'അവൻ വീടിന് പുറത്തിറങ്ങുന്നില്ല; സംസാരിക്കുന്നില്ല'; വേദനയോടെ ഹാർദികിന്റെ പിതാവ്

hardik-pandya-father-16
SHARE

കോഫി വിത് കരൺ പരിപാടിയിലെ സ്ത്രീവിരുദ്ധപരാമർശത്തെത്തുടർന്ന് സസ്പെൻഷൻ നേരിടുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയും ലോകേഷ് രാഹുലും. പരാമർശം വിവാദമായതോടെ സോഷ്യൽ മീഡിയയിലുൾപ്പെടെ താരങ്ങൾക്കെതിരെ രോഷം ശക്തമായിരുന്നു. 

ഹാർദികിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് സംസാരിക്കുകയാണ് പിതാവ് ഹിമാൻഷു. ഓസ്ട്രേലിയയിൽ നിന്ന് മടങ്ങിയെത്തിന് ശേഷം ഹാർദിക് വീടിന് പുറത്തേക്കിറങ്ങിയിട്ടില്ലെന്ന് ഹിമാൻഷു പറയുന്നു. 'ടെസ്റ്റ് പരമ്പരക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിന് ശേഷം വീടിന് പുറത്തേക്കിറങ്ങിയിട്ടില്ല. ഏകദിനപരമ്പരയിലെ രണ്ടാം മത്സരം മാത്രം ടിവിയിൽ കണ്ടു. ഫോണും ഉപയോഗിക്കുന്നില്ല'-ഹിമാൻഷു പറഞ്ഞു. 

'മകര സംക്രാന്തി ആഘോഷങ്ങൾ നടക്കുകയാണിവിടെ. പട്ടംപറത്താനും ആഘോഷത്തിൽ പങ്കെടുക്കാനും ഹാർദികിന് വലിയ ഇഷ്ടമാണ്. എന്നാല്‍ ഇക്കുറി വീട്ടിലുണ്ടായിട്ടും അവൻ ആഘോഷങ്ങളിൽ പങ്കെടുത്തില്ലെന്നും ഹിമാൻഷു പറഞ്ഞു. 

'സസ്പെൻഷൻ ലഭിച്ചതിൽ അതിയായ ദുഖമുണ്ട്. പരിപാടിയിൽ പറഞ്ഞ കാര്യങ്ങളോർത്ത് കുറ്റബോധവുമുണ്ട്. ഇനിയങ്ങനെയൊരു തെറ്റ് ആവർത്തിക്കില്ലെന്ന് അവന് ഉറച്ച ബോധ്യമുണ്ട്. ഇനിയീ വിഷയം വീട്ടിൽ സംസാരിക്കില്ലെന്ന് ഞങ്ങൾ അവന് ഉറപ്പുനൽകിയിട്ടുണ്ട്. ബിസിസിഐയുടെ തീരുമാനം എന്തെന്നറിയാനുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ'-ഹിമാൻഷു പറഞ്ഞു. 

ഇരുവരെയും നിലവിൽ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്. അന്വേഷണം നടക്കുന്നതിനാൽ മാർച്ചിൽ ആരംഭിക്കുന്ന ഐപിഎല്ലും ലോകകപ്പും താരങ്ങൾക്ക് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 

MORE IN SPORTS
SHOW MORE