‘വല്യേട്ടനെ’ വച്ച് കളിയാക്കിയവരോട് ‘പന്താ’ട്ടം; ക്രിക്കറ്റ് കളിക്കാന്‍ നാടുവിട്ട് ഓടിയവന്‍ ഇവന്‍

rishabh-pant
SHARE

‘വല്യേട്ടന്‍’ (ധോണി) ഏകദിന ടീമിലെത്തിയല്ലോ... നീ ഇനി വീട്ടില്‍ ഇരിക്കേണ്ടി വരുമല്ലോ..’ എന്ന് മൂന്നാം ടെസ്റ്റിനിടെ കളിയാക്കിയ ഓസ്ട്രേലിയന്‍ ക്യാപ്റ്റന് സെഞ്ചുറിയിലൂടെ റിഷഭ് പന്തിന്റെ മറുപടി. അതും ധോണിക്ക് സാധിക്കാത്തത് നേടിയെടുത്തുകൊണ്ട്.  ഓസ്ട്രേലിയയില്‍ സെഞ്ചുറി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് പന്ത്. 137പന്തില്‍ നിന്ന് സെഞ്ചുറി നേടിയ പന്തിന്റെ ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചുറി. 

വാചകക്കസര്‍ത്തും കുഞ്ഞിനെ നോട്ടവും അല്ല, ക്രിക്കറ്റാണ് പ്രധാനം എന്ന് വ്യക്തമാക്കിയ ഇന്നിങ്സ്. ധോണിക്ക് പകരക്കാരന്‍ ഇവനോ? എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടി. അതും ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും സെഞ്ചുറി നേടിക്കൊണ്ട്. 159 റണ്‍സെടുത്ത് പുറത്താവാതെ നിന്ന് പന്തിന്റെ ബാറ്റില്‍ നിന്ന് 15 ഫോറും ഒരു സിക്സറും പറന്നു. മിഡ്‌വിക്കറ്റിലൂടെ ബൗണ്ടറി പായിച്ചായിരുന്നു സെഞ്ചുറി ആഘോഷം.

ധോണിയെ പിന്നിലാക്കിയ പന്ത്

ഓസ്ട്രേലിയയില്‍ പര്യടനം നടത്തിയ ധോണിയുടെ ഉയര്‍ന്ന സ്കോര്‍ പുറത്താകാതെ നേടിയ 57 റണ്‍സാണ്. പന്ത് അത് സെഞ്ചുറി നേടി ചരിത്രം കുറിച്ചു. ഇന്ത്യയ്ക്കായി സെഞ്ചുറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എന്ന ചരിത്രം സിഡ്നിയില്‍ കുറിച്ചിട്ടു. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും സെഞ്ചുറി നേടുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറും റിഷഭ് പന്തായി. 

ജെഫ്രി ഡുജോണ്‍ ആണ് ഈ നേട്ടം ആദ്യം കൈവരിച്ച വിക്കറ്റ് കീപ്പര്‍. ഇവിടെയും ധോണിയെ പിന്തള്ളി. ഒരു ടെസ്റ്റ് പരമ്പരയില്‍ 200 റണ്‍സും 20 ക്യാച്ചുകളും നേടുന്ന ഉപഭൂഖണ്ഡത്തിലെ ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ആണ് റിഷഭ് പന്ത്. ഒരു ടെസ്റ്റില്‍ കൂടുതല്‍ ക്യാച്ച് എടുക്കുന്ന വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തില്‍ ധോണിയെ പിന്തള്ളിയ റിഷഭ് ധോണിക്ക് പകരക്കാരന്‍ താന്‍ തന്നെയെന്ന് തെളിയിച്ചു. 

വിദേശത്ത് ഉയര്‍ന്ന സ്കോര്‍ കുറിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായും ഈ 21കാരന്‍ മാറി. 12 വര്‍ഷം മുമ്പ് പാക്കിസ്ഥാനെതിരെ ധോണി നേടിയ 148 റണ്‍സാണ് പന്ത് 159 റണ്‍സ് നേടി പഴങ്കഥയാക്കിയത്. വിദേശത്ത് ഒരു ഏഷ്യന്‍ വിക്കറ്റ് കീപ്പര്‍ നേടുന്ന ഉയര്‍ന്ന സ്കോറിന്റെ റെക്കോര്‍ഡിനും ഒപ്പമെത്തി റിഷഭ്. ന്യൂസീലന്‍ഡില്‍ അവര്‍ക്കെതിരെ ബംഗ്ലദേശിന്റെ മുഷ്ഫിക്കര്‍ റഹിം നേടിയ 159റണ്‍സിനൊപ്പമാണ് പന്ത് എത്തിയത്. 

ക്രിക്കറ്റ് കളിക്കാന്‍ നാടുവിട്ട് ഓടിയവന്‍ 

ഒരു ക്രിക്കറ്റ് താരമാകാന്‍ സ്വന്തം നാടുവിട്ട് ഓടേണ്ടി വന്ന കളിക്കാരനാണ് റിഷഭ് പന്ത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ 1997ല്‍ ജനിച്ച റിഷഭ് വിക്കറ്റിനു പിന്നില്‍ ആഡം ഗില്‍ക്രിസ്റ്റ് നടത്തിയ മുഴുനീളെ ഡൈവുകളും കണ്ണടച്ചു തുറക്കും മുന്‍പേയുള്ള സ്റ്റംപിങ്ങും കണ്ട് വളര്‍ന്നു. ആ കാഴ്ച ഹൃദയത്തിലേറ്റി ഉത്തരാഖണ്ഡില്‍ നിന്ന് വണ്ടികയറിയ റിഷഭ്  കറങ്ങിത്തിരിഞ്ഞ് എത്തിയത് രാജ്യ തലസ്ഥാനത്ത്.  ‍ഡല്‍ഹിയിലെത്തിയ റിഷഭ് പന്തിനെ താരക് സിന്‍ഹയെന്ന പരിശീലകന്‍ മിനുക്കിയെടുത്തു.  2015ല്‍ ഡല്‍ഹി ടീമിലെത്തി. പിന്നാലെ അണ്ടര്‍ 19 ടീമിലും ഇടം നേടി.  അവിടെ നിന്ന് 2016ലെ അണ്ടര്‍ 19 ലോകകപ്പ് ടീമിലെത്തി. പിന്നാലെ ഇന്ത്യന്‍ ടീമിലേക്കും വിളിയെത്തി.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.