കോഹ്‌ലിയെ വീഴ്ത്താന്‍ വാക്ശരം പോരാ, നല്ല ഏറുവേണം: ഓസീസിന് ‘ഉപദേശം’

virat-kohli-new
SHARE

ഓസ്ട്രേലിയയ്ക്കെതിരെ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരം, ഓസ്ട്രേലിയന്‍ ബോളിങ് നിരയ്ക്കെതിരെ ഉയര്‍ന്ന ശരാശരി, അഞ്ചുസെഞ്ചുറികള്‍, തുടര്‍ച്ചയായി മൂന്നു കലണ്ടര്‍ വര്‍ഷം ആയിരത്തിലേറെ റണ്‍സും നേടിനില്‍ക്കുന്ന വിരാട് കോഹ്‌ലിയെ വീഴ്ത്തിയാല്‍ ഇന്ത്യയെ തോല്‍പിക്കാമെന്നാണ് ഓസ്ട്രേലിയയുടെ പ്രതീക്ഷ. എന്നാല്‍ വാക്ശരങ്ങള്‍ കൊണ്ട് എതിരാളിയെ വീഴ്ത്തുന്ന പതിവ് വിരാട് കോഹ്‌ലിക്കുമുന്നില്‍ ഫലപ്രദമാവില്ലെന്ന് ഇത്തരം വെല്ലുവിളികളുടെ ആശാനായിരുന്ന റിക്കി പോണ്ടിങ് പറയുന്നു. 

എന്തിന് കോഹ്‌ലിയെ ഭയക്കണം

ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ നാട്ടില്‍ എട്ടു ടെസ്റ്റ് കളിച്ച വിരാട് കോഹ്‌ലി 992റണ്‍സ് നേടിയിട്ടുണ്ട്.  ഇന്ത്യന്‍ ബാറ്റ്സ്ന്മാരില്‍ രണ്ടാംസ്ഥാനം. 38 ഇന്നിങ്സ് കളിച്ച സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 1809റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍ ശരാശരിയില്‍ സച്ചിനെക്കാള്‍ മുന്നിലാണ് കോഹ്‌ലി. സച്ചിന്റെ ആറു സെഞ്ചുറിയെന്ന് റെക്കോര്‍ഡ് മറികടക്കാന്‍ കോഹ്‌ലിക്കിനി രണ്ടു സെഞ്ചുറി മതി. 2016മുതല്‍ തുടര്‍ച്ചയായി മൂന്നു കലണ്ടര്‍വര്‍ഷം ആയിരം റണ്‍സ് തികച്ച കോഹ്‌ലി ഈവര്‍ഷം ഇതുവരെ 10ടെസ്റ്റില്‍ നിന്ന് 1063റണ്‍സ് നേടിയിട്ടുണ്ട്.ഓസ്ട്രേലിയയ്ക്കെതിരെ ഒരു പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യാക്കരന്‍ എന്ന ബഹുമതിയുമായിട്ടാണ് ഇത്തവണ കോഹ്‌ലി പര്യടനത്തിന് എത്തിയിരിക്കുന്നത്. 

2014–2015പരമ്പരയില്‍ അഡ്്ലെയ്‍‌ഡില്‍ നടന്ന ആദ്യമല്‍സരത്തില്‍ തന്നെ കോഹ്‌ലി രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയിരുന്നു. അതുകൊണ്ട് അഡ്‌ലെയിഡില്‍ വ്യാഴാഴ്ച ആരംഭിക്കുന്ന ആദ്യടെസ്റ്റില്‍ വിരാട് കോഹ്‍‌ലിക്കു തന്നെ ആധിപത്യം. 

കോഹ്‌ലിയെ വീഴ്ത്താന്‍ വാക്ശരം പോരാ, നല്ല ഏറുവേണം

‌എറിയുന്ന പന്തുകള്‍ക്ക് അധികം വ്യതിയാനം ഇല്ലെങ്കില്‍ വിരാട് കോഹ്‌ലിയെ പുറത്താക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് റിക്കി പോണ്ടിങ് വിലയിരുത്തുന്നു. വാക്ശരങ്ങള്‍ കൊണ്ടുമാത്രം കാര്യം നടക്കില്ല, കോഹ്‌ലിയെ അത്തരം കാര്യങ്ങള്‍ ഏശില്ല, ഞങ്ങളുടെ കാലത്ത് വാക്ശരങ്ങള്‍ പ്രയോഗിച്ചെങ്കിലും അപ്പോള്‍ നല്ല ബോളിങ് കാഴ്ചവച്ചതിനാലാണ് അത് വിജയം കണ്ടതെന്നും പോണ്ടിങ് പറഞ്ഞു. 

ഇന്നിങ്സിന്റെ ആദ്യഭാഗത്ത് അധികം ബൗണ്ടറികള്‍ അടിക്കാന്‍  കോഹ്‌ലിയെ അനുവദിക്കരുത്, ഇതിനായി ബൗണ്ടറി ലൈനില്‍ ഫീല്‍ഡര്‍മാരെ അണിനിരത്തണം, ബോളിങ് വരിഞ്ഞുമുറുകണം, തേര്‍ഡ്മാനിലേക്ക് കൂടുതല്‍ കളിക്കുന്നതിനാല്‍ ഫീല്‍ഡര്‍മാരെ ശരിയായി വിന്യസിച്ചാല്‍ ക്യാച്ച്ഔട്ടാക്കാമെന്നും പോണ്ടിങ് പറയുന്നു. എന്തായാലും അഡ്്്ലെയ്ഡില്‍ വ്യാഴാഴ്ച ആദ്യ ടെസ്റ്റ് തുടങ്ങുമ്പോള്‍ അത് വിരാട് കോഹ്‌ലിയും ഓസ്ട്രേലിയന്‍ ബോളിങ്ങും തമ്മിലുള്ള പോരാട്ടം ആയിരിക്കും.

MORE IN SPORTS
SHOW MORE