ആരാധകൻ ഉപദേശിച്ചാലും 'പോപ്പേട്ടൻ' കേൾക്കും; മാസ് മറുപടി: ആവേശം

matej-poplatnik
SHARE

ഹ്യൂമേട്ടനും ജോസേട്ടനും ശേഷം പോപ്പേട്ടനെ ഹൃദയത്തിൽ ഏറ്റെടുത്തിരിക്കുകയാണ് മഞ്ഞപ്പടയുടെ ആരാധകർ. ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരം മതേജ് പോപ്ളാട്നികിന് ആരാധകർ സ്നേഹത്തോടെ നൽകിയ പേരാണ് പോപ്പേട്ടൻ. കൊൽക്കത്തക്കെതിരായ ആദ്യമത്സരത്തിൽ തന്നെ പോപ്പേട്ടൻ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടുകയും ചെയ്തതോടെ ആരാധകരുടെ സ്നേഹം അണപൊട്ടി ഒഴുകി. മത്സരത്തിലുടനീളം തകർപ്പൻ പ്രകടനമാണ് താരം പുറത്തെടുത്തതും.

ഗോൾ നേട്ടത്തിനുശേഷം ആരാധകരുടെ സ്നേഹത്തിന് പോപ്പേട്ടൻ മറുപടി നൽകിയതോടെ കൊച്ചിക്കാരുടെ ആവേശം ഇരട്ടിയാകുകയും ചെയ്തു. കൊച്ചിയിൽ വന്നിറങ്ങിയപ്പോൾ മുതൽ സ്നേഹം കൊണ്ടുപൊതിയുന്ന ആരാധകരോട് ഇതിനുമുൻപും മതേജ് നന്ദി അറിയിച്ചിരുന്നു. പോപ്പേട്ടനോട് മലയാളികളുടെ ഇഷ്ടം കൂട്ടുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. കളിക്കളത്തിൽ മാത്രമല്ല സമൂഹമാധ്യമങ്ങളിലും മലയാളികളുടെ പോപ്പേട്ടൻ കിടുവാണ്. ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടികൾ വരും. ചാട്ടുളി പോലുളള ട്വീറ്റുകളും രസകരമായ മറുപടികൾ കൊണ്ടും ഹൃദയം കയ്യടക്കുകയും ചെയ്യും. 

സ്ലൊവാനിയ എപ്പോഴും മനസിലുണ്ടാകുമെന്ന കുറിപ്പോടെ പോപ്പേട്ടൻ തന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതിനു താഴെ ആരാധകർ തങ്ങളുടെ ഇഷ്ടം അറിയച്ചപ്പോൾ ഒരു ആരാധകൻ നൽകിയത് ഉപദേശമാണ്. പന്ത് വാങ്ങുമ്പോഴുള്ള ഫസ്റ്റ് ടച്ച് മെച്ചപ്പെടുത്തണമെന്നായിരുന്നു ആരാധകന്റെ ഉപദേശം. ഉടൻ മതേജിന്റെ കമന്റ് വന്നു. ‘ഓകെ കോച്ച്’ എന്നായിരുന്നു താരത്തിന്റെ മറുപടി. താരത്തിന്റെ മറുപടിക്കും ആരാധകർ ഏറെ ഉണ്ടായി. പോപ്പേട്ടന്റെ ലാളിത്യത്തേയും എളിമയേയും പ്രകീർത്തിച്ച് മലയാളികൾ അടക്കമുളള ആരാധകർ എത്തുകയും ചെയ്തു.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.