യുവന്റസിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നാടകീയമായ വിജയം

uefa
SHARE

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നാടകീയമായ വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ശക്തരായ യുവന്റസിനെ യുണൈറ്റ‍ഡ് പരാജയപ്പെടുത്തിയത്. മറ്റു മല്‍സരങ്ങളില്‍ റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്ക്, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ടീമുകളും വി‍‍ജയം കണ്ടു.  

യൂറോപ്പില്‍ ഈ വര്‍ഷം തോല്‍വിയറിയാത്ത ഏക ടീം എന്ന സ്ഥാനം ഇനി യുവന്റസിനില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ജോസേ മൗറീഞ്ഞോയുടെ തന്ത്രങ്ങളില്‍ അവര്‍ വീണു. ആദ്യ പകുതിയില്‍ ഗോള്‍ വല കുലുക്കാന്‍ യുവേ താരങ്ങള്‍ ഏറെ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

ഗോള്‍ രഹിത സമനിലയില്‍ കലാശിച്ച ആദ്യ പകുതിക്ക് ശേഷമാണ് മല്‍സരം കൊഴുത്തത്. 52ാം മിനിറ്റില്‍ ഡിബാലയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി പുറത്ത്. ഒടുവില്‍ കളിയുടെ 65ാം മിനിറ്റില്‍ തന്റെ പുതിയ ക്ലബിനായ് സാക്ഷാല്‍ റൊണാള്‍ഡോ ആദ്യ ചാമ്പ്യന്‍സ് ലീഗ് ഗോള്‍ നേടി. നല്ല ഉഗ്രന്‍ സ്റ്റൈലില്‍ തന്നെ. 

86ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്സിന്റെ തൊട്ടു പുറത്ത് ലഭിച്ച ഫ്രീക്കിക്കെടുത്ത യുവാന്‍ മാറ്റയ്ക്ക് ഉന്നം പിഴച്ചില്ല. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കേ ചുവന്ന ചെകുത്താന്മാരുടെ വക സമനില ഗോള്‍. 

തിരിച്ചടിക്കാന്‍ ഒരുങ്ങിയ യുവന്റസിനെ ഞെട്ടിച്ചുകൊണ്ട് 89ാം മിനിറ്റില്‍ യുവന്റസ് താരം അലക്സ് സാന്‍ട്രോയുടെ ഓണ്‍ ഗോള്‍. തിരിച്ചുവരവ് നടത്തിയ ആഹ്ലാദത്തില്‍ യുണൈറ്റഡ് താരങ്ങള്‍.

ഗോള്‍മഴ പെയ്ത ചാമ്പ്യന്‍ ലീഗ് രാവില്‍ മാഞ്ചസ്റ്റര്‍ സിറ്റി യുക്രേനിയന്‍ ക്ലബായ എഫ്.സി.ശക്തറിനെ തോല്‍പ്പിച്ചത് എതിരില്ലാത്ത ആറ് ഗോളിനായിരുന്നു. നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് ചെക്ക് റിപബ്ലിക്ക് ക്ലബായ എഫ്.സി വിക്ടോറിയ പല്‍സനെ തോല്‍പ്പിച്ചതാവട്ടെ എതിരില്ലാത്ത അഞ്ച് ഗോളിനും. മറ്റു മല്‍സരങ്ങളില്‍ എ.എസ് റോമയും ബയേണ്‍ മ്യൂണിക്കും വിജയം കണ്ടു. 

MORE IN SPORTS
SHOW MORE