ധോണി റിട്ടേൺസ്; വിമർശകരുടെ വാമൂടി; പൊരുതിവീശി; വാഴ്ത്തി ബിസിസിഐയും

dhoni-returns
SHARE

ഓസ്ട്രേലിയൻ മണ്ണിലെ ദ്വിരാഷ്ട്ര ഏകദിന പരമ്പര വിജയം ഒരർത്ഥത്തില്‍ മഹേന്ദ്രസിങ്ങ് ധോണിയുടെ മറുപടി കൂടിയാണ്. കളമൊഴിയാൻ സമയമായെന്നു പഴിച്ചവർക്കുള്ള മധുര മറുപടി. ഈ വർഷത്തെ ഏകദിന ലോകകപ്പും കളിക്കാൻ താനുണ്ടാകുമെന്നായിരിക്കണം ഓരോ തവണ ആ ബാറ്റ് വീശിയപ്പോഴും ഈ മനുഷ്യന്‍ പ്രഖ്യാപിച്ചു കൊണ്ടിരുന്നത്. 

ഫോമില്ലായ്മ ടീമിലെ സ്ഥാനം ചോദ്യം ചെയ്ത സാഹചര്യത്തിലാണ് ധോണിയുടെ തിരിച്ചുവരവ്. 51, 55*, 87* എന്നിങ്ങനെയാണ് ആസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ധോണിയുടെ സ്‌കോറുകള്‍.  അങ്ങനെയൊന്നും ധോണിയെ എഴുതിത്തള്ളാനാകില്ലെന്ന് ബിസിസിഐയുെട ട്വീറ്റ് തെളിയിക്കും. ''ഇന്ത്യൻ ക്രിക്കറ്റ് ടീമിനോട് ധോണിയേക്കാള്‍ പ്രതിബദ്ധതയുള്ള മറ്റൊരാളില്ല'', എന്നായിരുന്നു ട്വീറ്റ്. 

ദ ക്രിക്കറ്റ് പ്രൊഫസര്‍ ജനുവരി 15ന് ട്വീറ്റ് ചെയ്ത കണക്കു പ്രകാരം 2015 ലോകകപ്പിന് ശേഷം നടന്ന ഏകദിന മത്സരങ്ങളില്‍ ധോണി 20 പന്തുകളിലേറെ കളിച്ചിട്ടുള്ള 50 ശതമാനം മത്സരങ്ങളില്‍ മാത്രമേ ഇന്ത്യ ജയിച്ചിരുന്നുള്ളൂ.  20 പന്തില്‍ കുറവാണ് ധോണി കളിച്ചിട്ടുള്ളതെങ്കില്‍ ഇന്ത്യയുടെ വിജയശതമാനം 73 ശതമാനവും. ധോണി കുറവ് പന്ത് കളിച്ചാല്‍ ഇന്ത്യ ജയിക്കുമെന്ന സാഹചര്യം. ഏതൊരു കളിക്കാരനും പ്രതിസന്ധിയിലാകുന്ന അവസ്ഥകളെ മറികടന്നാണ് അദ്ദേഹത്തിൻറെ ഉയിര്‍ത്തെഴുന്നേൽപ്. കഴിഞ്ഞ വർഷം 20 ഏകദിനങ്ങളില്‍ നിന്നും 275 റണ്‍ മാത്രം നേടിയ ധോണി ഇക്കൊല്ലം മൂന്ന് ഏകദിനങ്ങളില്‍ നിന്നും 193 റണ്‍സാണ് വാരിക്കൂട്ടിയത്. അതും 193 റണ്‍സ് ശരാശരിയില്‍. 

ഓസ്ട്രേലിയ ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അവസാന ഓവറിലാണ് മറികടന്നത്. ധോണി– േകദാര്‍ ജാദവ് നാലാം വിക്കറ്റിലെ സെഞ്ചുറി  കൂട്ടുകെട്ടാണ് ഇന്ത്യക്ക് ഇന്ന് വിജയം സമ്മാനിച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തിലെ തോൽവിക്ക് കാരണം ധോണിയുടെ മെല്ലപ്പോക്കാണ് എന്നും വിമർശനം ഉയർന്നിരുന്നു. 

എന്നാൽ ഇന്ന് 114 പന്തുകൾ നേരിട്ട ധോണി ആറു ബൗണ്ടറികൾ സഹിതം 87 റൺസുമായി പുറത്താകാതെ നിന്നു. രണ്ടാം വിക്കറ്റിൽ 44 റണ്‍സ് നേടി ധവാൻ-കോഹ‌്‌ലി സഖ്യം പിരിഞ്ഞപ്പോൾ എത്തിയ ധോണി നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്താകേണ്ടതായിരുന്നു. എന്നാൽ സ്റ്റോയിനസിന്‍റെ പന്തിൽ ധോണിയെ കൈവിട്ട മാക്സ്‌വെല്ലിന്‍റെ പിഴവ് ഇന്ത്യയ്ക്ക് അനുഗ്രഹമായി.

ഇടയ്ക്ക് കോഹ്‌ലിയും വീണെങ്കിലും പതറാതെ പൊരുതിയ ധോണി-ജാദവ് സഖ്യം ഇന്ത്യയെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ധോണി-ജാദവ് സഖ്യം 121 റണ്‍സ് കൂട്ടിച്ചേർത്തു. പരമ്പരയിൽ മൂന്ന് മത്സരങ്ങളിലും അർധ സെഞ്ചുറി നേടി തകർപ്പൻ പ്രകടനം പുറത്തെടുത്ത ധോണി തന്നെയാണ് മാൻ ഓഫ് ദ സീരിസ് പുരസ്കാരം നേടിയത്. ആറ് വിക്കറ്റ് വീഴ്ത്തി ഓസീസിനെ പിടിച്ചുകെട്ടിയ യുസ്‌വേന്ദ്ര ചഹലാണ് കളിയിലെ താരം. 

ഇന്ന് കളിയില്‍ സംഭവിച്ചത്:

ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കി ഓസ്ട്രേലിയയില്‍ നിന്ന് ആദ്യമായി ടീം ഇന്ത്യ തലയുയര്‍ത്തി മടങ്ങുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയുടെ ഓപ്പണര്‍മാര്‍ തുടക്കത്തിലെ മടങ്ങി. ഖവാജ– ഷോണ്‍ മാര്‍ഷ് കൂട്ടുകെട്ട് തകര്‍ത്ത് തുടങ്ങിയ ചഹല്‍ അവസാനിപ്പിച്ചത് ആറുവിക്ക്റ്റ് നേടി. 

58 റണ്‍സെടുത്ത പീറ്റര്‍ ഹാന്‍സ്കോംപാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. മറുപടി ബാറ്റിങ്ങില്‍ പതിവിന് വിപരീതമായി രോഹിത്തിന്റെ വിക്കറ്റ് ആദ്യമേ നഷ്ടമായി .വൈകാതെ ധവാനെ സ്റ്റോയിണിസ് മടക്കി.  അക്കൗണ്ട് തുറക്കും മുമ്പ് ധോണിയെ കൈവിട്ട മാക്്സ്്വെല്ലിന് സ്വയം പഴിക്കാം .

46 റണ്‍സുമായി കോഹ്‍ലി മടങ്ങിയെങ്കിലും ധോണിക്കൊപ്പം അര്‍ധസെഞ്ചുറി നേടി കേദാര്‍ ജാദവ് അവസരത്തിനൊത്തുയര്‍ന്നു .അവസാന ഓവറിലെ ആദ്യ പന്ത് ചരിത്രം കുറിച്ച് മെല്‍ബണിലെ ബൗണ്ടറി കടന്നു. കേദാര്‍ ജാദവ് 61 റണ്‍സും ധോണി 87 റണ്‍സുമെടുത്തു.

MORE IN SPORTS
SHOW MORE