ബൗളറുടെ കയ്യിൽ നിന്നു പന്ത് നേരെ ആകാശത്തേക്ക്, ഗ്രൗണ്ടിൽ ചിരി; വിഡിയോ

rabada-bowling
SHARE

ക്രിക്കറ്റ് മൈതാനത്ത് താരങ്ങൾക്കു പറ്റുന്ന അബദ്ധങ്ങൾ പലപ്പോഴും ട്രോളുകൾക്കും ചിരിയ്ക്കും ഇടയാക്കാറുണ്ട്. റണ്ണൗട്ടുകൾക്കിടയിലുണ്ടാകുന്ന ആശയക്കുഴപ്പങ്ങൾ, ബാറ്റ് കയ്യിൽ നിന്നും തെറിച്ചു പോകുക, താരങ്ങളുടെ വീഴ്ച തുടങ്ങിയവയെല്ലാം ചിരിക്കിടയാക്കുന്ന രംഗങ്ങളായിരുന്നു. 

ക്യൂൻസ്‌ലൻഡിൽ ഓസ്ട്രേലിയ– ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരത്തിനിടയിലും ചിരിക്കിടയാകുന്ന രംഗമുണ്ടായി. ദക്ഷിണാഫ്രിക്കയുടെ മികച്ച പേസർമാരിലൊരാളായ കാഗിസോ റബാദ എറിഞ്ഞ പന്താണ് വില്ലനായത്. ഓസ്ട്രേലിയ രണ്ടാമത് ബാറ്റ് ചെയ്യുന്നു. ഒൻപതാം ഓവർ എറിയുന്നത് റബാദ. റണ്ണപ്പെടുത്ത് ക്രീസിലേക്ക് കുതിച്ചെത്തിയ താരത്തിന്റെ കയ്യിൽ നിന്നും പന്ത് തെന്നി നേരെ മുകളിലേക്കുയർന്നു. 

ഗള്ളിയിൽ നിന്നിരുന്ന ഫീൽഡറുടെ കയ്യിലാണ് പന്ത് ചെന്നു വീണത്. അൽപനേരത്തേക്ക് എന്താണ് സംഭവിച്ചതെന്നു പിടികിട്ടിയില്ല. ആദ്യം ചിരിച്ചത് റബാദ തന്നെ. ക്രീസിൽ ബാറ്റ് ചെയ്യുകയായിരുന്ന ഓസീസ് താരം മാക്‌സ്‌വെല്ലിനും ചിരിയടക്കാനായില്ല. പന്ത് അംപയർ ഡെഡ്ബോൾ വിളിക്കുകയും ചെയ്തു. ക്രിക്കറ്റിലെ ഏറ്റവും മോശം പന്തുകളിൽ ഒന്നായാണ് ആരാധാകർ ഇതിനെ വിലയിരുത്തുന്നത്. 

മത്സരത്തിൽ ദക്ഷിണാഫ്രിക്ക 21 റൺസിനു ഓസ്ട്രേലിയയെ പരാജയപ്പെടുത്തി. ദക്ഷിണാഫ്രിക്ക ആറു വിക്കറ്റിന് 108 റൺസെടുത്തു. ഓസീസിനു ഏഴു വിക്കറ്റ് നഷ്ടത്തിൽ 87 റൺസെടുക്കാനേ സാധിച്ചുള്ളൂ. 

MORE IN SPORTS
SHOW MORE