അത് അവരുടെ മാത്രം അഭിപ്രായം, യോജിക്കാനാകില്ല: രണ്ടു പേരേയും തള്ളി കോഹ്‌ലി

kohli-rahul-pandya1
SHARE

സ്വകാര്യ ടിവി ചാനലിലെ പരിപാടിയിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പുലിവാലു പിടിച്ച ഇന്ത്യൻ ടീമംഗങ്ങളായ ഹാർദിക് പാണ്ഡ്യ, ലോകേഷ് രാഹുൽ എന്നിവരെ കൈവിട്ട് ക്യാപ്റ്റൻ വിരാട് കോഹ്‍ലി. ഇത്തരം പരാമർശങ്ങൾ ഒരു കാരണവശാലും സ്വീകാര്യമല്ലെന്ന കാര്യം ഇരുവരെയും അറിയിച്ചിട്ടുണ്ടെന്ന് കോഹ്‍ലി വ്യക്തമാക്കി. ഇത്തരം വ്യക്തിഗത അഭിപ്രായപ്രകടനങ്ങൾ ടീമിന്റെ അഭിപ്രായമായി വ്യാഖ്യാനിക്കരുതെന്നും കോഹ്‍ലി ആവശ്യപ്പെട്ടു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കാഴ്ചപ്പാടിൽ ഇരുവരും നടത്തിയ പരാമർശങ്ങൾ ഒട്ടും സ്വീകാര്യമല്ല. തങ്ങൾ നടത്തിയ പ്രസ്താവനയുടെ ഗൗരവം ഇരുവർക്കും ഇതിനകം ബോധ്യമായിട്ടുണ്ട്. ഇനിയും ഇത്തരം പരാമർശങ്ങൾ ഇവർ ആവർത്തിക്കില്ലെന്നാണ് പ്രതീക്ഷ’ – സിഡ്നിയിലെ ഒന്നാം ഏകദിനത്തിനു മുന്നോടിയായി മാധ്യമപ്രവർത്തകരെ കാണവെ കോഹ്‍ലി പറഞ്ഞു.

‘ടീമെന്ന നിലയിൽ ഇത്തരം പരാമർശങ്ങളും പ്രസ്താവനകളും പ്രോത്സാഹിപ്പിക്കില്ലെന്ന കാര്യം ഇരുവരെയും നേരിട്ട് അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമും ഉത്തരവാദിത്തമുള്ള താരങ്ങളെന്ന നിലയിൽ ഞങ്ങളോരോരുത്തരും ഇത്തരം പരാമർശങ്ങളെ തെറ്റായിട്ടാണു കാണുന്നത്. അവർ പറഞ്ഞത് തീർത്തും വ്യക്തിപരമായ പരാമർശങ്ങൾ മാത്രമാണെന്നും കോഹ്‍ലി പറഞ്ഞു.

സ്വകാര്യ ടെലിവിഷൻ ഷോയ്ക്കിടെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയ്ക്കും കെ.എൽ രാഹുലിനും വിലക്കിനു സാധ്യത. ഇരുവരെയും രണ്ടു മൽസരങ്ങളിൽനിന്നു വിലക്കണമെന്ന് ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായ് നിർദ്ദേശിച്ചു. നിയമവശം കൂടി പരിഗണിച്ചാകും അന്തിമതീരുമാനം. 

ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന്റെ ടോക്ക് ഷോയായ ‘കോഫി വിത്ത് കരണി’ലെ അതിരുവിട്ട പരാമർശങ്ങളാണ് താരങ്ങൾക്കു വിനയായത്. ഇതോടെ, ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മൽസരങ്ങൾ ഇരുവർക്കും നഷ്ടമാകാൻ സാധ്യത തെളിഞ്ഞു

ടിവി ഷോയിലെ പരാമർശങ്ങൾ വിവാദമായതോടെ ബിസിസിഐ പാണ്ഡ്യയ്ക്കും രാഹുലിനും കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നായിരുന്നു നിർദ്ദേശം. ടിവി ഷോയിൽ നടത്തിയ പരാമർശങ്ങളിൽ ‘ഖേദിക്കുന്നതായി’ ബിസിസിഐയ്ക്കു നൽകിയ മറുപടിയിൽ പാണ്ഡ്യ വ്യക്തമാക്കിയിരുന്നു. പാണ്ഡ്യയും രാഹുലും നൽകിയ വിശദീകരണം ബിസിസിഐയ്ക്കു രസിച്ചിട്ടില്ലെന്നാണു വിവരം

പാണ്ഡ്യ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്

‘കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ ഞാൻ‌ നടത്തിയ പരാമർശങ്ങൾ ആരെയെങ്കിലും ഏതെങ്കിലും വിധത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നു. സത്യസന്ധമായി പറഞ്ഞാൽ, ആ അഭിമുഖത്തിനിടെ അൽപം ആവേശം കൂടിപ്പോയി. അവിടെ നടത്തിയ പരാമർശങ്ങളിലൂടെ ആരെയെങ്കിലും വേദനിപ്പിക്കാനോ ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്താനോ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. ബഹുമാനം മാത്രം.’

∙ പരിപാടിയിൽ പാണ്ഡ്യ പറഞ്ഞത്

ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം ഇന്ത്യൻ ഓപ്പണർ ലോകേഷ് രാഹുലും ഒന്നിച്ച ‘കോഫി വിത്ത് കരണ്‍’ എന്ന പരിപാടിയിലാണ് വിവാദ പരാമർശങ്ങൾ ഉണ്ടായത്. തന്റെ ജീവിതത്തിലെ സ്ത്രീകളെക്കുറിച്ചും അവരുമായുള്ള ബന്ധത്തെക്കുറിച്ചും പരിപാടിയിൽ ഹാർദിക് തുറന്നു പറഞ്ഞിരുന്നു. നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്ന് ഷോയിൽ ഹാർദിക് തുറന്നു സമ്മതിച്ചു. ഹാർദിക്കും രാഹുലും ഒന്നിച്ച ആറാമത്തെ എപ്പിസോഡിലാണ് തുറന്നു പറച്ചിൽ.

തന്റെ ലൈംഗിക ജീവിതത്തെ കുറിച്ചും അച്ഛനും അമ്മയും തന്നോടു ചോദിക്കാറില്ലെന്നും അങ്ങനെയുളള കാര്യങ്ങളിൽ യാതൊരു തരത്തിലുളള ഇടപെടലുകളും നടത്താറില്ലെന്നും ഹാർദിക് പറഞ്ഞു. ഞാൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദിവസങ്ങളിൽ ഞാൻ തന്നെ മാതാപിതാക്കളോട് പറയും– ഞാൻ അത് ചെയ്തിട്ടാണ് വരുന്നതെന്ന്. മാതാപിതാക്കൾ ആവശ്യപ്പെടാതെ തന്നെ ഞാൻ ഇത് പറയാറുണ്ട്. അവരത് ചോദിച്ചിട്ടല്ല ഞാനതു പറയുന്നത്. ഹാർദിക്കിന്റെ മറുപടി കേട്ട് അവതാരകനായ കരൺ ജോഹർ അക്ഷരാർത്ഥത്തിൽ അന്തം വിടുകയും ചെയ്തു.

ആഫ്രിക്കൻ സംസ്കാരം എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട്. അവരുടെ സ്റ്റെലും ഫാഷനും എന്നെ ഏറെ ആകർഷിക്കാറുണ്ട്. അതുകൊണ്ട് തന്നെ അവയെല്ലാം ഞാൻ അനുകരിക്കാറുണ്ട്. വൈസ്റ്റിൻഡീസുകാരനാണോ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ടെന്നും ഹാർദിക് പറഞ്ഞു. ലൈംഗിക ജീവിതത്തെ കുറിച്ച് കെഎൽ രാഹുലിന്റെ ഭാഗത്തു നിന്നും തുറന്നു പറച്ചിലുകൾ ഉണ്ടായി

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.