35 രൂപയുടെ ദിവസക്കൂലിക്കാരൻ ലോകകപ്പ് ജേതാവായി; 'വാഴ്ത്തപ്പെടാത്ത നായകന്' പടിയിറക്കം

munaf-patel
SHARE

‘കളി അവസാനിപ്പിക്കുന്നതിൽ ദുഖമില്ല. ഒപ്പം കളിച്ചവർ എല്ലാം പടിയിറങ്ങി. ഇനി ധോണി മാത്രമാണ് വിരമിക്കാനുളളത്. സമയമായി. വിഷമിക്കാൻ ഒന്നുമില്ല. നേട്ടങ്ങളേ ഉളളൂ. പ്രായവും ഫിറ്റ്നസും തടസമാണ്. നിരവധി പ്രതിഭകളാണ് അവസരത്തിനു വേണ്ടി പുറത്തിരിക്കുന്നത്. ഇനിയും കടിച്ചു തൂങ്ങുന്നതിൽ കാര്യമില്ല. ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമിന്റെ ഭാഗമാകുക. വലിയ നേട്ടം തന്നെയാണ് അത്. ഇതിനപ്പുറം എനിക്ക് നേട്ടാൻ ഒന്നുമില്ല..’ പറയുന്നത് മുനാഫ് പട്ടേൽ ആണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ കഠിനാദ്ധ്വാനത്തിന്റെയും നിശ്ചയദാർഡ്യത്തിന്റെയും മുഖം. 

നീണ്ട പതിനഞ്ച് വർഷത്തെ കരിയറിന് അവസാനമാകുകയാണ്. ക്രിക്കറ്റർ ആയില്ലെങ്കിൽ ഞാൻ ആരാകുമായിരുന്നു. എന്റെ ഗ്രാമത്തിലുളള സുഹൃത്തുക്കളെ പോലെ ആഫ്രിക്കയിൽ നിത്യജീവിതത്തിനായി മല്ലിടുന്ന ഒരു തൊഴിലാളി ആകുമായിരുന്നു. ഗുജറാത്തിലെ പിന്നാക്കഗ്രാമത്തിൽ നിന്നാണ് എന്റെ വരവ്. ടൈൽ കഴുകയും പായ്ക്ക് ചെയ്യുകയും ചെയ്തിരുന്ന  ഞാൻ ഇന്ത്യൻ ക്രിക്കറ്റിൽ കളിക്കുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയിട്ടില്ല.  

ദിവസം 35 രൂപയായിരുന്നു എനിക്ക് കൂലിയായി കിട്ടിയിരുന്നത്. അത് ഒന്നിനും തികയുമായിരുന്നില്ല. കഷ്ടപ്പെട്ടാണ് പഠിച്ചത്. നരകതുല്യമായ ജീവിതമായിരുന്നു എന്റെ മാതാപിതാക്കളുടെ, ആ കുറവുകൾ ഞാൻ അറിയരുതെന്ന് നിർബന്ധമുണ്ടായിരുന്നു. എങ്കിലും കുറെയധികം ബുദ്ധിമുട്ടി. ക്രിക്കറ്റാണ് എല്ലാം തന്നത്. 

കരിയറിന്റെ തുടക്കത്തിൽ തന്നെ എല്ലാവരും തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും താൻ അപരിഷ്കൃതമായ ഒരു ഗ്രാമത്തിൽ നിന്ന് വന്നുകൊണ്ടാകാം അതെന്നും താരം പറയുന്നു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കാനാണ് താരത്തിന്റെ തീരുമാനം. 2011ൽ ഇന്ത്യ ലോകകപ്പ് കിരീടം ഉയർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച താരമാണ് മുനാഫ് പട്ടേൽ. കിരീട നേട്ടത്തിലെ വാഴ്ത്തപ്പെടാത്ത നായകനെന്നാണ് ഇന്ത്യൻ ലോകകപ്പ് ടീമിന്റെ ബോളിങ് പരിശീലകനായ എറിക് സൈമൻസ് മുനാഫിനെ വിശേഷിപ്പിച്ചത്. 2006ൽ ഇംഗ്ലണ്ടിനെതിരെയാണ് മുനാഫ് പട്ടേലിന്റെ രാജ്യന്തര അരങ്ങേറ്റം. മൂന്ന് വർഷം മാത്രമാണ് ടെസ്റ്റ് ടീമിൽ കളിച്ചതെങ്കിലും 2011 വരെ ഏകദിന ടീമിൽ നിർണ്ണായക സാനിധ്യമായിരുന്നു പട്ടേൽ. 13 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 35 വിക്കറ്റുകൾ വീഴ്ത്തിയ താരം ഏകദിനത്തിൽ 86 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്നു മുനാഫ് പട്ടേൽ.

MORE IN SPORTS
SHOW MORE