നമ്മൾ കണ്ടത് എംഎസ് ക്ലാസിക്; 'അഗാക്കറെ തളളി' ധോണിയെ വാഴ്ത്തി കോഹ്‌ലി

ms-dhoni-kohli
SHARE

ഒന്നാം ഏകദിനത്തിലെ ധോണിയുടെ മെല്ലെപ്പോക്കിനെ വിമർശിച്ച് രംഗത്തെത്തിയവർ നിരവധിയാണ്. രോഹിത് ഒറ്റയ്ക്ക് 288 റണ്‍സെടുക്കാന്‍ കഴിവുള്ള താരമാണ്. അദ്ദേഹത്തിന് ആവശ്യമായ പിന്തുണ നല്‍കാന്‍ ധോണിക്ക് സാധിച്ചില്ലെന്നായിരുന്നു മുൻ ഇന്ത്യൻ താരം അഗാക്കറുടെ കുറ്റപ്പെടുത്തൽ. 

അർധ സെഞ്ചുറി നേടാൻ ധോണി നൂറിനടത്ത് പന്തുകൾ എടുത്തു. ഏകദിനത്തിൽ നൂറു പന്തുകൾ എന്നൊക്കെ പറഞ്ഞാൽ ചില്ലറ സംഖ്യയല്ല. ധോണിയുടെ അർധ സെഞ്ചുറി മത്സരം ഫിനിഷ് ചെയ്യാൻ രോഹിത്തിനെ സഹായിച്ചില്ലെന്നും അഗാക്കർ വിമർശിച്ചിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം ഏകദിനത്തിലെ വിജയം ധോണി ആരാധകർ ആഘോഷമാക്കുകയും ചെയ്തു. ധോണിയുടെ ഇന്നിംഗ്സ് അഗാക്കർക്കുളള മറുപടിയാണെന്നും ഇവർ പറഞ്ഞിരുന്നു.        

എന്നാൽ ധോണിയെ പുകഴ്ത്തി നായകൻ വിരാട് കോഹ്‌‍ലി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ധോണിയുടെ ടീമിലെ സാന്നിധ്യം ചോദ്യം ചെയ്തവർക്കുളള മറുപടിയുമാണ് സമ്മാന പുരസ്കാര സമർപ്പണ ചടങ്ങിൽ കോഹ്‌ലി എത്തിയത്. ധോണി ഈ ടീമിന്റെ ഭാഗമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും ചൊവ്വാഴ്ച കണ്ടത് എംഎസ് ക്ലാസിക് ആയിരുന്നുവെന്നും കോഹ്‌ലി പറഞ്ഞു. നന്നായി മത്സരം കണക്കുകൂട്ടാൻ കഴിയുന്ന താരമാണ് ധോണിയെന്നും സമ്മർദ്ദ ഘട്ടങ്ങളിൽ ധോണിയുടെ മനസിലൂടെ കടന്നു പോകുന്നത് എന്താണെന്ന് ധോണിക്കു മാത്രമേ അറിയു. അവസാന നിമിഷം തനതു ശൈലിയിൽ മത്സരം ഫിനിഷ് ചെയ്യുകയും ചെയ്യും– കോഹ്‌ലി പറഞ്ഞു. 

അവസാന പത്ത് ഓവറിൽ 83 റൺസായിരുന്നു ഇന്ത്യയുടെ ജയത്തിലേക്കുള്ള ദൂരം. 44-ാം ഓവറിന്റെ നാലാം പന്തിൽ കോഹ്‍ലി പുറത്താവുമ്പോൾ  ഇന്ത്യയ്ക്ക് വേണ്ടത് 38 പന്തിൽ 57 റൺസായിരുന്നു.രണ്ടാം ഏകദിനത്തിൽ ആറുവിക്കറ്റിനാണ് ഇന്ത്യ ജയം അടിച്ചെടുത്തത്. 299 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയെ കോഹ്‍‌ലിയും ധോണിയും ചേർന്നാണ് വിജയതീരത്തെത്തിച്ചത്. ഏകദിനത്തിലെ 39–ാമത്തെയും റൺ ചേസിങ്ങിലെ 24–ാമത്തെയും സെഞ്ചുറി കുറിച്ചു ക്യാപ്റ്റൻ വിരാട് കോഹ്‍ലി. 112 പന്തുകൾ നേരിട്ട കോഹ്‍ലി അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 104 റൺസുമായി വിജയത്തിന് കുറച്ചകലെ മടങ്ങി. ബാറ്റെടുത്തവരെല്ലാം ശ്രദ്ധേയ സംഭാവനകൾ ഉറപ്പാക്കിയാണ് കളം വിട്ടതെന്നതും ശ്രദ്ധേയം. ശിഖർ ധവാൻ (28 പന്തിൽ 32), രോഹിത് ശർമ (52 പന്തിൽ 43), അമ്പാട്ടി റായുഡു (36 പന്തിൽ 24) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

MORE IN SPORTS
SHOW MORE