അമ്പരപ്പിച്ച്, കയ്യടപ്പിച്ച് ജഡേജ; അതിശയിപ്പിക്കും ഈ റൗൺഔട്ട്: വിഡിയോ

jadeja-run-out
SHARE

ഓസീസിനെതിരെ രണ്ടാം ഏകദിനത്തിൽ അതിശയിപ്പിക്കുന്ന പ്രകടനവുമായി രവീന്ദ്ര ജഡേജ. ഉസ്മാൻ ഖ്വാജയെ അവിശ്വസനീയമായ രീതിയിൽ പുറത്താക്കിയ ജഡേജയുടെ ത്രോയാണ് ചർച്ചയായത്.  കുല്‍ദീപ് യാദവെറിഞ്ഞ മത്സരത്തിന്റെ 19ാം ഓവറിലാണ് സംഭവം. ഖ്വാജ പന്ത് കവര്‍- പോയിന്റിലേക്ക് തട്ടിയിട്ട് സിംഗിളിന് ശ്രമിച്ചു. എന്നാല്‍ ഓടിയടുത്ത ജഡേജ ഒരു കൈ കൊണ്ട് പന്തെടുത്ത് ബുള്ളറ്റ് വേഗത്തില്‍ പന്ത് നോണ്‍ സ്ട്രൈക്കിലേക്കെറിഞ്ഞു. 23 പന്തിൽ 21 റൺസ് നേടിയ ഖ്വാജ പെട്ടെന്ന് പുറത്തായത് ഓസീസിന് ക്ഷീണമാകുകയും ചെയ്തു. 

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറുവിക്കറ്റ് വിജയം. മൂന്നുമല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (1–1). മെല്ലെപ്പോക്കിനു പഴി പറഞ്ഞവരുടെ വായടപ്പിച്ച് ദീർഘനാളത്തെ ഇടവേളയ്ക്കുശേഷം ‘ഫിനിഷർ’ റോളിൽ മഹേന്ദ്രസിങ് ധോണിയുടെ മടങ്ങിവരവ്. ബാറ്റെടുത്തവരെല്ലാം ശ്രദ്ധേയമായ സംഭാവനകളുമായി ആരാധകരുടെ മനം നിറച്ച ആവേശപ്പോരാട്ടത്തിൽ ആറു വിക്കറ്റ് വിജയവുമായി ഇന്ത്യ ആതിഥേയർക്കൊപ്പെമെത്തി. ഏകദിനത്തിലെ 39–ാമത്തെയും റൺ ചേസിങ്ങിലെ 24–ാമത്തെയും സെഞ്ചുറി കുറിച്ച ക്യാപ്റ്റൻ വിരാട് കോഹ്‍ലി തന്നെ ഇന്ത്യൻ വിജയത്തിലെ മുഖ്യശിൽപി. 112 പന്തുകൾ നേരിട്ട കോഹ്‍ലി അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 104 റൺസുമായി വിജയത്തിന് കുറച്ചകലെ മടങ്ങിയെങ്കിലും ധോണിയും കാർത്തിക്കും ചേർന്ന് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. പരമ്പരയിലെ നിർണായക മൽസരം വെള്ളിയാഴ്ച മെൽബണിൽ നടക്കും.

MORE IN SPORTS
SHOW MORE