ധോണിക്കു നിൽക്കാൻ പോലും വയ്യെന്ന് ഓസീസ് മാധ്യമം; ചുട്ടമറുപടിയുമായി ആരാധകർ

ms-dhoni-telegraph
SHARE

ധോണി ഫിനിക്സ് പക്ഷിയാണ് 37–ാം വയസിലും കണ്ണുംപൂട്ടി ആശ്രയിക്കാവുന്ന താരം. ഇതിഹാസങ്ങൾക്ക് പ്രായം വെറും നമ്പർ മാത്രമാണെന്ന് ധോണി ആരാധകർ രണ്ടാമത് ആലോചിക്കാതെ തന്നെ പറയുകയും െചയ്യും. ക്രിക്കറ്റ് സ്റ്റേഡിയത്തെ പൂരപറമ്പാക്കുന്ന പഴയ ധോണിയെ തിരിച്ചു കിട്ടിയതിന്റെ ആഘോഷത്തിലാണ് കളിപ്രേമികൾ. നായകൻ വിരാട് കോഹ‍ലിയുടെ സെഞ്ചുറി പോലും ധോണിയുടെ അർധ ശതകത്തിൽ മുങ്ങിപ്പോയി. പടുകൂറ്റൻ സികസർ പൊക്കി ധോണി ഇന്ത്യൻ വിജയം ആഘോഷിക്കുകയും ചെയ്തു. 

മത്സരത്തിനിടയിൽ കടുത്ത ചൂട് ധോണിയെ വല്ലാതെ ബാധിച്ചു. ഫിറ്റ്നസിന്റെ അവസാനവാക്കെന്ന് സമൂഹമാധ്യമങ്ങൾ വാഴ്ത്തുന്ന കോഹ്‍ലി പോലും കൊടുംചൂടിനെ അതിജീവിക്കാനാകാതെ വലയുന്നത് കഴിഞ്ഞ ദിവസത്തെ മത്സരം കണ്ടു. കോഹ്‍ലി ഇങ്ങനെയാണെങ്കിൽ 37 കാരനായ ധോണിയുടെ അവസ്ഥ പറയണോ എന്ന ചോദ്യവുമായി സമൂഹമാധ്യമത്തിലെ ഒരു വിഭാഗം രംഗത്തു വരികയും ചെയ്തു. എന്നാൽ എല്ലാവർക്കുമേറ്റ മുഖമടച്ച അടിയായി ധോണിയുടെ അർധ ശതകവും ക്ലാസിക് രീതിയിലുളള ഫിനിഷിംഗും.

എന്നാൽ ലോകം മുഴുവൻ പ്രശംസ ചൊരിയുമ്പോൾ ധോണിയെ പരിഹസിക്കാൻ മുതിർന്ന ഓസീസ് മാധ്യമം ടെലഗ്രാഫ് സ്പോർട്ടിനാണ് പണി കിട്ടിയത്. കളിക്കിടെ നിർജലീകരണം കാരണം തളർന്നിരിക്കുന്ന ധോണിയുടെ ഫോട്ടോ  ടെലഗ്രാഫ് സ്പോർട് ട്വീറ്റ് െചയ്തിരുന്നു.ധോണിക്ക് ഇപ്പോള്‍ നില്‍ക്കാന്‍ പോലും വയ്യെന്നായിരുന്നു ടെലഗ്രാഫ് ശീർ‌ഷകമായി നൽകിയിരുന്നത്. ധോണിയുടെ ക്ലാസിക് ഇന്നിംഗ്സിനു ശേഷം ധോണി ആരാധകർ ടെലഗ്രാഫിന്റെ പേജിലേയ്ക്ക് ഇരമ്പിയാർത്തു. 

ധോണിയെ പോലെ മികച്ച റെക്കോർഡ് ഉളള താരത്തെ അപമാനിക്കുന്നത് മാന്യതയല്ലെന്നും, ധോണി എന്നും ധോണി തന്നെയാണെന്നും റീട്വീറ്റുകൾ മൂളിപാഞ്ഞു. 10000 ല്‍ പരം റണ്‍സ് നേടിയിട്ടുള്ള, ഐസിസിയുടെ എല്ലാ കിരീടവും നേടിയ മഹാനായ താരത്തെ അവഹേളിക്കുന്നത് മാന്യതയല്ലെന്നും ആരാധകർ ഓസീസ് മാധ്യമത്തെ ഓർമ്മിപ്പിച്ചു. 

രണ്ടാം ഏകദിനത്തിൽ ആറുവിക്കറ്റിനാണ് ഇന്ത്യ ജയം അടിച്ചെടുത്തത്. 299 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയെ കോഹ്‍‌ലിയും ധോണിയും ചേർന്നാണ് വിജയതീരത്തെത്തിച്ചത്. ഏകദിനത്തിലെ 39–ാമത്തെയും റൺ ചേസിങ്ങിലെ 24–ാമത്തെയും സെഞ്ചുറി കുറിച്ചു ക്യാപ്റ്റൻ വിരാട് കോഹ്‍ലി. 112 പന്തുകൾ നേരിട്ട കോഹ്‍ലി അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 104 റൺസുമായി വിജയത്തിന് കുറച്ചകലെ മടങ്ങി. ബാറ്റെടുത്തവരെല്ലാം ശ്രദ്ധേയ സംഭാവനകൾ ഉറപ്പാക്കിയാണ് കളം വിട്ടതെന്നതും ശ്രദ്ധേയം. ശിഖർ ധവാൻ (28 പന്തിൽ 32), രോഹിത് ശർമ (52 പന്തിൽ 43), അമ്പാട്ടി റായുഡു (36 പന്തിൽ 24) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

MORE IN SPORTS
SHOW MORE