ഇന്ത്യന്‍ ടീമിലെത്താന്‍ ഈ പയ്യന്‍ ഇനിയെന്തു ചെയ്യണം..? ജലജ് സക്സേനയുടെ ദുര്യോഗം..!

jalaj-saxena
SHARE

ഗ്ലാമറില്ല, ആക്രോശമില്ല, മണിയടിയുമില്ല, പക്ഷെ ബാറ്റെടുത്താല്‍ റണ്‍സ് വാരിക്കൂട്ടും, ബോളെടുത്താല്‍ എതിരാളികളെ എറിഞ്ഞിടും. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഈ സീസണില്‍ കേരളത്തിന് ആദ്യജയമൊരുക്കിയ ജല‍ജ് സക്സേനയെന്ന ഓള്‍റൗണ്ടര്‍ ആണ് കഥാനായകന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അയ്യായിരം റണ്‍സും 200ലധികം വിക്കറ്റ് നേടിയിട്ടും പക്ഷേ ഇന്ത്യന്‍ ടീമിലേക്ക് പ്രവേശനമില്ല.  ഇപ്പോഴിതാ കേരളത്തിനായി 45 റണ്‍സ് വിട്ടുകൊടുത്ത് 8 വിക്കറ്റെടുത്ത് കരിയറിലെ മികച്ച പ്രകടനം നടത്തിയിരിക്കുന്നു. ബോളിങ്ങിലെ ഈ നേട്ടത്തിനുമുമ്പേ സെഞ്ചുറിയും നേടി. ആന്ധ്രയ്ക്കെതിരെ നടത്തിയ മികച്ച ഓള്‍റൗണ്ട് പ്രകടനത്തോടെ കളിയിലെ താരവുമായി. 

ആരാണ് ജലജ് സക്സേന?

മധ്യപ്രദേശിലെ സാധാരണ കുടുംബത്തില്‍ ജനിച്ച ജലജ് സക്സേന, പിതാവിനെപ്പോലെ നീന്തല്‍ താരമാകാന്‍ കൊതിച്ചു. എന്നാല്‍ അലര്‍ജിമൂലം നീന്തല്‍ക്കുളം വിടേണ്ടിവന്നു. എട്ടാം വയസില്‍ ചേട്ടന്‍ ജതിനൊപ്പം ക്രിക്കറ്റ് കളിക്കാന്‍ കൂടി. ജലജിനും ജതിനും വേണ്ടി അച്ഛന്‍ മണിക്കൂറുകളോളം പരിശീലനം നല്‍കി. ബാറ്റുചെയ്യാനും ബോള്‍ചെയ്യാനുമുള്ള അടിസ്ഥാന പാഠങ്ങള്‍ പിതാവില്‍ നിന്ന് പഠിച്ചെടുത്ത ജലജ് പതിയെ മധ്യപ്രദേശിന്റെ ടീമിലെത്തി. 

jalaj-saxena-two

നരേന്ദ്ര ഹിര്‍വാനി എന്ന സൂപ്പര്‍ സ്പിന്നര്‍ പിറന്ന നാട്ടില്‍ നിന്ന് ആഭ്യന്തര ക്രിക്കറ്റിലേക്ക് പതിയെ ചുവടുവച്ചുകയറി. 2005ല്‍ കേരളത്തിനെതിരെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം. ആദ്യ ഇന്നിങ്സില്‍ നേടിയത് 27റണ്‍സ് മാത്രം. പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം കണ്ടത് മികച്ച ഒരു ഓള്‍റൗണ്ടറെ. 2014–15സീസണിലും 2015–2016സീസണിലും മികച്ച ഓള്‍റൗണ്ടര്‍ക്കുള്ള പുരസ്കാരം നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ആദരിച്ചു.  ഇതുവരെ 102 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്ന് 13സെഞ്ചുറി ഉള്‍പ്പെടെ 5654റണ്‍സ് നേടി. 194റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ഓഫ്സ്പിന്നിലൂടെ 273 വിക്കറ്റ് നേടിയ ജലജ് 16തവണ അഞ്ചുവിക്കറ്റ് നേട്ടം കൈവരിച്ചു. 

ജലജിന്റെ സ്വപ്നം എന്ത്?

കേരളത്തിനായി സീസണിലെ ആദ്യ ജയം ഒരുക്കാനായതില്‍ വളരെയേറെ സന്തോഷമുണ്ടെന്ന് മല്‍സരശേഷം ജലജ് മനോരമന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. കരിയറിലെ മികച്ച ബോളിങ് നടത്താനായത് വളരെ സവിശേഷമായി തോന്നുന്നു, എന്നാല്‍ ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കുകയാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് 31കാരനായ ജലജ്  പറഞ്ഞു. 

നിരന്തരമായ പ്രകടനത്തിലൂടെ ദേശീയ ടീമിന്റെ വാതില്‍തുറക്കുമെന്നാണ് പ്രതീക്ഷയെന്നും കാത്തിരിക്കാന്‍ തയാറാണെന്നും ജലജ്. സച്ചിന്‍ തെന്‍ഡുല്‍ക്കറെ ഏറെ ആരാധിക്കുന്ന ജലജിന് ബോളിങ്ങില്‍ ഏറ്റവും ഇഷ്ട്ം ഹര്‍ഭജന്‍ സിങ്ങിനെയാണ്. മികച്ച പ്രകടനത്തിന് യോഗ ഏറെ ഗുണം ചെയ്തെന്നും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും കോച്ച് വാട്്മോറും നല്‍കുന്ന സ്വാതന്ത്ര്യം മികവ് പുറത്തെടുക്കാന്‍ സഹായിക്കുന്നുവെന്നും ജലജ്   പറയുന്നു.  ആസ്വദിച്ചുകളിക്കാന്‍ പറയുന്ന ക്യാപ്റ്റനും പരിശീലകനും ഏതൊരു കളിക്കാരന്റെയും സ്വപ്നമാണെന്നും ജലജ് പറഞ്ഞു.

ക്യാപ്റ്റന്‍ സച്ചിന്റെ ഇഷ്ടതാരം

വളരെ ശാന്തനായ കളിക്കാരനാണ് ജലജ് എന്ന് കേരള ടീമിന്റെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി പറഞ്ഞു. ടീമിന്റെ ആവശ്യങ്ങള്‍ മനസിലാക്കി ലോങ് സ്പെല്‍ എറിയാനും എപ്പോഴും ടീമിനുവേണ്ടി എന്തുംചെയ്യാന്‍ തയാറായി നില്‍ക്കുന്ന ജലജ് കേരളത്തിന്റെ നിധിയാണെന്ന് സച്ചിന്‍ ബേബി മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. മൂന്നുവര്‍ഷമായി കേരളത്തിനായി ജലജ് നിറഞ്ഞാടുകയാണെന്നും സച്ചിന്‍ ബേബി. 

നരേന്ദ്ര ഹിര്‍വാനി ഉള്‍പ്പെടെ  ഇന്ത്യയ്ക്കായി കളിച്ച താരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ  സിലക്ഷന്‍ കമ്മിറ്റിയിലും സംസ്ഥാന അസോസിയേഷനിലും വന്നെങ്കിലും അവരാരും ജലജിന്റെ പ്രകടനം കണ്ടില്ലെന്നത് സങ്കടകരമാണ്.  

MORE IN SPORTS
SHOW MORE