ബ്ലാസ്റ്റേഴ്സിന് ഇന്ന് നിലനിൽപിന്റെ പോരാട്ടം; കാത്തിരിപ്പ്

Kerala-Blasters-FC-players-with_
SHARE

ഇന്ത്യൻ സൂപ്പർലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് കൊച്ചിയില്‍ ഇന്ന് നിലനിൽപിന്റെ പോരാട്ടം. മികച്ച ഫോമിൽ കളിക്കുന്ന ജംഷഡ്പൂർ എഫ്.സിയാണ് എതിരാളികൾ. ഇന്ന് ജയിക്കാനായില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിക്കും. ജർമൻ ഫുട്ബോൾ ഇതിഹാസം ലോതർ മത്തേയസും കളി കാണാനെത്തും. ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിൽ മാനേജ്മെൻറിനും കോച്ചിനുമെതിരെ സ്റ്റേഡിയത്തിന് അകത്തും പുറത്തും പ്രതിഷേധിക്കാനൊരുങ്ങുകയാണ് ആരാധകർ. 

മൂന്നു പോയിൻറ്. കൊച്ചിയിൽ ജംഷ്ഡ്പൂരിനെതിരെ ഗ്രൗണ്ടിലിറങ്ങുമ്പോൾ അതുമാത്രമാണ് ഓരോ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെയും കോച്ച് ഡേവിഡ് ജെയിംസിൻറെയും മനസിൽ. എന്ത് സൂത്രവാക്യങ്ങൾ പ്രയോഗിച്ചായാലും ആ മൂന്ന് പോയിൻറ് ബ്ലാസ്റ്റേഴ്സിന് നേടിയേ മതിയാകൂ. ഇന്ത്യൻ സൂപ്പർ ലീഗിൻറെ അഞ്ചാം സീസണിൽ അവസാന നാലു പേരിൽ ഒന്നാകാൻ ഇന്ന് വിജയിക്കാതെ തരമില്ല. ഈ സീസണിൽ ഒൻപത് കളികൾ കളിച്ചതിൽ ഒന്നിൽ മാത്രമാണ് ജയിക്കാനായത്. മൂന്നെണ്ണം തോറ്റു. അഞ്ചെണ്ണം സമനിലയായി. മൂന്നു മൽസരങ്ങളിലെങ്കിലും അവസാന നിമിഷങ്ങളിൽ വഴങ്ങിയ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിൻറെ പക്കൽ നിന്ന് വിജയം തട്ടിയെടുത്തത്. ജംഷഡ്പൂരിനെതിരെ ആ ദൗർബല്യം മറികടക്കുക തന്നെ വേണം. 

പരുക്കേറ്റ് വിശ്രമത്തിലായ നിക്കോള കെർച്മെരാവിച്ച് കൊച്ചിയിൽ കളിക്കില്ല.  പരുക്കിൽ നിന്ന് മോചിതരായി വരുന്ന പെക്കൂസനും സ്റ്റോയ്നോവിച്ചും ഒരു പക്ഷേ ജംഷഡ്പൂരിനെതിരെ കളിച്ചേക്കും. ഇന്ന് ജയിച്ചാൽ പോയിൻറ് ടേബിളിൽ രണ്ടാം സ്ഥാനമാണ് ജംഷഡ്പൂരിനെ കാത്തിരിക്കുന്നത്. ഒപ്പം പ്ലേ ഓഫിലേക്ക് സുഗമമായ മുന്നേറ്റവും. ഓസ്ട്രേലിയൻ ഇതിഹാസ താരം ടിം കാഹിലിൻറെ സാന്നിധ്യമാണ് ജംഷഡ്പൂരിൻറെ ഹൈലൈറ്റ്.

കാഹിലിനൊപ്പം സിഡോഞ്ചയും സുമിത് പാസിയും ചേരുന്ന മുന്നേറ്റ നിരയ്ക്ക് മൂർച്ച കൂടുതലാണ്. പ്രതിരോധത്തിൽ ക്യാപ്റ്റൻ ടിരിയും, മധ്യനിരയിൽ മിമോയും മാരിയോയും ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയാകും. മികച്ച താരങ്ങളുടെ നിരയുണ്ടായിട്ടും പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനാകാത്തത് ജംഷഡ്പൂരിന് ക്ഷീണമാകുന്നു. കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിനെ തോൽപിച്ച് ഈ കുറവ് മറികടക്കാമെന്ന് ടാറ്റയുടെ ടീം കരുതുന്നു. 

MORE IN SPORTS
SHOW MORE