ഫിറ്റ്നസ് ട്രെയിനിങ്ങ്; ദിനചര്യാമാറ്റങ്ങൾ; സാനിയ മിര്‍സ വീണ്ടും കളത്തിലേക്ക്

sania-mirza-new
SHARE

ആറു ഗ്ലാന്‍ഡ്സ്ലാം കിരീടങ്ങള്‍, ഇന്ത്യയുടെ ഏറ്റവും മികച്ച വനിതാ ടെന്നിസ് താരം,  ഇന്ത്യന്‍ ടെന്നിസില്‍ പുതുയുഗപ്പിറവിക്ക് തുടക്കമിട്ട സാനിയ മിര്‍‌സ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു. കളിക്കളത്തിലേക്ക് വീണ്ടും പഴയ മികവിലേക്ക് എത്തുക അത്ര എളുപ്പമല്ലെന്ന് മറ്റാരെക്കാളും നന്നായി സാനിയ മിര്‍സയ്ക്ക് അറിയാം. അതുകൊണ്ടാണ് തിരിച്ചുവരവ് കടുപ്പമേറിയതാരിക്കുമെന്ന് സാനിയ പറയുന്നത്.  ഇപ്പോള്‍ ഒരു കുഞ്ഞിന്റെ അമ്മയായ സാനിയ മിര്‍സ ഈവര്‍ഷം അവസാനത്തോടെ ടെന്നിസ് കളത്തില്‍ സജീവമാകും. അടുത്തമാസം സാനിയയുടെ ഫിറ്റ്നസ് ട്രെയിനര്‍ എത്തും. ആദ്യം ഫിറ്റ്നസ് മെച്ചപ്പെടുത്താനുള്ള വ്യായാമങ്ങള്‍ തുടങ്ങും. പിന്നാലെ ടെന്നിസ് പരിശീലനത്തിലേക്ക് കടക്കും. കുഞ്ഞിനെച്ചുറ്റിപ്പറ്റിയാണ് ജീവിതമെന്നും അതിനനുസരിച്ച് ദിനചര്യകളില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും ഇതെല്ലാം പതിയെ മാറ്റിയെടുത്ത് ടെന്നിസ് കോര്‍ട്ടില്‍ സജീവമാകാനാണ് ആഗ്രഹിക്കുന്നതെന്നും സാനിയ മിര്‍സ പറഞ്ഞു. 

ആദ്യ ലക്ഷ്യം ഒളിംപിക്സ്

ടെന്നിസ് കളത്തില്‍ ഇന്ത്യയുടെ അഭിമാനവും വികാരവുമായ സാനിയ മിര്‍സ ഫോര്‍ഹാന്‍ഡ് ഷോട്ടുകളുമായി വീണ്ടും സജീവമാകുന്നു. 2020ലെ ടോക്യോ ഒളിംപിക്സ് ലക്ഷ്യമിട്ടാണ് സാനിയ മിര്‍സ വീണ്ടും കളത്തിലേക്ക് എത്തുന്നത്. ആദ്യം ഫിറ്റ്നസ് വീണ്ടെടുക്കുമെന്നും 2019 അവസാനത്തോടെ ടെന്നിസ് പരിശീലനം തുടങ്ങുമെന്നും സാനിയ മിര്‍സ പറഞ്ഞു. ലോകത്തെ ഡബിള്‍സ് റാങ്കിങ്ങില്‍ ഒന്നാംസ്ഥാനത്തായിരുന്ന സാനിയ മൂന്ന് ഡബിള്‍സ് കിരീടങ്ങളും മൂന്ന് മിക്സ്ഡ് ഡബിള്‍സ് കിരീടങ്ങളും ഗ്രാന്‍ഡ്സ്ലാമില്‍ നേടി. പിന്നാലെ ഒട്ടനേകം കിരീടങ്ങളും. സിംഗിള്‍സ് കളിച്ച് പ്രഫഷനല്‍ ടെന്നിസിലേക്ക് എത്തിയ സാനിയ മിര്‍സ എല്ലാ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളിലും പയറ്റി നോക്കിയെങ്കിലും കിരീടത്തിലേക്ക് എത്താനായിരുന്നില്ല. ലോക റാങ്കിങ്ങില്‍ 27ാം സ്ഥാനത്ത് എത്തിയതാണ് മികച്ച നേട്ടം. 2013ല്‍ സിംഗിള്‍സില്‍ നിന്ന് വിരമിച്ച സാനിയ ഡബിള്‍സില്‍ സജീവമായിരുന്നു.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.