സഞ്ജീവ് ചൗളയെ ഇന്ത്യയ്ക്കു കൈമാറും; മറന്നോ വേദനിപ്പിച്ച ആ ഒത്തുകളി; ഫ്ളാഷ്ബാക്ക്

sanjeev-chawla
SHARE

2000 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ ഒത്തുകളി നടത്തിയെന്ന കേസിലെ പ്രതി സഞ്ജീവ് ചൗളയെ ഇന്ത്യയ്ക്കു കൈമാറാൻ ബ്രിട്ടിഷ് കോടതി വിധി. വിജയ് മല്യ കേസിനു പിന്നാലെ ഇന്ത്യയുടെ വിജയമാണ് ഈ വിധിയും.

സഞ്ജീവ് ചൗള കുറ്റക്കാരനെന്നു ബ്രിട്ടനിലെ മജിസ്ട്രേട്ട് കോടതി കണ്ടെത്തിയിരുന്നു. പക്ഷേ, തിഹാർ ജയിൽ സുരക്ഷിതമല്ലെന്ന ചൗളയുടെ വാദം അംഗീകരിച്ച് ഇന്ത്യയ്ക്കു കൈമാറാൻ കോടതി തയാറായില്ല. എന്നാൽ, ഇന്ത്യയുടെ അപ്പീൽ കേട്ട ഹൈക്കോടതി കീഴ്ക്കോടതി വിധി റദ്ദാക്കി. ഇന്ത്യ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ തിഹാർ ജയിലിലേക്ക് അയയ്ക്കുന്നതു ചൗളയ്ക്ക് അപകടകരമല്ലെന്നും കഴിഞ്ഞ നവംബറിൽ ഹൈക്കോടതി വിധിച്ചു

ഈ വിധിയെത്തുടർന്ന് ചൗളയെ വിട്ടുകിട്ടുന്നതിനുള്ള കേസ് വീണ്ടും മജിസ്ട്രേട്ട് കോടതി പരിഗണിച്ചു വിധി പറയുകയായിരുന്നു. മല്യകേസിൽ വിധി പറഞ്ഞ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേട്ട് കോടതി തന്നെയാണ് ചൗളയുടെ കേസിലും വിധി പറഞ്ഞത്. ഇനി ബ്രിട്ടിഷ് ആഭ്യന്തര വകുപ്പ് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചാൽ ചൗളയെ വിട്ടുകിട്ടും.  1996 ൽ  ബിസിനസ് വീസയിലാണ് ചൗള ഇന്ത്യ വിട്ടത്

ആരാധകരെ വേദനിപ്പിച്ച ഒത്തു കളി

ക്രിക്കറ്റിൽ ഒത്തുകളി വിവാദം കൃത്യമായ ഇടവേളകളിൽ ബൗൺസർ കണക്കെ കുത്തിപ്പൊങ്ങാറുണ്ട്. ക്രിക്കറ്റിനേയും താരങ്ങളേയും ജീവവായു പോലെ സ്നേഹിക്കുന്ന ആരാധകരെ എന്നു വേദനിപ്പിച്ച ഒത്തുകളിയായിരുന്നു 2000 ൽ ദക്ഷിണാഫ്രിക്കെതിരായി നടന്ന മത്സരം. 

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഹാൻസി ക്രോണ്യ, ഇന്ത്യൻ താരങ്ങളായ മുഹമ്മദ് അസ്ഹറുദ്ദീൻ, അജയ് ജഡേജ, മനോജ് പ്രഭാകർ തുടങ്ങിയവരുടെ ക്രിക്കറ്റ് ജീവിതത്തിനു അന്ത്യം കുറിച്ച ഒത്തുകളിയായിരുന്നു അന്ന് നടന്നത്. ജഡേജയും അസറിനും ക്രിക്കറ്റിൽ നിന്നും വിലക്കേർപ്പെടുത്തി. ഒത്തുകളിവിവാദത്തിനു 13 വർഷത്തിനു ശേഷം കായിക ലോകത്തെ വീണ്ടും ഞെട്ടിച്ച് ക്രോണ്യ വിമാനാപകടത്തിൽ കൊല്ലപ്പെടുകയും ചെയ്തു. 

സംഗീത രംഗത്തെ പ്രമുഖ സ്‌ഥാപനമായ ടി സീരീസ് സ്‌ഥാപകൻ ഗുൽഷൻ കുമാറിന്റെ സഹോദരൻ കൃഷൻ കുമാർ ഉൾപ്പെടെ അഞ്ചു വാതുവയ്‌പുകാരെയും അന്ന് പ്രതിചേർത്തിരുന്നു. കുറ്റപത്രത്തിലെ രണ്ടാം ഖണ്ഡികയിലാണു ക്രോണ്യെയെക്കുറിച്ചു പരാമർശമുള്ളത്. കൊല്ലപ്പെട്ടവർ, നിയമ നടപടികൾ നിർത്തിവച്ചവർ എന്നിവരുടെ പട്ടികയിലാണു ക്രോണ്യെയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹാൻസി ക്രോണിയ 1.20 കോടി രൂപ കോഴപ്പണം കൈപ്പറ്റിയതായി ഡൽഹി പൊലീസ് മരണ ശേഷം വെളിപ്പെടുത്തി. 

ഒത്തുകളിക്കുന്നതിനു ലണ്ടൻ ആസ്‌ഥാനമായുള്ള വാതുവയ്‌പുകാരൻ സഞ്‌ജീവ് ചാവ്ലയിൽ നിന്നാണു ക്രോണിയ കോഴ കൈപ്പറ്റിയതെന്നു കുറ്റപത്രം ചൂണ്ടിക്കാട്ടി. മുംബൈയിലെ ആഡംബര ഹോട്ടലിൽ സഞ്‌ജീവിന്റെ മുറിയിലെത്തിയാണു താരം പണം കൈപ്പറ്റിയത്. സഞ്‌ജീവിന്റെ മുറിയിലേക്കു കൈവീശി കയറിയ ക്രോണിയയുടെ പക്കൽ തിരികെയിറങ്ങുമ്പോൾ പൊതിക്കെട്ടുണ്ടായിരുന്നുവെന്ന ഹോട്ടലിലെ ഹൗസ്‌കീപ്പിങ് വിഭാഗം മുൻ ജീവനക്കാരന്റെ മൊഴി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒത്തുകളിച്ചതായി ക്രോണ്യയുടെ കണ്ണീരോടെയുള്ള കുറ്റസമ്മതം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. പ്രഫഷനൽ താരം എന്ന പരാമർശത്തിനു ഉത്തമ ഉദാഹരണമായിരുന്നു അക്കാലം വരെ ക്രോണ്യ. : മുൻ ക്രിക്കറ്റ് ക്യാപ്‌റ്റൻ ഹാൻസി ക്രോണിയ ‘സ്വയം കുറ്റംസമ്മതിച്ച കളളൻ’ ആണെന്നു ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അദ്ദേഹത്തെ വിശേഷിപ്പിച്ചു.  

ഇന്ത്യൻ പരമ്പരയ്‌ക്കിടെ കോഴ വാങ്ങി മോശമായി കളിക്കുന്നതിനുള്ള ഗൂഢാലോചനയിൽ പങ്കാളിയായിരുന്നെന്നു ദക്ഷിണാഫ്രിക്കൻ ഓപ്പണർ ഹെർഷേൽ ഗിബ്‌സ് കുറ്റസമ്മതം നടത്തിയിരുന്നു. ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിനെത്തിയ ഗിബ്‌സ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നിലാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. 

താൻ നടത്തിയ ഗൂഢാലോചനകളും മോശം പ്രകടനങ്ങളുമെല്ലാം മുൻ ക്യാപ്‌റ്റൻ ഹാൻസി ക്രോണിയയുടെ നിർദേശ പ്രകാരമായിരുന്നെന്നു ഗിബ്‌സ് പറഞ്ഞു. മുൻ സ്‌പിന്നർ ഡെറിക് ക്രൂക്‌സും ഗൂഢാലോചനയിൽ പങ്കാളിയായിരുന്നെന്നു ഗിബ്‌സ് സമ്മതിച്ചു. എന്നാൽ ഇന്ത്യൻ താരങ്ങൾ ഉൾപ്പെട്ടിരുന്നോയെന്ന് അറിയില്ലെന്നായിരുന്നു ഗിബ്സിന്റെ നിലപാട്. വിലക്കിനു ശേഷം ഗിബ്സ് പിന്നീട് ടീമിൽ തിരിച്ചെത്തിയിരുന്നു. 

MORE IN SPORTS
SHOW MORE