മോശം സ്ട്രൈക്ക് റേറ്റ്; താളം കണ്ടെത്താതെ ധോണി; പാണ്ഡ്യയും പുറത്ത്; ആശങ്ക

dhoni-strike-rate-14
SHARE

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ നാല്  റൺസെന്ന നിലയിലാണ് മഹേന്ദ്രസിങ് ധോണി രോഹിത് ശർമക്കൊപ്പം ചേരുന്നത്. കൂട്ടുകെട്ടിൽ ഒരുഭാഗത്ത് രോഹിത് ശർമ കത്തിക്കയറിയപ്പോൾ താളം കണ്ടെത്താനാകാതെ ധോണി പ്രയാസപ്പെടുന്ന കാഴ്ചയാണ് സിഡ്നിയിലെ ഓസീസിനെതിരായ ആദ്യ ഏകദിനത്തിൽ കണ്ടത്. 

18ാം പന്തിൽ ആദ്യ റൺ കണ്ടെത്തിയിട്ടും രോഹിത് ഭംഗിയായി ഫിനിഷ് ചെയ്തു. ഓസീസ് മണ്ണിൽ ഏറ്റവുമധികം സെഞ്ചുറി നേടുന്ന ബാറ്റ്സ്മാൻ എന്ന റെക്കോർഡും സ്വന്തമാക്കി. 

ഏകദിനത്തിൽ ഇന്ത്യക്കായി 10,000 റൺസ് തികച്ചെങ്കിലും അര്‍ധസെഞ്ചുറി നേടിയെങ്കിലും ധോണിയുടെ മെല്ലപ്പോക്ക് ഇന്ത്യയെയും രോഹിത് ശർമയെയും സമ്മർദ്ദത്തിലാക്കി. 96 പന്തുകളിൽ നിന്നാണ് ധോണി 51 റൺസ് നേടിയത്. സ്ട്രൈക്ക് റേറ്റ് 53.12. ബൗണ്ടറികളും സിക്സറുകളും ഒഴിവാക്കിയാൽ 35.87 ആയി സ്ട്രൈക്ക് റെറ്റ് ചുരുങ്ങും. സ്ട്രൈക്ക് റേറ്റിൽ കാര്യമായ മാറ്റമുണ്ടായില്ലെന്ന് മാത്രമല്ല, നേരിട്ടവയിൽ അധികവും ഡോട്ട് ബോളുകളായിരുന്നുതാനും. 

2018 ജനുവരി 1 മുതൽ മധ്യനിരയിലെ ധോണിയുടെ സ്ട്രൈക്ക് റേറ്റ് മോശമാണെന്ന് കണക്കുകൾ പറയുന്നു. മധ്യനിരയിലെത്തി അവസാന ഓവറുകളിൽ കത്തിക്കയറി കളി ജയിപ്പിക്കുന്നതിൽ കേമനായിരുന്നു ധോണിയെങ്കിൽ ഇപ്പോൾ അതല്ല അവസ്ഥ. നിര്‍ണായക സമയത്ത് ഫോം മങ്ങുന്നതോടെ അവശേഷിക്കുന്ന ബാറ്റിങ് നിരയും സമ്മർദ്ദത്തിലാകുന്നു. 2018 ജനുവരി 1 മുതലുള്ള ധോണിയുടെ ആവറേജ് സ്ട്രൈക്ക് റേറ്റ് കേവലം 27.16 ആണ്. അമ്പട്ടി റായിഡുവിനും കേദാർ ജാദവിനും അജിങ്ക്യ രഹാനെക്കും ദിനേഷ് കാർത്തിക്കിനും പിന്നിൽ. രവീന്ദ്ര ജഡേജയും ഹാർദിക് പാണ്ഡ്യയും മാത്രമാണ് ധോണിക്ക് പിന്നിലുള്ളത്. 

മധ്യ നിര ബാറ്റ്സ്മാൻമാരിൽ 10 ഇന്നിംഗ്സുകളിലായി ഏറ്റവും മോശം സ്ട്രൈക്ക് റേറ്റുള്ള താരങ്ങളിൽ ഒരാളാണിന്ന് ധോണി. 

മധ്യനിരയിൽ താളം കണ്ടെത്താനാകാത്ത ധോണി രണ്ടാം ഏകദിനത്തിലെ ഇന്ത്യയുടെ ആശങ്കകളിലൊന്നാണ്. അപ്രതീക്ഷിതമായുള്ള ഹാർദിക് പാണ്ഡ്യയുടെ പുറത്താകൽ ബാറ്റിങ് ക്രമത്തെ ബാധിക്കുമെന്നുറപ്പാണ്. 

MORE IN SPORTS
SHOW MORE