അതി'ഗംഭീരം' ഈ കരിയർ; വിജയഗാഥകളുടെ കണക്കുകളിതാ; വെടിക്കെട്ടുകളുടെ യുഗം

GABHIR
SHARE

ഇന്ത്യക്ക് വേണ്ടി അതി ഗംഭീര വിജയങ്ങൾ സംഭാവന ചെയ്ത താരമാണ് ഗൗതം ഗംഭീർ. മഹേന്ദ്രസിങ് ധോണിക്കു കീഴിൽ ഇന്ത്യ നേടിയ രണ്ട് ലോകകപ്പുകൾ നേടിയ ടീമിൽ അംഗമായിരുന്നു ഈ ഇതിഹാസ താരം. ഗംഭീർ എന്ന വെടിക്കെട്ട് ബാറ്റ്സ്മാനെയും െഎപിഎല്ലുകളിലുടെ മികച്ച ക്യാപ്റ്റനായും ആരാധകർ ഗംഭീറിനെ കണ്ടുകഴി‍ഞ്ഞു. എന്നാൽ 2007ലെ ട്വന്റി20 ലോകകപ്പ് ഫൈനലിലും 2011ലെ ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ഗംഭീറായിരുന്നു. സമാനതകളില്ലാത്ത ഒരു യുഗമാണ് ഗംഭീറിന്റെ വിരമിക്കലോടുകൂടി ക്രിക്കറ്റിൽ അവസാനിക്കുന്നത്.

2007 ന്റി 20 ലോകകപ്പ് ഫൈനലിൽ 75 റൺസോടെയാണ് ഗംഭീർ ടോപ് സ്കോററായത്. 2011 ലോകകപ്പ് ഫൈനൽ അധികം ആരും വിസ്മരിക്കാൻ ഇടയില്ല. അവസാന നിമിഷത്തെ ബാറ്റിങ് വെടിക്കെട്ടിലൂടെ കയ്യടി നേടിയത് ധോണിയായിരുന്നെങ്കിലും സച്ചിന്റെയും സേവാഗിന്റെയും വിക്കറ്റുകൾ നഷ്ടമാക്കി കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ ഇന്ത്യയ്ക്കായി നങ്കൂരമിട്ടത് ഗംഭീറായിരുന്നു.ധോണിയുമൊത്തുള്ള അവസാനനിമിഷത്തെ ആ കൂട്ടുകെട്ടിൽ പിറന്നത് 109 റൺസായിരുന്നു. അന്ന് ഫൈനലിൽ 97 റൺസെടുത്താണ് ഗംഭീർ പുറത്തായത്.

ഗംഭീറിന്റെ ആ െഎതിഹാസിക കരിയറിന്റെ കണക്കുകളിതാ..

∙ വീരേന്ദർ സേവാഗും ഗംഭീറും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് വാരിക്കൂട്ടിയത് 87 ടെസ്റ്റിൽ 52.52 ശരാശരിയിൽ നേടിയത് 4412 റൺസ്. ടെസ്റ്റിൽ ഇന്ത്യയ്ക്കായി കൂടുതൽ റൺസ് നേടിയ ഓപ്പണിങ് കൂട്ടുകെട്ടും ഇവരാണ്.

∙ 2009ലെ ഐസിസി പ്ലെയർ ഓഫ് ദ് ഇയർ പുരസ്കാരം. അതേ വർഷം ടെസ്റ്റ് ബാറ്റിങിലെ ഒന്നാം സ്ഥാനം

∙ ന്യൂസീലൻ‌ഡിനെതിരെ 2009 നേപ്പിയർ ടെസ്റ്റിൽ പൊരുതി നേടിയ 137 റൺസോടെ ഇന്ത്യയ്ക്കു സമനില നൽകി

∙ സർ ഡൊണാൾഡ് ബ്രാഡ്മാൻ (ഓസീസ്), ജാക് കാലിസ് (ദക്ഷിണാഫ്രിക്ക), മുഹമ്മദ് യൂസഫ് (പാക്കിസ്ഥാൻ) എന്നിവർക്ക് പിന്നാലെ തുടർച്ചയായ 5 ടെസ്റ്റ് മൽസരങ്ങിൽ സെഞ്ചുറിയടിച്ച 4 താരങ്ങളിൽ ഒരാളായി.

∙ ഏകദിനത്തിൽ നായകനായ 6 മൽസരങ്ങളിലും ഇന്ത്യയെ വിജയത്തിലെത്തിച്ചു.കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 2 വട്ടം ഐപിഎൽ കിരീടത്തിലും

∙ ഗംഭീറിന്റെ തകർപ്പൻ പ്രകടനങ്ങളിലേറെയും വിദേശങ്ങളിൽ. 58 ടെസ്റ്റുകളിൽനിന്ന് ഒൻപതു സെഞ്ചുറികൾ ഉൾപ്പെടെ 41.95 റൺസ് ശരാശരിയിൽ ഗംഭീർ നേടിയിട്ടുള്ളത് 4154 റൺസാണ്. ഇതിൽ നാട്ടിൽ കളിച്ച 34 ടെസ്റ്റുകളിൽ ഗംഭീറിന്റെ ശരാശരി 40.73 ആണ്. വിദേശത്തു കളിച്ച 24 ടെസ്റ്റിലാകട്ടെ, 43.61 ഉം!

∙ ന്യൂസീലൻഡിലും ദക്ഷിണാഫ്രിക്കയിലും മികച്ച റെക്കോർഡുള്ള താരം

∙ 2008 ജൂലൈ മുതൽ 2010 ജനുവരി വരെയുള്ള കാലയളവിൽ ലോക ക്രിക്കറ്റിലെ ഒന്നാം നമ്പർ താരം ഗംഭീറായിരുന്നു. ഇക്കാലയളവിൽ 15 ടെസ്റ്റുകൾ കളിച്ച ഗംഭീർ നേടിയത് 2068 റണ്‍സാണ്. ഇക്കാലയളവിൽ 76.59 റൺസ് ശരാശരിയുണ്ടായിരുന്ന ഗംഭീർ അക്കാര്യത്തിലും ഒന്നാമനായിരുന്നു. സ്വന്തമായുള്ള ഒൻപതു ടെസ്റ്റ് സെഞ്ചുറികളിൽ എട്ടെണ്ണവും ഗംഭീർ നേടിയത് ഇക്കാലയളവിലാണ്.

∙ ടെസ്റ്റിൽ ഈ കാലഘട്ടത്തിൽ ഗംഭീറിനോളം പന്തുകൾ നേരിട്ട താരവും (3891), ക്രീസിൽ സമയം ചെലവഴിച്ച താരവും (5557 മിനിറ്റ്) മറ്റാരുമില്ല! ടെസ്റ്റിൽ ഗംഭീറിന്റെ ഏക ഇരട്ട സെഞ്ചുറി പിറന്നതും ഇക്കാലയളവിലാണ്. ഓസ്ട്രേലിയയ്ക്കെതിരെ ഡൽഹിയിൽ നേടിയ 206 റൺസ്!

∙ റൺസ് പിന്തുടരുമ്പോൾ ഏകദിനത്തിൽ സച്ചിൻ തെൻഡുൽക്കർ (42.33), സൗരവ് ഗാംഗുലി (39.46) എന്നിവരേക്കാൾ മികച്ച റൺ ശരാശരിയുള്ള താരമാണ് ഗംഭീർ

∙ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും മികച്ച റെക്കോർഡുള്ള താരം.ഇന്ത്യയ്ക്കായി 36 ട്വന്റി20 ഇന്നിങ്സുകളിൽനിന്ന് 27.41 റൺസ് ശരാശരിയിൽ 932 റൺസാണ് സമ്പാദ്യം. അതിൽത്തന്നെ, ട്വന്റി20 ലോകകപ്പിന്റെ ആദ്യ പതിപ്പിൽ (2007) പുറത്തെടുത്ത പ്രകടനം തന്നെ ഹൈലൈറ്റ്. അന്ന് ഓസീസ് താരം മാത്യു ഹെയ്ഡനു ശേഷം ഏറ്റവും ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ഗംഭീറായിരുന്നു. ആറ് ഇന്നിങ്സുകളിൽനിന്ന് 37.83 റൺസ് ശരാശരിയിൽ 227 റണ്‍സാണ് ഗംഭീർ അടിച്ചുകൂട്ടിയത്. ഫൈനലിൽ പാക്കിസ്ഥാനെതിരെ വെരും 54 പന്തുകളിൽനിന്നു നേടിയ 75 റൺസും ഇതിൽ ഉള്‍പ്പെടുന്നു. ഇതുൾപ്പെടെ ആകെ മൂന്ന് അർധസെഞ്ചുറികളും ഗംഭീർ നേടി.

∙ 2012-2014 കാലഘട്ടങ്ങളിൽ കെകെആറിനെ കിരീടം ചൂടിച്ചു. കൊൽക്കത്തയ്ക്കായി 121 ഇന്നിങ്സുകളിൽനിന്ന് 31.26 റൺസ് ശരാശരിയിൽ 3345 റൺസാണ് ഗംഭീറിന്റെ സമ്പാദ്യം. ക്ലബ്ബിനായി ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള താരം ഗംഭീർ തന്നെ. സുരേഷ് റെയ്ന, വിരാട് കോഹ്‍ലി, രോഹിത് ശർമ എന്നിവർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും ഗംഭീർ തന്നെ. ഡേവിഡ് വാർണർ, വിരാട് കോഹ്‍ലി എന്നിവർ കഴിഞ്ഞാൽ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ അർധസെഞ്ചുറികൾ (36) എന്ന റെക്കോർഡും സുരേഷ് റെയ്നയ്ക്കൊപ്പം ഗംഭീർ പൊക്കറ്റിലാക്കി.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.