മഞ്ഞപ്പട ബ്ലാസ്റ്റേഴ്സിനെ കൈവിടില്ല; വീണ്ടും ഗാലറി നിറക്കാന്‍ ആഹ്വാനം; ട്വിസ്റ്റ്

manjappada-kerala-blasters-06
SHARE

കേരള ബ്ലാസ്റ്റേഴ്സിനെതിരായ പ്രതിഷേധം മയപ്പെടുത്താനൊരുങ്ങി മഞ്ഞപ്പട. സീസണിൽ മോശം പ്രകടനം തുടരുന്ന ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ കഴിഞ്ഞ ദിവസം ആരാധകർ വലിയ പ്രതിഷേധമുയർത്തിയിരുന്നു. എന്നാൽ പ്രതിഷേധിച്ച ആരാധകരെ ജർമൻ ഫുട്ബോൾ ഇതിഹാസം ലോതർ മത്തേയസ് വിമർശിച്ചിരുന്നു. ജംഷഡ്പൂർ എഫ്സിക്കെതിരെ കൊച്ചിയിൽ നടന്ന മത്സരം കാണാനെത്തിയതായിരുന്നു മത്തേയസ്. 

വിമർശനത്തിന് പിന്നാലെയാണ് മഞ്ഞപ്പട നിർണായക തീരുമാനമെടുത്തിരിക്കുന്നത്. പുണെക്കെതിരെ വെള്ളിയാഴ്ച നടക്കുന്ന ഹോം മത്സരത്തിൽ സ്റ്റേഡിയം നിറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ഞപ്പട ക്യാംപെയിൻ ആരംഭിച്ചു. ജംഷഡ്പൂരിനെതിരെ സമനില വഴങ്ങിയെങ്കിലും മുൻ മത്സരങ്ങളെക്കാൾ മെച്ചപ്പെട്ട പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത് എന്ന അഭിപ്രായവുമുണ്ട്. 

മഞ്ഞപ്പടയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ''വെറും 90 മിനിട്ട് മാത്രം ആയുസ്സുള്ള ആരാധകരല്ല ഞങ്ങൾ. എല്ലാ ദിവസവും, ഓരോ മണിക്കൂറും ഞങ്ങള്‍ ഫുട്ബോളിന്റെ ആരാധകരാണ്. തുടർച്ചയായി മോശം കളി പുറത്തെടുക്കുന്നതിൽ അർഥമില്ല. ആ വേദനയിലാണ് ഹോം മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. ഒറ്റ ദിവസത്തിൽ അവസാനിക്കുന്നതല്ല ഞങ്ങളുടെ സ്നേഹം. ഇന്നലെ സ്റ്റേഡിയത്തിൽ എത്താതിരുന്ന എല്ലാവരും വീട്ടിലിരുന്ന് കളി കണ്ടവരാണ്. 

ഭേദപ്പെട്ട പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. ഈ ടീംവർക്ക് നേരത്തെ കാണാൻ സാധിക്കാത്തതിൽ അത്ഭുതം തോന്നുന്നു. കഴിഞ്ഞ 312 ദിവസത്തിൽ ഒരിക്കൽപ്പോലും കൊച്ചിയിൽ ജയിക്കാനായില്ല എന്നത് ഗൗരവമുള്ള കാര്യമാണ്. എന്നാൽ വെള്ളിയാഴ്ച അത് മാറ്റാനുള്ള സമയമാണ്. നിങ്ങൾക്കുവേണ്ടി ഗാലറി വീണ്ടും ഇളക്കിമറിക്കാൻ പോകുകയാണ് ഞങ്ങൾ. ഞങ്ങൾക്കുവേണ്ടി നിങ്ങൾ ജയിച്ചേ മതിയാകൂ...’

MORE IN SPORTS
SHOW MORE