ബ്ലാസ്‌റ്റേഴ്സിന്റെ ‘ഡിജെ’പാര്‍ട്ടി അവസാനിച്ചു, റെനിച്ചായന്റെ ശാപമോ?

rene-meulensteen-david-jame
SHARE

കോപ്പലാശന്‍റെ തന്ത്രങ്ങളില്‍ കൊമ്പു കുലുക്കിയ, റെനിച്ചായന്റെ പ്രഫഷനലിസത്തില്‍ കണ്ണുമിഴിച്ച കേരള ബ്ലാസ്റ്റേഴ്സ് ഡേവിഡ് ജെയിംസിനെ പരിശീലക വേഷത്തില്‍ എത്തിക്കുമ്പോള്‍ ഒരുപാട് സ്വപ്നം കണ്ടു. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഉടമസ്ഥാവകാശം വിട്ടൊഴിഞ്ഞെങ്കിലും ഡിജെയുടെ തോളില്‍ മുന്നേറാമെന്ന് കിരീടം അണിയാമെന്ന് സ്വപ്നം കണ്ടു. ഒടുവിലിതാ ഡേവിഡ് ജെയിംസ് എന്ന ‘ഡിജെ’യും കുപ്പായം അഴിച്ചു. അതിനു മുമ്പ് ചില പിന്നാമ്പുറങ്ങള്‍ വീണ്ടും ഓര്‍ക്കണം. ‍‌

ആശാനെ ഓടിച്ചു

ഒടിഞ്ഞു തുങ്ങിയ മധ്യനിരയുമായി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ ഇടനെഞ്ചോടുചേര്‍ത്ത് സ്റ്റീവ് കോപ്പലെന്ന കോപ്പലാശാന്‍ 2016ല്‍ ടീമിനെ മുന്നോട്ടു നയിച്ചു, എന്നാല്‍ 2017ല്‍ ആശാന്‍ പറഞ്ഞവരെ ടീമില്‍ നിര്‍ത്തില്ലെന്ന് ടീം മാനേജ്മെന്റ് പറ‍‍ഞ്ഞതോടെ ആശാന്‍ ബ്ലാസ്റ്റേഴ്സ് വിട്ടു. പിന്നാലെ എത്തി റെനി മ്യൂലന്‍സ്റ്റീന്‍.

റെനിച്ചായനെ പുറത്താക്കി

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അസിസ്റ്റന്റ് കോച്ച് എന്ന ലേബലിൽ വന്ന റെനി മ്യൂലൻസ്റ്റീന്‍ കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കാനെത്തിയത് കളിക്കാരുടെ കഴിവു കണ്ടെത്തുന്നതിൽ അപാര മികവുള്ളയാളെന്ന ഖ്യാതിയുമായിട്ടാണ്. സര്‍ ഫെര്‍ഗൂസനൊപ്പം ദീര്‍ഘകാലം കളി പരിശീലിപ്പിച്ച പരിചയവും റെനിയുടെ കരുത്തായിരുന്നു. ഐഎസ്എൽ പ്ലെയർ ഡ്രാഫ്റ്റിലും പിന്നീടു വിദേശ താരങ്ങളുടെ കരാറിലുമെല്ലാം റെനിയുടെ നേരിട്ടുള്ള ഇടപെടലുകളുണ്ടായി. വിദേശത്തുനിന്നു റെനിക്ക് അടുപ്പമുള്ള കളിക്കാരെ ബ്ലാസ്റ്റേഴ്സിലെത്തിച്ചു. 

ഇതെല്ലാം കണ്ട് മഞ്ഞപ്പട സ്നേഹത്തോടെ ‘റെനിച്ചായന്‍’ എന്നുവിളിച്ച് ആവേശം നല്‍കി. എന്നാല്‍ കളി തുടങ്ങിയതോടെ കോച്ചിന്റെ പ്രഫഷണലിസം പല കളിക്കാര്‍ക്കും പിടിക്കാതെയായി.  ടീമംഗങ്ങളുടെ വിശ്വാസം പതിയെ നഷ്ടമായി. അങ്ങനെ പാളയത്തിലെ പട കളത്തില്‍ തോല്‍വികള്‍ ശീലമാക്കിയപ്പോള്‍ ‘റെനിച്ചായന്‍’ ഔട്ട്. പകരെമെത്തിയത് വലകാക്കുന്ന ഭൂതം ഡേവി‍ഡ് ജെയിംസ് എന്ന ‘ഡിജെ.’ ആദ്യ സീസണില്‍ ടീമിന്റെ മര്‍‌ക്വി താരവും ടീം മാനേജരുമായിരുന്ന ഡിജെയുടെ വരവില്‍ മഞ്ഞപ്പടയും ബ്ലാസ്റ്റേഴ്സ് താരങ്ങളും പൂത്തുലഞ്ഞു. പകരക്കാരന്‍ കോച്ച് കലക്കി എന്ന് ആരാധകര്‍ ഉറക്കെപ്പറഞ്ഞു. 

പിന്നീട് എന്തു സംഭവിച്ചു

ബ്ലാസ്റ്റേഴ്സിലെ മറ്റൊരു റെനിച്ചായന്‍ ആകാതെ കോപ്പൽ ആശാന്‍‌ ആകുക എന്ന ലക്ഷ്യത്തോടെയാണ് ഡേവിഡ് ജെയിംസ് മഞ്ഞയില്‍ കളിച്ചാടാന്‍ എത്തിയത്. കളിച്ച പന്ത്രണ്ടു കളികളില്‍ ഒരേ ഒരു ജയം, ആറു സമനില, അഞ്ചുതോല്‍വി. തോല്‍വികള്‍ പലതും ദയനീയം. കളത്തിലെ ശൗര്യം ചോര്‍ന്ന ബ്ലാസ്റ്റേഴ്സ് താരങ്ങളെ മഞ്ഞപ്പട പോലും കൈവിട്ടു, പ്രതിഷേധവും മുന്നറിയിപ്പുമായി ആരാധക്കൂട്ടം നില ഉറപ്പിച്ചപ്പോള്‍ കൊച്ചിയിലെ സ്റ്റേഡിയത്തില്‍ നിന്ന് കാണികള്‍ അകന്നു. പ്രതിഷേധിച്ചപ്പോഴും പ്രതീക്ഷിച്ചു ഒരു ജയത്തിനായി. ഒരു ജയം മാത്രം മതി  കളത്തിൽ ടീമിന്റെ ദുർദശ മാറാന്‍. 

പക്ഷെ അതുകാണാനായില്ല. വൻതോക്കുകളെക്കാള്‍ യുവ തുര്‍ക്കികളായ  സെർബിയൻ താരം സ്ലാവിസ സ്റ്റോയനോവിച്ചിനെയും സ്ലൊവേനിയൻ താരം മാറ്റയ് പോപ്ലാറ്റ്നിച്ചിനെയും സെര്‍ബിയയില്‍ നിന്നുള്ള നിക്കോള ക്രമാരവിച്ചിനെയും ജിങ്കാനും ലാല്‍വത്താരോയ്ക്കും വീനിതിനും അനസിനും ഒപ്പം ചേര്‍ത്തെങ്കിലും കളത്തില്‍ ആ കണ്ണികള്‍ക്ക് വേണ്ട ഒത്തിണക്കം കണ്ടില്ല.  മധ്യനിരയിൽ കരുത്തനായൊരു പ്ലേമേക്കറുടെ അഭാവം ടീമിൽ പ്രതിഫലിച്ചു.  അതിനൊരു പരിഹാരം കണ്ടെത്താനോ നല്ലൊരു പ്ലെയിങ് കോംപിനേഷനെ കണ്ടെത്താനോ ഡിജെക്കായില്ല. 2021വരെ കരാര്‍ ഉണ്ടായിട്ടും  ഡിജെ പാര്‍ട്ടി നീണ്ടില്ല. മാനേജ്മെന്റും പരിശീലകനും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ടീമിനോടും ആരാധകരോടും നന്ദി പറഞ്ഞ് ഡിജെ അവസാനിപ്പിച്ചു. 

MORE IN SPORTS
SHOW MORE