വെടിക്കെട്ടിനുപിന്നാലെ പൃഥ്വിയെ അഭിനന്ദിച്ച് സാക്ഷാല്‍ സച്ചിനും; ‘ധൈര്യമായി തുടരൂ’

sachin-sha-tweet
SHARE

ഇതാ ഇവിടെ ഒരു ഇതിഹാസം പിറന്നിരിക്കുന്നു എന്ന് സോഷ്യൽ ലോകവും ക്രിക്കറ്റ് ലോകവും ആരാധകരും ഒരുമിച്ച് പറഞ്ഞ ആ കൗമാരക്കാരക്കാരൻ പൃഥ്വി ഷായെ അഭിനന്ദിച്ച് സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറും. അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ സെഞ്ചുറി നേടിയ പൃഥ്വിയെ പ്രശംസകൾ കൊണ്ട് മൂടുന്നതിനിടയിലാണ് കാത്തിരുന്ന കുറിപ്പെത്തിയത്.  

ആദ്യ ഇന്നിങ്‌സില്‍ തന്നെ ആക്രമിച്ച് കളിക്കുന്നത് കാണാന്‍ സാധിക്കുന്നത് സന്തോഷകരമാണെന്നും ഇതുപോലെ ഭയമില്ലാതെ ബാറ്റ് ചെയ്യണമെന്നും സച്ചിന്‍ ട്വീറ്ററിൽ കുറിച്ചു.  ഇതിന് പിന്നാലെ വിരേന്ദര്‍ സെവാഗും താരത്തിന് അഭിനന്ദനവുമായി രംഗത്തെത്തി. ‘ഷാ ഷോ’ എന്നാണ് വീരു പൃഥ്വിയുടെ പ്രകടനത്തെ വിശേഷിപ്പിച്ചത്. ഇതൊരു തുടക്കം മാത്രമാണെന്നും ചെക്കന്‍ കൊള്ളാമെന്നും സെവാഗ് പറയുന്നു. പിന്നാലെ മറ്റ് മുന്‍ താരങ്ങളും ഷായെ അഭിനന്ദിച്ച് രംഗത്തെത്തി. ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മ, ഹര്‍ഭജന്‍ സിങ്, മുന്‍ താരം മുഹമ്മദ് കെയ്ഫ് തുടങ്ങിയവരും പൃഥ്വിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

രാജ്കോട്ട് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെയാണ് ഇന്ത്യയുടെ പതിനെട്ടുവയസുകാരന്‍ പൃഥ്വി ഷായ്ക്ക് സെഞ്ചുറി നേടിയത്. അരങ്ങേറ്റ മല്‍സരത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും പൃഥ്വി ഷാ സ്വന്തമാക്കി. ടെസ്റ്റ് സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഏഴാമത്തെ താരമാണ് പൃഥ്വി. 134 റണ്‍സെടുത്താണ് പൃഥി പുറത്തായത്.

രാജ്കോട്ടിലെ മണ്ണില്‍ അവനായിരുന്നു രാജകുമാരന്‍. ചെങ്കോലിനുപകരം കൈയ്യില്‍ ബാറ്റേന്തിയ പൊടിമീശക്കാരന്‍. കൗരവര്‍ക്കെതിരെ സധൈര്യം പോരിനിറങ്ങിയ അഭിമന്യുവിനെപ്പോലെ, പൂജാരയെ കാഴ്ച്ചക്കാരനാക്കി പൃഥ്വി വിന്‍ഡീസ് കൊടുങ്കാറ്റിനെ എതിരിട്ടു. നേരിട്ട 56–ാം പന്തില്‍ റെക്കോര്‍ഡിലേക്ക് ആദ്യചുവട്. 

അര്‍ധസെഞ്ചുറിക്കും അവന്റെ പോരാട്ടവീര്യത്തെ ആളിക്കത്തിച്ചു. ചേട്ടന്മാരുെട പന്തിനെ തലങ്ങും വിലങ്ങും അതിര്‍ത്തി കടത്തി ആ കൊച്ചുപയ്യന്‍ രസിച്ചു. 99–ാം പന്തില്‍ മുംബൈക്കാന്‍ പയ്യന്‍ സെഞ്ചുറി ഓടിയെടുത്തപ്പോള്‍ പവലിയനിലിരുന്ന ചേട്ടന്മാരെല്ലാം എഴുന്നേറ്റു നിന്നു.

ഇതാ സച്ചിനു പിന്‍ഗാമി; ദ്രാവിഡ് പൊന്നാക്കി; പലവട്ടം ‘ഞെട്ടിച്ച’ പതിനെട്ടുകാരന്‍

15 ബൗണ്ടറികളുടെ അമ്പടിയോടെ പൃഥ്വി സെഞ്ചുറിയെ പുല്‍കിയപ്പോള്‍ സ്വന്തമാക്കിയത് ക്രിക്കറ്റ് ദൈവത്തിനുപോലും അപ്രാപ്യമായ നേട്ടം. റെക്കോര്‍ഡുകള്‍ പക്ഷേ ഈ പൊടിമീശക്കാരന് അത്ര പുത്തരിയല്ല. 14 ാം വയസില്‍ സ്കൂള്‍ ക്രിക്കറ്ര് കളിക്കുന്ന കാലത്ത് 330 പന്തില്‍ നിന്ന് 546 റണ്‍സാണ് അടിച്ചെടുത്ത് പൃഥ്വി കൂട്ടുകാര്‍ക്കിടയില്‍ ഹീറോയായി. കഴിഞ്ഞ വര്‍ഷം ആദ്യദുലീപ് ട്രോഫി മല്‍സരത്തില്‍ സെഞ്ചുറിയടിച്ച് ഷാ സഹകളിക്കാര്‍ക്കിടയില്‍ സൂപ്പര്‍ സ്റ്റാറായി. കഴിഞ്ഞ വര്‍ഷം അണ്ടര്‍ 19–കിരീടം ഇന്ത്യയിലേക്കെത്തിച്ച് വീരനായകനുമായി. 154 ാം പന്തില്‍ 134 റണ്‍സെടുത്തു നില്‍ക്കെ ദേവേന്ദ്ര ബിഷുവിന് പിടികൊടുത്തെങ്കിലും ഈ ഇന്നിങ്്സ് എഴുതിച്ചേര്‍ക്കുക ഇന്ത്യന്‍ ക്രിക്കറ്റിലെ ചരിത്രപുസ്തകത്തിലാകും.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.