‘ഞങ്ങൾക്കൊരു പന്തുണ്ട്; ഈ പന്ത് സിക്സർ അടിക്കും: കൊച്ചുങ്ങളെയും നോക്കും’: പാട്ട്

rishabh-pant-song
SHARE

ഓസ്ട്രേലിയയിൽ വീരചരിതമെഴുതുകയാണ് ഇന്ത്യ. തലയെടുപ്പോടെ കോഹ്‌ലിയും നവമതിൽ ഉയർത്തി പൂജാരയും കോട്ട കെട്ടിയ കളിയിൽ താരമായത് ഋഷഭ് പന്ത് എന്ന ഇരുപത്തിയൊന്നുകാരനാണ്. വിക്കറ്റ് കീപ്പിങ് ബാറ്റ്സ്മാൻ എന്ന ശീർഷകത്തിൽ ധോണിയല്ലാതൊരു പേര് സങ്കൽപ്പിക്കാൻ സാധിക്കാത്ത ഒരു കാലഘട്ടത്തിൽ ക്രീസിലും വിക്കറ്റിനു പുറകിലും പുതിയ യുഗത്തിന് തുടക്കമിടുകയാണ് പന്ത്.

ശാന്തനാണെങ്കിലും ഇങ്ങോട്ടു വന്നു ചൊറിഞ്ഞാൽ  ‍മാന്തി വിടുന്ന പന്ത് സ്ളെഡ്ജിങ്ങിലും ഓസീസിന്റെ വാ അടുപ്പിച്ചു. ‘വല്യേട്ടന്‍’ (ധോണി) ഏകദിന ടീമിലെത്തിയല്ലോ... നീ ഇനി വീട്ടില്‍ ഇരിക്കേണ്ടി വരുമല്ലോ..’ ഞാൻ ഭാര്യയുമായി സിനിമയ്ക്ക് പോകുമ്പോൾ നീ എന്റെ കുട്ടികളെ നോക്കി വീട്ടിലിരുന്നാൽ മതി. ഓസീസ് നായകൻ ടിം പെയ്ന്റെ ചോദ്യത്തിന് കളിക്കളത്തിലും പുറത്തും പന്തിന്റെ മറുപടിയുണ്ടായി.

പന്തിന്റെ ബാറ്റിൽ നിന്ന് സിക്സറുകൾ പറക്കുമ്പോൾ ഗാലറിയിൽ പന്തിന് പിന്തുണയുമായി ആരാധകരുമെത്തി. ഗാലറിയിലെ ഇന്ത്യൻ ആരാധകരുടെ പാട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇന്ത്യയുടെ ആരാധക സംഘമായ ഭാരത് ആർമിയാണ് പന്ത് പാട്ടുമായി കളം നിറഞ്ഞത്. ഞങ്ങൾക്കൊരു പന്തുണ്ട്. ഋഷഭ് പന്ത്. ഈ പന്ത് സിക്സറടിക്കും. വേണേൽ കൊച്ചുങ്ങളെയും നോക്കും. നിങ്ങൾക്കു മനസിലാകുന്നുണ്ടല്ലോ അല്ലേ? ഭാരത് ആർമി പാടി തകർത്തു. 

ധോണിക്കു പോലും സാധിക്കാത്ത നേട്ടമാണ് പന്ത് കഴിഞ്ഞ ദിവസം തന്റെ പേരിൽ എഴുതിച്ചേർത്തത്. 159 റണ്‍സെടുത്ത് പുറത്താവാതെ നിന്ന പന്തിന്റെ ബാറ്റില്‍ നിന്ന് 15 ഫോറും ഒരു സിക്സറും പറന്നു. മിഡ്‌വിക്കറ്റിലൂടെ ബൗണ്ടറി പായിച്ചായിരുന്നു സെഞ്ചുറി ആഘോഷം. ഇന്ത്യയ്ക്കായി സെഞ്ചുറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എന്നതിനു പുറമേ ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും സെഞ്ചുറി നേടുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറെന്ന ബഹുമതിയും പന്തിനെ തേടിയെത്തി. 

ജെഫ്രി ഡുജോണ്‍ ആണ് ഈ നേട്ടം ആദ്യം കൈവരിച്ച വിക്കറ്റ് കീപ്പര്‍. ഇവിടെയും ധോണിയെ പിന്തള്ളി. ഒരു ടെസ്റ്റ് പരമ്പരയില്‍ 200 റണ്‍സും 20 ക്യാച്ചുകളും നേടുന്ന ഉപഭൂഖണ്ഡത്തിലെ ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ആണ് റിഷഭ് പന്ത്. ഒരു ടെസ്റ്റില്‍ കൂടുതല്‍ ക്യാച്ച് എടുക്കുന്ന വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തില്‍ ധോണിയെ പിന്തള്ളിയ റിഷഭ് ധോണിക്ക് പകരക്കാരന്‍ താന്‍ തന്നെയെന്ന് തെളിയിച്ചു.

MORE IN SPORTS
SHOW MORE