പതിനാലുകാരനു മുന്നിൽ അടിപതറി 'വിശ്വനാഥൻ'; സമനിലയിൽ കുരുക്കി 'അത്ഭുതബാലൻ'

nihal-sarin-viswanathan-anand
SHARE

വിശ്വനാഥൻ ആനന്ദ് എന്ന ഒറ്റ പേര് ലോകചെസ്സിന്റെ നെറുകയിൽ തൊട്ടിട്ട് കാലമേറേയായി. കീരിടവും ചെങ്കോലും ഇല്ലാതെ തന്നെ ലോകത്തെ കീഴടക്കിയ അതിബുദ്ധിവൈഭവമുളള ആ പോരാളിയെ സമനിലയിൽ തളച്ച് ചെസ്സിലെ അത്ഭുതബാലൻ. പ്രായം വെറും പതിനാല്. സ്വദേശം തൃശൂർ. കൊൽക്കത്തയിൽ നടന്ന ടാറ്റ സ്റ്റീൽ രാജ്യാന്തര റാപിഡ് ചെസ് മത്സരത്തിന്റെ എട്ടാം റൗണ്ടിൽ മലയാളി ബാലൻ അത്ഭുതപ്രകടനം പുറത്തെടുത്തപ്പോൾ സാക്ഷാൽ വിശ്വനാഥൻ ആനന്ദിന് വേറെ വഴികളില്ലായിരുന്നു. ആഗ്രഹിക്കാത്ത സമനില. ഒമ്പത് മത്സരങ്ങളിൽ ആറെണ്ണത്തിലും സമനില നേടിയ നിഹാൽ സരിൻ എന്ന കൊച്ചുമിടുക്കൻ ലോകചെസ്സിൽ തന്റെ വരവറിയിച്ചത്. മൂന്നെണ്ണത്തിൽ തോൽവി വഴങ്ങുകയും ചെയ്തു. നിഹാൽ നേടിയ സമനിലകളെല്ലാം തന്നെ വൻതാരങ്ങൾക്കൊപ്പമായിരുന്നുവെന്നത് ആ വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. 

റാപിഡ് ചെസിലെ മുൻ ലോകചാംപ്യൻ ആനന്ദിനെക്കൂടാതെ കഴിഞ്ഞ വർഷത്തെ ലോകചാംപ്യൻഷിപ്പിൽ റണ്ണർ അപ് ആയ സെർജി കറിയാക്കിൻ, നിലവിലെ ലോക മൂന്നാം നമ്പർ താരം മാമദ്യെറോവ്, ലോക 25–ാം നമ്പർ ഹരികൃഷ്ണ, 44–ാം നമ്പർ താരം വിദിത് ഗുജറാത്തി എന്നിവരോടൊല്ലാം മികച്ചപ്രകടനത്തിലൂടെ നിഹാൽ സമനിലയിൽ പിടിച്ചു

ഇതെന്റെ ആദ്യത്തെ സൂപ്പർ ടൂർണമെന്റാണ് വിനയം വിടാതെ കൊച്ചുമിടുക്കൻ പറയുന്നു. തൃശൂർ മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളെജിലെ ഡെർമറ്റോളജി  വിഭാഗത്തിലെ ഡോ.സരിന്റെയും സൈക്യാട്രി വിഭാഗത്തിലെ ഡോ.ഷിജിന്റെയും മകനായ നിഹാൽ തൃശൂർ ദേവമാതാ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.

വെള്ളക്കരുവിൽ കളിച്ചതിന്റെ ആനുകൂല്യം ഉപയോഗിച്ചുള്ള മുന്നേറ്റമായിരുന്നു നിഹാലിന്റേത്. സരിന്റെ മികവ് നന്നായി അറിയാവുന്ന ആനന്ദ് മികച്ചൊരു പോരാട്ടം പ്രതീക്ഷിച്ചു തന്നെയാണു കളിച്ചതെന്നു നിഹാലിന്റെ മാനേജർ പ്രിയദർശൻ ബൻജാൻ പറയുന്നു. സമനിലയിൽ പതറാതെ ഇരുവരും കളി വിശകലനം ചെയ്തു പിരിഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റില്‍ നിഹാല്‍ ലോക ചെസ് ഫെഡറേഷന്റെ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി സ്വന്തമാക്കിയിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന 53ാമത്തെ ഇന്ത്യൻ താരമായി ഇതോടെ നിഹാൽ മാറിയിരുന്നു. ഈ നേട്ടത്തിലെത്തുന്ന പ്രായം കുറഞ്ഞ 12ാമത്തെ താരമെന്ന നേട്ടവും ഇതോടെ നിഹാലിന് സ്വന്തമായി.

ഇന്ത്യന്‍ ചെസ്സിലെ അദ്ഭുതബാലനായാണ് നിഹാലിനെ അറിയപ്പെടുന്നത്. 2014-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന അണ്ടര്‍-10 ലോക ചെസ്സില്‍ കിരീടം നേടിയിരുന്നു. അബുദാബിയില്‍ നടന്ന മാസ്റ്റേഴ്‌സ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഉസ്‌ബെക്കിസ്താന്റെ തെമൂര്‍ കുയ്‌ബോകറോവിനെ സമനിലയില്‍ തളച്ചാണ് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിക്ക് വേണ്ടിയിരുന്ന മൂന്നാം നോമും നിഹാല്‍  നേടിയത്.

MORE IN SPORTS
SHOW MORE