ധോണിയേയും കോഹ്‍ലിയേയും മറികടക്കാൻ രോഹിത്; കാത്ത് റെക്കോഡുകളുടെ കോട്ട

Rohit-Sharma
SHARE

വെസ്റ്റ് ഇൻഡീസിനെതിരായി ഇന്ന് ട്വന്റി ട്വന്റി മത്സരം നടക്കുമ്പോൾ ഇന്ത്യൻ നായകൻ രോഹിത് ശർമയെ കാത്തിരിക്കുന്നത് ഒന്നിലധികം അപൂർവ്വ റെക്കോഡുകൾ. ഈ മത്സരത്തിലും വിജയിച്ച് പരമ്പര തൂത്തു വാരിയാൽ നായകനെന്ന നിലയിൽ ധോണിക്കും കോഹ്‌ലിക്കും സ്വന്തമാക്കാനാവാത്ത റെക്കോഡാണ് സ്വന്തമാക്കാനാവുക. മൂന്നു മത്സരങ്ങളുടെ ടി20 പരമ്പരയിൽ എല്ലാ മത്സരവും വിജയിച്ച് രണ്ടു തവണ പരമ്പര തൂത്തുവാരുന്ന ആദ്യ ഇന്ത്യൻ നായകനായി മാറാൻ ഇന്നത്തെ വിജയത്തോടെ രോഹിത്തിനു കഴിയും. താൽക്കാലികമായി മാത്രം ടീമിനെ നയിച്ചാണ് അപൂർവ്വ നേട്ടത്തിനരികിൽ രോഹിത് നിൽക്കുന്നത്.

ഇതിനു മുൻപ് 2017ൽ ശ്രീലങ്കയെയാണ് രോഹിതിന്റെ നായകത്വത്തിൽ ഇന്ത്യ 3-0ത്തിനു തൂത്തു വാരിയിരിക്കുന്നത്. ധോണിയും ഒരിക്കൽ ഇന്ത്യക്കൊപ്പം 3-0ത്തിനു ടി20 പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. 2016ൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു അത്. ടി20യിൽ ഇതു വരെ രണ്ടു നായകന്മാർക്കു മാത്രം സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ള റെക്കോഡിനരികെയാണ് രോഹിത് നിൽക്കുന്നത്. പാകിസ്ഥാൻ നായകൻ സർഫാറാസ് അഹമ്മദും അഫ്ഗാൻ നായകൻ അസ്ഗർ അഫ്ഗാനും മാത്രമാണ് ഇതു വരെ രണ്ടു തവണ ടി20 പരമ്പര 3- 0ത്തിനു സ്വന്തമാക്കിയിട്ടുള്ളത്.

ടി20യിലെ ഏറ്റവും വലിയ റൺവേട്ടക്കാരനെന്ന റെക്കോഡ് സ്വന്തമാക്കാനും ഈ മത്സരത്തിൽ രോഹിതിന് അവസരമുണ്ട്. 2203 റൺസുമായി ടി20 റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന താരത്തിന് ഒന്നാം സ്ഥാനത്തുള്ള ന്യൂസിലൻഡ് താരം മാർട്ടിൻ ഗുപ്ടിലിനെ മറികടക്കാൻ അറുപത്തിയൊൻപതു റൺസ് മാത്രം മതി. 86 ടി20 മത്സരങ്ങളിൽ നിന്നാണ് രോഹിത് ഇത്രയും റൺസ് അടിച്ചു കൂട്ടിയത്. ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യക്കാരനെന്ന വിരാട് കോഹ്‌ലിയുടെ റെക്കോഡും രോഹിത് ഈ സീരീസിൽ മറികടന്നിരുന്നു.

MORE IN SPORTS
SHOW MORE