കെ.എല്‍.രാഹുല്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ചോ? ചോദ്യങ്ങളുമായി ആരാധകര്‍

rahul-batting
SHARE

രാഹുലിന് ഇപ്പോള്‍ ‘രാഹു’കാലമാണെന്ന് തോന്നുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ റണ്‍സ് കണ്ടെത്താന്‍ കഴിയുന്നില്ല. ഈ വര്‍ഷം കളിച്ച പത്ത് ടെസ്റ്റില്‍ നിന്ന് നേടിയത് 387റണ്‍സ് മാത്രം. ഇതില്‍ ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും ഉണ്ട്. പക്ഷെ തുടര്‍ച്ചായായ പരാജയങ്ങള്‍ക്ക് ശേഷമാണ് ഒരു സെഞ്ചുറിയും അര്‍ധസെഞ്ചുറിയും കണ്ടെത്തിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ കാണില്ലെന്ന് കരുതി. എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അവസരം നല്‍കി. ഹൈദരാബാദില്‍ ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങുന്നതിന് മുമ്പ് രവീന്ദ്ര ജഡേജ ഇങ്ങനെ കുറിച്ചു. ‘രാഹുലിനെ  അഭിനന്ദിക്കുന്നു, വിദേശത്തും സ്വദേശത്തും സ്ഥിരത കാണിക്കുക എളുപ്പമുള്ള കാര്യമല്ല’. പക്ഷെ ഹൈദരാബാദില്‍ ആ ഇന്നിങ്സ് നാലുറണ്‍സില്‍ തീര്‍ന്നതോടെ ജഡേജയുടെ ട്വിറ്റര്‍ പേജില്‍ ക്രിക്കറ്റ് പ്രേമികള്‍ വിമര്‍ശനവുമായി എത്തി. 

രാഹുല്‍ പുറത്തായ രീതി എങ്ങനെ?

കഴിഞ്ഞ ഒന്‍പത് ടെസ്റ്റ് ഇന്നിങ്സില്‍ അഞ്ചുതവണ രാഹുല്‍ ക്ലീന്‍ ബോള്‍ഡ് ആയപ്പോള്‍ നാലുതവണ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഹൈദരാബാദിലും വിക്കറ്റ് തെറിക്കുകയായിരുന്നു. സാങ്കേതികപ്പിഴവുകളാണ് ഇപ്പോള്‍ രാഹുലിന് വിനയാകുന്നതെന്ന് ക്രിക്കറ്റ് രംഗത്തെ വിദഗ്ധര്‍ പറയുന്നു. അതിനാല്‍ ഓസ്ട്രേലിയയ്ക്കെതിരായ അടുത്ത പര്യടനത്തിന് പുറപ്പെടുമ്പോള്‍ രാഹുല്‍ ഉണ്ടാവുമോ എന്ന ആശങ്ക ഉയരുന്നു. ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സ്കോര്‍ 10,4,0,16 എന്നിങ്ങനെയായിരുന്നു. പിന്നാലെ ഇന്ത്യയില്‍ അഫ്ഗാനിസ്ഥാനെതിരെ 54റണ്‍സ്. ഇംഗ്ലണ്ടിലെത്തിയപ്പോള്‍ വീണ്ടും ഗ്രിപ്പ് പോയി. ഇംഗ്ലണ്ടിലെ സ്കോറിങ്ങ് ഇങ്ങനെ 4,13,8,10,23,36,19,0,37,149. അവസാന ടെസ്റ്റില്‍ നേടിയ സെഞ്ചുറി ടീമിലെ സ്ഥാനം നിലനിര്‍ത്തി. എന്നാല്‍ വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍‌ സ്കോര്‍ബോര്‍ഡ് തുറക്കാന്‍ പോലുമായില്ല. 

പരിഹാസവുമായി ആരാധകര്‍

ഹൈദരാബാദിലും പരാജയപ്പെട്ടതോടെ ട്വിറ്റില്‍ ‘രാഹുല്‍’പൊങ്കാല നടക്കുകകയാണ്. ‘ലാസ്റ്റ് മാച്ച്’, ‘RIPരാഹുല്‍’, ‘കോഹ്്‌ലിയുടെ ഇഷ്ടക്കാരന്‍’, രോഹിത് ശര്‍മയ്ക്ക് അവസരം നല്‍കണം, ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഉള്‍പ്പെടുത്തരുത്, എന്തൊരു തോല്‍വി, ഇങ്ങനെ പോകുന്നു പരിഹാസങ്ങള്‍.

രാഹുല്‍ അത്ര മോശക്കാരനോ?

കര്‍ണാടകയില്‍ നിന്നുള്ള ഈ ‘സ്റ്റൈലിഷ്’ വലംകയ്യന്‍ ബാറ്റ്സ്മാന്‍ ക്ലാസിക് ഷോട്ടുകളിലൂടെയും സാങ്കേതിക മികവിലൂടെയുള്ള ഇന്നിങ്സിലൂടെയുമാണ് 2014ല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് അരങ്ങേറ്റത്തിന് എത്തിയത്. മെല്‍ബണില്‍ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു തുടക്കം. ഓസ്ട്രേലിയയില്‍ അവര്‍ക്കെതിരായ രണ്ട് ടെസ്റ്റില്‍ നിന്ന് ഒരു സെഞ്ചുറി ഉള്‍പ്പെടെ 130റണ്‍സ് നേടി. 30ടെസ്റ്റുകളില്‍ നിന്ന് 1,881റണ്‍സ് നേടിയ രാഹുലിന്റെ ഉയര്‍ന്ന സ്കോര്‍ 199റണ്‍സാണ്. അഞ്ചുസെഞ്ചുറിയും പതിനൊന്ന് അര്‍ധസെഞ്ചുറിയും നേടി. മോശം ഫോം തുടരുന്ന രാഹുല്‍ തിരിച്ചുവരുമെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു. 

MORE IN SPORTS
SHOW MORE