻ നോർത്ത് ഈസ്റ്റിൽ നിന്ന് പോയ ശേഷം ഐഎസ്എൽ കാര്യമായി ശ്രദ്ധിച്ചിട്ടില്ല. പക്ഷേ 2016 വളരെ മികച്ച സീസണായിരുന്നു. മികച്ച നിലവാരമുണ്ടായിരുന്നു. അവസാന നാലിലെത്താൻ വളരെ ശക്തമായ മൽസരം ആ സീസണിൽ ടീമുകൾ തമ്മിലുണ്ടായിരുന്നു. അതു കഴിഞ്ഞ് പുതിയ ടീമുകളെത്തി. ബാംഗ്ലൂരും ജംഷഡ്പൂരും ലീഗിൻറെ ഭാഗമായി. പക്ഷേ മൽസരത്തിൻറെ നിലവാരം അൽപം കുറഞ്ഞോ എന്നാണ് എനിക്ക് തോന്നുന്നത്.

isl-blasters-2

? 38 വർഷത്തെ പരിശീലന പാരന്പര്യമുണ്ട് താങ്കൾക്ക്. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൻറെ നിലവാരത്തിൽ എന്ത് മാറ്റം കൊണ്ടു വന്നിട്ടുണ്ടെന്നാണ് തോന്നുന്നത്..?

∙ തീർച്ചയായും ഇന്ത്യൻ ഫുട്ബോളിന് നല്ല രീതിയിൽ ഗുണം ചെയ്തിട്ടുണ്ട്. എ.എഫ്.സി കപ്പിൽ ഇന്ത്യയുടെ പ്രകടനം തന്നെ ഉദാഹരണം. നിർഭാഗ്യം കൊണ്ടാണ് ഇന്ത്യ പുറത്ത് പോയത്. ഇന്ത്യയിൽ മികവുള്ള ഒട്ടേറെ യുവതാരങ്ങളുണ്ട്. തീർച്ചയായും ഇന്ത്യൻ ഫുട്ബോളിൻറെ ഭാവി ശോഭനമാണ്.

ഇന്ന് ലോക ഫുട്ബോളിലെ ഏറ്റവും പരിചയ സന്പന്നനനായ പരിശീലകനാണ് വിൻഗാദ. പ്രഫസർ വിൻഗാദയുടെ തന്ത്രങ്ങൾ ബ്ലാസ്റ്റേഴ്സിൻറെ ശനിദശ മാറ്റുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.