ഡയാന എദുല്‍ജിക്ക് മിതാലി രാജിനോട് എന്താണ് പ്രശ്നം? അസൂയയോ ഇരട്ടത്താപ്പോ?

diana-mithali-raj
SHARE

വിസ്ഡന്‍ ക്രിക്കറ്റര്‍ പുരസ്കാരം ലഭിച്ച ഇന്ത്യയുടെ ആദ്യ വനിതാ താരം, 20വര്‍ഷമായി ടീമിന്റെ നിറ സാന്നിധ്യം, വയസ് 35ആയെങ്കിലും ഇക്കഴിഞ്ഞ വനിതാ ട്വന്റി 20 ലോകകപ്പില്‍ രണ്ട് അര്‍ധസെഞ്ചുറി നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു. ട്വന്റി 20 ക്രിക്കറ്റില്‍ രോഹിത് ശര്‍മയെക്കാളും വിരാട് കോഹ്‌ലിയെക്കാളും റണ്‍സ്. എന്നിട്ടും വനിതാ ട്വന്റി 20 ലോകകപ്പിലെ സെമിഫൈനലില്‍ മിതാലിയെ പുറത്തിരുത്താനായിരുന്നു ടീം മാനേജ്മെന്റിന്റെ തീരുമാനം. ഇരുപത് വര്‍ഷം ടീമിനായി കഠിനാധ്വാനം ചെയ്ത തന്നോട് കോച്ച് രമേഷ് പൊവാറും ക്രിക്കറ്റ് സമിതി അംഗം ഡയാന എദുല്‍ജിയും കാണിച്ചത് നീതികേടും നെറികേടുമെന്ന് മിതാലി ക്രിക്കറ്റ് ബോര്‍ഡിന് തുറന്നെഴുതി.

എദുല്‍ജിയുടേത് ഇരട്ടത്താപ്പെന്ന് മുന്‍ പരിശീലകന്‍

ഡയാന എദുല്‍ജിക്ക് ഇരട്ടത്താപ്പെന്ന് ഇന്ത്യന്‍ വനിതാ ടീമിന്റെ മുന്‍ പരിശീലകന്‍ തുഷാര്‍ ആരോതെ പറയുന്നു. മലേഷ്യയില്‍ വച്ചു നടന്ന ഏഷ്യാകപ്പിനിടെ ടീം സിലക്ഷനില്‍ എദുല്‍ജി ഇടപെട്ടിരുന്നുവെന്നാണ് തുഷാര്‍ പറയുന്നത്. അതുപക്ഷെ ടീം മാനേജ്മെന്റ് പൂജ വസട്രാക്കര്‍ എന്ന താരത്തെ ഒഴിവാക്കിയപ്പോഴാണ് ഇടപെട്ടത്. ക്യാച്ച് എടുക്കുന്നതില്‍ തുടര്‍ച്ചയായ വീഴ്ച വരുത്തിയ പൂജയെ ഒരു മല്‍സരത്തില്‍ പുറത്തിരുത്താന്‍ തീരുമാനിച്ചപ്പോള്‍ എദുല്‍ജി അന്നത്തെ കോച്ചായ തന്നെയും ക്യാപ്റ്റനെയും ടീം മാനേജരെയും ടീം സിലക്ഷന്‍ ശരിയായില്ലെന്ന് പറഞ്ഞ് ശാസിച്ചെന്നും. ടീം തിരഞ്ഞെടുപ്പ് താന്‍ കൂടി അറിയണമെന്നമട്ടില്‍ സംസാരിച്ചെന്നുമാണ് തുഷാര്‍ പറയുന്നു. ആ എദുല്‍ജിയാണ് മിതാലിയെ ഒഴിവാക്കിയ കാര്യം പറഞ്ഞപ്പോള്‍ എല്ലാം ടീം മാനേജ്മെന്റിന്റെ തീരുമാനം എന്ന് പറഞ്ഞ് ഒഴിഞ്ഞത്. കൂടുതലൊന്നും പ്രതികരിക്കാനും എദുല്‍ജി തയാറായിട്ടില്ല.

എന്താണ് എദുല്‍ജിക്ക് പ്രശ്നം?

മിതാലി രാജുമായി ഡയാന എദുല്‍ജിക്ക് വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടോയെന്നത് വ്യക്തമല്ല. എങ്കിലും മിതാലിയെ ഒഴിവാക്കണമെന്ന നിര്‍ദേശം ടീം മാനേജ്മെന്റിന് നല്‍കിയത് ഡയാന എദുല്‍ജിയാണെന്ന് പലരും പറയാതെ പറയുന്നു.   ഇക്കാര്യം മിതാലിയുടെ കത്തില്‍ വ്യക്തമാണ്. ഇപ്പോള്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒയ്ക്കും ജനറല്‍മാനേജര്‍ക്കും മുന്നില്‍ ഹാജരായ ടീം കോച്ച് രമേഷ് പൊവാറും എദുല്‍ജിയാണ് പ്രശ്നക്കാരിയെന്ന് പറയാതെ പറയുന്നു.  മിതാലിയെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും തന്നിഷ്ടക്കാരിയാണെന്നും കോച്ച് രമേഷ് പൊവാര്‍ ക്രിക്കറ്റ് ബോര്‍ഡിന് മുന്നില്‍ പറഞ്ഞു. ‘തന്നെ ഓപ്പണറാക്കിയില്ലെങ്കില്‍ വിരമിക്കുമെന്ന് പാക്കിസ്ഥാനെതിരായ മല്‍സരത്തിന് മുമ്പ് മിതാലി പറഞ്ഞതായും പൊവാര്‍  അവകാശപ്പെടുന്നു. പക്ഷെ പരിശീലന സമയത്ത് തന്നെ ശ്രദ്ധിക്കാത്ത കോച്ച് തന്നോട് സംസാരിക്കാറില്ലായിരുന്നുവെന്ന് മിതാലിയും പറയുന്നു.

MORE IN SPORTS
SHOW MORE