നൽകിയത് വമ്പൻ ബുഫെ; ധോണിക്കായി ഉഗ്രൻ ചിക്കൻ കബാബ് പീത്‍സ!

dhoni-trivandrum
SHARE

ഏകദിന മത്സരത്തിനായി തലസ്ഥാനത്തെത്തിയ താരങ്ങൾക്കായി രുചിയുടെ മേളമാണു കോവളം ലീല റാവിസിൽ ഒരുക്കിയത്. വിവിധതരം  വിഭവങ്ങളാണു കോഹ്‍ലിക്കും സംഘത്തിനുമായി ഒരുക്കിയിരുന്നത്. ചിക്കൻ പ്രേമിയായ ധോണിക്ക് ഒരുക്കിയത് തന്തൂരി അടുപ്പിൽ ചുട്ടെടുത്ത ഉഗ്രൻ ചിക്കൻ കബാബ് പീത്‍സ! 

കരിമീനിനും ചെമ്പല്ലിക്കും പുറമെ കൊഞ്ച്, അഷ്ടമുടിക്കായലിൽനിന്നു പിടിച്ച ഞണ്ട് (മഡ് ക്രാബ്) എന്നിവയും തീൻമേശയിൽ നിരന്നു. ധോണിയാകട്ടെ സീഫുഡ് തൽപരനല്ലാത്തതിനാൽ ചിക്കൻ വിഭവങ്ങളാണു കരുതിയിരുന്നത്. ഉച്ചയ്ക്ക് ചിക്കൻ കബാബ് പീത്സയോടൊപ്പം ഓറഞ്ച് ജ്യൂസും കുടിച്ചു. വെസ്റ്റിൻഡീസ് ടീമിന് പ്രത്യേക ലൈവ് ബാർബിക്യു കൗണ്ടറാണ് ലീല റാവിസിൽ ഒരുക്കിയത്. അത്താഴത്തിന് ഉത്തരേന്ത്യൻ വിഭവങ്ങൾക്കു പുറമെ തനി നാടൻ ഭക്ഷണവും ഒരുക്കി. 

പ്രഭാതഭക്ഷണത്തിന് കേരള, ഉത്തരേന്ത്യൻ, വെസ്റ്റേൺ, കോണ്ടിനെന്റൽ ശ്രേണികളിലായി വമ്പൻ ബുഫെയാണ് ഒരുക്കുന്നത്. ദോശ, ഇഡ്‍ഡലി, പുട്ട്, കപ്പ പുഴുങ്ങിയതും കാന്താരിയും, ഇലയട, കൊഴുക്കട്ട, ഇടിയപ്പവും മുട്ടക്കറിയും, അപ്പം, ദോശ എന്നിവയാണു കേരള വിഭവങ്ങളായി മേശയിലെത്തിയത്. ഓരോരുത്തരുടെയും ഇഷ്ടം അനുസരിച്ചു വിവിധ തരം ദോശകൾ ചുട്ടുനൽകുന്ന ലൈവ് കൗണ്ടറുണ്ടായിരുന്നു. ചമ്മന്തി മാത്രം 20 തരമാണ് ഒരുക്കിയത്. 

ചമ്പാവരി കൊണ്ടും വെള്ളയരി കൊണ്ടുമുള്ള പുട്ടുമുണ്ട്. മുട്ടവിഭവങ്ങൾക്കു മാത്രമായി പ്രത്യേക വിഭാഗവുമുണ്ട്. ഉച്ച മുതൽ ബിസിസിഐ ഡയറ്റീഷന്റെ നിർദേശപ്രകാരമുള്ള ഭക്ഷണമാണ് ഒരുക്കിയത്. കൂടുതലും ഗ്രിൽഡ് വിഭവങ്ങളായിരിക്കും. റാവിസ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് കോർപറേറ്റ് എക്സിക്യൂട്ടീവ് ഷെഫ് സുരേഷ് പിള്ളയുടെ നേതൃത്വത്തിലാണ് ഇരുടീമുകൾക്കും വിഭവങ്ങൾ ഒരുക്കിയത്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.