ഗംഭീര്‍–സേവാഗ് ഓപ്പണിങ് കൂട്ടുകെട്ട് രാഷ്ട്രീയത്തിലും; ബിജെപിക്കായി പാ‍ഡുകെട്ടുന്നു?

sehwag-gambhir
SHARE

വീരേന്ദര്‍ സേവാഗിന്റെ അപ്പര്‍കട്ടുകളും ഗൗതം ഗംഭീറിന്റെ ക്രീസ് വിട്ടിറങ്ങിയുള്ള കവര്‍ഡ്രൈവുകളും ഇനി കാണുക രാഷ്ട്രീയത്തിന്റെ പിച്ചില്‍. ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി  ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത ഇരുവരും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ പുതിയ ഇന്നിങ്സ് ഓപ്പണ്‍ചെയ്യുമെന്നാണ് സൂചന. ഗംഭീറിന്‍റെ രാഷ്ട്രീയ പ്രവേശന സൂചനകള്‍ ദേശീയ മാധ്യമങ്ങളിലെ തലക്കെട്ടുകള്‍ കീഴടക്കിക്കഴിഞ്ഞു. 

ഇരുവരും ടീം ബിജെപിയിലേക്ക്

എതിരാളി ആരായാലും നെഞ്ചുവിരിച്ച് ക്രീസിലേക്ക് എത്തുന്ന വീരേന്ദര്‍ സേവാഗിനെയും ഗൗതം ഗംഭീറിനെയും  2019ലെ ലോക്സഭ തിരഞ്ഞെടുപ്പിന്റെ ക്രീസിലേക്ക് ഇറക്കാനുള്ള നീക്കത്തിലാണ് ബിജെപി. ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്്ലി താരങ്ങളുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഗംഭീറിനെ ഡല്‍ഹിയിലും സേവാഗിനെ ഹരിയാനയിലെ റോത്തക്കിലും ഇറക്കാനാണ് ബിജെപി നീക്കം. ഗുജറാത്ത് ക്രിക്കറ്റ്  അസോസിയേഷന്റെ മുന്‍ ഭാരവാഹി എന്ന നിലയില്‍  ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ക്രിക്കറ്റ് താരങ്ങളുമായി നല്ല ബന്ധമാണുളളത്.  മുമ്പ് കീര്‍ത്തി ആസാദിനെ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്ന് രാഷ്ട്രീയ ഗോദയിലിറക്കി വിജയം കണ്ട നല്ല പാഠവുമുണ്ട്. 

 ഗംഭീര്‍–സേവാഗ് ജോഡി വിജയിക്കുമോ?

ക്രീസില്‍ നില്‍ക്കുമ്പോള്‍ ഈ ഇടംകയ്യനെയും വലംകയ്യനെയും പൂട്ടാന്‍ എതിരാളികള്‍ പാടുപെട്ടിട്ടുണ്ട്. ഭയംകൂടാതെയുള്ള ഷോട്ടുകളാണ് ഇരുവരുടെയും കരുത്ത്. ഷോട്ടുകളില്‍ കാണിക്കുന്ന ഈ കരുത്ത് രാഷ്ട്രീയത്തിന്റെ കളത്തിലും തുടരുമോയെന്നാണ് അറിയേണ്ടത്. ക്രിക്കറ്റിലെ ഷോട്ടുകള്‍ രാഷ്ട്രീയത്തിലെ വാക്കുകളായി മാറും. നര്‍മത്തില്‍ ചാലിക്കുന്ന വാക്കുകള്‍ കൊണ്ട് സേവാഗ് ട്വിറ്ററില്‍ ഇതിനകം ഒട്ടേറെ ആരാധകരെ നേടിയിട്ടുണ്ട്. 

ഇതുപക്ഷെ രാഷ്ട്രീയത്തെക്കാളുപരി കായികരംഗവുമായി ബന്ധപ്പെട്ടാണെന്നുമാത്രം. എന്നാല്‍ ചില പൊതുകാര്യങ്ങളിലും സേവാഗ് നര്‍മത്തില്‍ ചാലിച്ച എന്നാല്‍ കുറിക്കുകൊള്ളുന്ന പോസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. ‘വാഹനങ്ങളില്‍ നിന്ന് പുക പുറത്തുവരുന്നത് നമുക്ക് കുറയ്ക്കാനാകും അതുപോലെ നമ്മള്‍ പുകച്ചുതള്ളുന്നതും കുറയ്ക്കണം’ എന്ന സേവാഗിന്റെ പോസ്റ്റിനു വന്‍ സ്വീകരണമാണ് ലഭിച്ചത്. 

ഗംഭീറാവട്ടെ കുറിക്കുകൊള്ളുന്ന വാക്കുകളിലൂടെയും നിലപാടുകളിലൂടെയുമാണ് തിളങ്ങുന്നത്. വായുമലിനീകരണത്തില്‍ പിഴയടച്ചതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ വിമര്‍ശിച്ച ഗംഭീര്‍ കയ്യടി നേടിയിരുന്നു. ‘ആപ്’വരുന്നതിനുമുമ്പ് ഡല്‍ഹിയില്‍ ഓക്സിജന്‍ ഉണ്ടായിരുന്നു. ഇപ്പോഴതില്ല എന്നും ട്വിറ്ററില്‍ കുറിച്ച ഗംഭീറിന് നല്ല പിന്തുണ ലഭിച്ചു. ഈ‍ഡന്‍ഗാര്‍ഡന്‍സില്‍ മണിയടിക്കാന്‍ മുഹമ്മദ് അസറുദ്ദീനു അവസരം നല്‍കിയതിനെ ഗംഭീര്‍ രൂക്ഷമായാണ് വിമര്‍ശിച്ചത്. ‘വാതുവെപ്പില്‍പ്പെട്ട കളങ്കിതന്്’ എന്തിന് അവസരം നല്‍കിയെന്നും ക്രിക്കറ്റ് അസോസിയേഷനിലേക്കുള്ള മല്‍സരത്തിന് എങ്ങനെ അനുവാദം കൊടുത്തുവെന്നുമാണ് ഗംഭീര്‍ ചോദിച്ചത്. അസറുദ്ദീന്‍ തെലങ്കാനയിലെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റ് ആണെന്നതും ഓര്‍ക്കണം. 

ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും രാജ്യാന്തര സ്കൂളും നടത്തുന്ന സേവാഗിനു ഹരിയാനയിലെ റോത്തക്കില്‍ ആളുകള്‍ക്കിടയില്‍ നല്ല സ്വാധീനമാണുള്ളത്. സൈനികര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്ന ഗംഭീര്‍ നാട്ടുകാരന്‍ എന്ന നിലയിലും ഡല്‍ഹിക്കാര്‍ നെഞ്ചേറ്റുമെന്നാണ് കണക്കുകൂട്ടല്‍.  രാഷ്ട്രീയത്തിന്റെ പിച്ചില്‍ എങ്ങനെ ഇടംപിടിക്കുമെന്നാണ് അറിയേണ്ടത്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.