ഇവന്‍ സഹീര്‍ ഖാന്റെ പിന്‍ഗാമി, കോഹ്‌ലിയുടെ അന്വേഷണം ഫലം കണ്ടു

khaleel-ahmed-1
SHARE

‘ആ ട്രോഫി കയ്യിയേന്തിയപ്പോള്‍ രുചിച്ചത് നിര്‍വചിക്കാനാവാത്ത സന്തോഷം, ആത്മവിശ്വാസം കൂട്ടുന്നു’ ടീം ഇന്ത്യയിലെ യുവതാരത്തിന്റെ വാക്കുകളാണിത്. ഉപ്പയോട് പറയാതെ ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ന്ന ഖലീല്‍ ഖുര്‍ഷിദ് അഹമ്മദ് ടീം ഇന്ത്യയുടെ ബോളിങ് നിരയിലെ പുതിയ താരോദയമാണ്. ആറടി ഒരിഞ്ചു പൊക്കമുള്ള ഖലീല്‍ അഹമ്മദ് ലക്ഷണമൊത്ത ഒരു ഇടംകയ്യന്‍ മീഡിയം പേസറാണ്. ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിലേക്ക് ഒരു ഇടംകയ്യന്‍ പേസറെ തേടിയിറങ്ങിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കുള്ള ഉത്തരമാണ് ഖലീല്‍ അഹമ്മദ്. 

സഹീര്‍ ഖാന്‍ ആരാധനാപാത്രം

കുട്ടിക്കാലത്ത് സഹീര്‍ ഖാനെയും ഇര്‍ഫാന്‍ പഠാനെയും ആരാധിച്ച ഖലീലിന് ക്രിക്കറ്റ് താരമാകണമെന്ന് മോഹമുണ്ടായിരുന്നെങ്കിലും പിതാവ് ഖുര്‍ഷിദ് അഹമ്മദിനോട് പറയാന്‍ ഭയമായിരുന്നു. ഒടുവില്‍ ഉപ്പയോട് പറയാതെ ഖലീല്‍ ക്രിക്കറ്റ് അക്കാദമയില്‍ ചേര്‍ന്നു. എങ്കിലും ആശുപത്രി ജീവനക്കാരനായ പിതാവ് മകന്റെ ക്രിക്കറ്റ് കളി അറിഞ്ഞു. ക്രിക്കറ്റ് വിലക്കിലേക്ക് നീണ്ടുപോകുമെന്ന് തോന്നിയ ഘട്ടത്തില്‍ ഖലീലിന്റെ പരിശീലകന്‍ ഇംതിയാസ് പിതാവിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. രാജസ്ഥാനിലെ ടോങ്കില്‍ ഒരു സാധാരണ കുടുംബത്തിലായിരുന്നു ഖലീലിന്റെ ജനനം. 

രാജസ്ഥാന്റെ ആഭ്യന്തര ക്രിക്കറ്റ് ലീഗിലൂടെ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലെത്തി. 2016ലെ അണ്ടര്‍ 19 ലോകകപ്പില്‍ ടീമിലെത്തി. കോച്ച് രാഹുല്‍ ദ്രാവിഡിന്റെ നിര്‍ദേശങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും എത്ര നന്ദിപറഞ്ഞാലും മതിയാവില്ലെന്നാണ് ഖലീലിന്റെ പക്ഷം. ലോകകപ്പിലെ മികവിനെ തുടര്‍ന്ന് ഡെയര്‍ ഡെവിള്‍സ് ടീമിലെത്തി. അവിടെ ബോളിങ് പരിശീലകനായിരുന്ന സഹീര്‍ ഖാന്റെ കീഴില്‍ പേസ് ബോളിങ്ങിലെ അടവുകള്‍ കൂടുതലായി സ്വായത്തമാക്കി. ഇന്‍സ്വിങ്ങറുകളും ഔട്ട് സ്വിങ്ങറുകളും യോര്‍ക്കറുകളും മൂര്‍ച്ചകൂട്ടുന്ന ശ്രമത്തിലാണ് ഖലീലിപ്പോള്‍. സഹീര്‍ ഖാനെപ്പോെല ടീമിനെ വിജയിപ്പിക്കുന്ന ബോളറാകണമെന്നാണ് ഖലീലിന്റെ സ്വപ്നം. 

khaleel-ahmed-kohli-1

ബോളിങ് പ്രത്യേകത

ആറടി ഒരിഞ്ച് പൊക്കമുള്ള ഖലീലിന് ഈ പൊക്കം തന്നെ ബോളിങ്ങില്‍ ഗുണമാകുന്നു. ഇന്‍സ്വിങ്ങറുകളും ഔട്ട് സ്വിങ്ങറുകളും എറിയുന്ന ഖലീലിന് യോര്‍ക്കറുകളും സ്ലോ ബോളുകളും എറിയാനും നല്ല വശം. എം.ആര്‍.എഫ് പേസ് ഫൗണ്ടേഷനില്‍ ഗ്ലെന്‍ മഗ്രാത്തിന്റെ കീഴിലാണ് ഇന്‍സ്വിങ്ങറുകളുംഔട്ട് സ്വിങ്ങറുകളും പരുവപ്പെടുത്തിയെടുത്തത്. ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ പ്രത്യേക പരിശീലനം നടത്തിയ ഖലീലിന് മണിക്കൂറില്‍ 144കിലോമീറ്ററാണ് ശരാശരി വേഗമുണ്ട്. ബോളിങ്ങിലെ വ്യതിയാനവും ഖലീലിന് പ്ലസ് പോയന്റാകുന്നു.

ലോകകപ്പില്‍ ഉണ്ടാവുമോ?

നിലവിലെ സാഹചര്യത്തില്‍ ഖലീല്‍ അഹമ്മദ് ലോകകപ്പ് ടീമില്‍ ഉണ്ടാകുവാനാണ് സാധ്യത. ഇടംകയ്യന്‍ പേസര്‍, ഇംഗ്ലണ്ടിലെ പേസ് ബോളിങ്ങിന് അനുകൂലമായ സാഹചര്യം, ഇത് രണ്ടും ഖലീലിന് ടീമിലേക്കുള്ള വാതില്‍ തുറക്കും. ഇതുവരെ ആറ് ഏകദിനത്തില്‍ നിന്ന് പതിനൊന്ന് വിക്കറ്റ് നേടി. 13 റണ്‍സ് വിട്ടുകൊടുത്ത് മൂന്നുവിക്കറ്റ് എടുത്തതാണ് മികച്ച നേട്ടം.

MORE IN SPORTS
SHOW MORE