ഇതാ സച്ചിനു പിന്‍ഗാമി; ദ്രാവിഡ് പൊന്നാക്കി; പലവട്ടം ‘ഞെട്ടിച്ച’ പതിനെട്ടുകാരന്‍

prithwi-shaw-new
SHARE

രാഹുല്‍ ദ്രാവി‍ഡ് തൊട്ടാല്‍ പൊന്നാകും എന്ന് വെറുതെ പറയുന്നതല്ല. ഇതാ ഇന്ത്യന്‍ ക്രിക്കറ്റില്‍ പരിവര്‍ത്തനത്തിന്റെ തുടക്കമിട്ട് പൃഥ്വി ഷാ എത്തിയിരിക്കുന്നു. അതും ടെസ്റ്റ് ക്രിക്കറ്റിലെ ഓപ്പണിങ് ബാറ്റ്സ്ന്മാനായി മികച്ച തുടക്കമിട്ട്. അരങ്ങേറ്റ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ രാജ്കോട്ടില്‍ രാജകീയ അരങ്ങേറ്റം. ക്രീസില്‍ നിലയുറപ്പിച്ച പൃഥ്വി പാദങ്ങളുടെ ചടുലനീക്കങ്ങളിലൂടെ കളം വാണു. ഭയം കൂടാതെ 56 പന്തില്‍ നിന്ന് അരങ്ങറ്റ ടെസ്റ്റില്‍ അര്‍ധസെഞ്ചുറി. പിന്നാലെ 99 പന്തില്‍ 15 ബൗണ്ടറികളടക്കം സെഞ്ചുറി. 

അരങ്ങേറ്റ മല്‍സരത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ഇനി ഈ പതിനെട്ടുകാരന് സ്വന്തം.   ടെസ്റ്റ് സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഏഴാമത്തെ താരമാണ് 18വയസും 329ദിവസും പ്രായമുള്ള പൃഥ്വി. കട്ട് ഷോട്ടുകളും ഫ്ലിക്കുകളുമായി വിന്‍ഡീസ് ബോളര്‍മാര്‍ക്കുമേല്‍ ആധിപത്യം ഉറപ്പിച്ചു താരം. കഴിവും കഠിനാധ്വാനവും ആണ് പൃഥ്വി ഷായുടെ മികവിന് പിന്നില്‍. 

ദ്രാവിഡ് തേച്ചുമിനുക്കി

അണ്ടര്‍ 19ക്രിക്കറ്റ് ടീമിന്റെ ഭാഗമായതോടെ പൃഥ്വി വന്‍മതില്‍ രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴിലായി. അവിടെ നിന്ന് അച്ചടക്കവും ക്രിക്കറ്റ് ഷോട്ടുകളും സ്വായത്തമാക്കിയ പൃഥ്വി ടീമിന് ലോക കിരീടം സമ്മാനിച്ചു. ഇന്ത്യ എടീമിനു കീഴിലും മികവുറ്റ പ്രകടനം. ഇവിടെയും രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴിലാണ് പൃഥ്വിയുടെ തിളക്കം. ഷോട്ടുതിര്‍ക്കുമ്പോള്‍ പിന്‍കാല് വയ്ക്കുന്നതില്‍ ചെറിയ പിഴവുണ്ടായിരുന്നു. രാഹുല്‍ ദ്രാവിഡിന് കീഴിലെത്തിയപ്പോഴാണ് ഇതിന് പരിഹാരമായതെന്ന് ഷാ പറയുന്നു. ‘ തനിക്ക് എന്താണോ ഇഷ്ടം അതിനുസരിച്ച് സ്വന്തം കഴിവില്‍ വിശ്വസിച്ച് ബാറ്റുചെയ്യണമെന്ന ദ്രാവിഡിന്റെ ഉപദേശമാണ് തന്റെ ആത്മവിശ്വാസത്തിന് പിന്നിലെന്ന് ഷാ പറയുന്നു. 

prithvi-shaw-1

പ്രതിസന്ധിയില്‍ പതറില്ല

പുറത്ത് എന്തു നടക്കുമ്പോഴും ഉള്ളിൽ ശാന്തനായി കളിക്കാൻ കഴിയുന്നതാണ് പൃഥ്വിയുടെ മികവ്. സമ്മർദങ്ങൾക്ക് കീഴ്‌പ്പെടുന്നവനല്ല.  മികവ് മെച്ചപ്പെട്ടു വരുന്നു.  ഐപിഎല്ലിൽ ഷായുടെ ബാറ്റിങ് കണ്ട് മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ മാർക്ക് വോ പറഞ്ഞത്, ഇതു സച്ചിൻ തന്നെയെന്നാണ്. 

അച്ഛനാണ് എല്ലാം

മുംബൈ നഗരത്തിനു പുറത്തുള്ള വിരാർ ആണ് പൃഥ്വിയുടെ നാട്.  നഗരത്തിലേക്ക് രണ്ടു മണിക്കോറോളം യാത്ര ചെയ്തായിരുന്നു കുട്ടിക്കാലത്തെ ക്രിക്കറ്റ് പരിശീലനം. പുലര്‍ച്ചെ നാലരയ്ക്ക് അച്ഛനും മകനും മുംബൈയിലെ ബാന്ദ്രയിലേക്ക് യാത്രചെയ്യും. അവിടെയായിരുന്നു പരിശീനം.  ചെറുപ്പത്തിലേ അമ്മ മരിച്ചുപോയതിനാൽ ചെറുകിട കച്ചവടക്കാരനായ അച്ഛനായിരുന്നു ഷായുടെ എല്ലാം. മൂന്നാം വയസ്സിൽ തന്നെ വിരാർ ക്രിക്കറ്റ് അക്കാദമിയിൽ ചേർന്നു. പയ്യന്റെ മികവും ആഗ്രഹവും മനസിലാക്കിയ പിതാവ് പിന്നീട് കച്ചവടം ഉപേക്ഷിച്ച് മകന്റെ ക്രിക്കറ്റ് കരിയറിനു വേണ്ടി നിന്നു

കളി മെച്ചപ്പെടുത്താനായി  സാന്താക്രൂസിലേക്കു താമസം മാറ്റി. 14 വയസ്സുള്ളപ്പോഴാണ് പൃഥ്വി തലക്കെട്ടുകളിൽ ആദ്യം ഇടംപിടിച്ചത്. അണ്ടർ 16 സ്‌കൂൾ ടൂർണമെന്റിൽ റിസ്‍വി സ്പ്രിങ്ഫീൽഡ് സ്‌കൂളിനായി പൃഥ്വി നേടിയത് 300 പന്തിൽ 546 എന്ന ലോക റെക്കോർഡ് സ്‌കോറാണ്.  കഴിഞ്ഞ ഫെബ്രുവരിയില്‍ അണ്ടർ 19 കിരീടം ഇന്ത്യയിലേക്കെത്തിച്ച് പൃഥ്വി ഞെട്ടിച്ചു. പിന്നാലെ 1.2 കോടി രൂപ മുടക്കി ഡൽഹി ഡെയർ ഡെവിൾസ് താരത്തെ ടീമിലെത്തിച്ചു. കഴിഞ്ഞ മാസം മാത്രം ഇന്ത്യ എയ്ക്കു വേണ്ടി 4 സെഞ്ചുറികളാണ് നേടിയത്. 

prithvi-shaw-33

സച്ചിനുമായി താരതമ്യം

കളി തുടങ്ങിയ കാലത്തുതന്നെ 'അടുത്ത സച്ചിൻ' എന്നു വാഴ്ത്തപ്പെട്ട ഷാ  കണക്കുകളിലും ക്രിക്കറ്റ് ദൈവത്തിന്റെ റെക്കോര്‍ഡുകള്‍ക്കൊപ്പം കുതിക്കുന്നു.  ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ  ഏഴു മൽസരങ്ങളില്‍ നിന്ന്  ഈ പതിനെട്ടുകാരന്റെ ബാറ്റിൽ നിന്നു പിറന്നത് അഞ്ചു സെഞ്ചുറികൾ. 18–ാം വയസ്സിൽ ഇതിനേക്കാൾ ഫസ്റ്റ് ക്ലാസ് സെഞ്ചുറികൾ നേടിയ ഇന്ത്യാക്കാരൻ സച്ചിൻ മാത്രം.  

എന്നാല്‍  ഏഴു സെഞ്ചുറികൾ നേടാൻ സച്ചിൻ കളിച്ചത് 36 മൽസരങ്ങളെടുത്തിരുന്നു. അരങ്ങേറ്റത്തിൽ തന്നെ രഞ്ജിയിലും ദുലീപ് ട്രോഫിയിലും സെഞ്ചുറി നേടി കഴിഞ്ഞ വർഷം സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡിനൊപ്പമെത്തി. ദുലീപ്ട്രോഫിയില്‍ ട്രിപ്പിള്‍ സെഞ്ചുറിയും കുറിച്ചു.   അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ അര്‍ധസെഞ്ചുറി നേടുന്ന പ്രായംകുറ​ഞ്ഞ ഇന്ത്യാക്കാരന്‍ എന്ന ബഹുമതിയും നേടി. സച്ചിന് അരങ്ങേറ്റ ടെസ്റ്റില്‍ ഇതുപോലെ ശോഭിക്കാനായിരുന്നില്ല.

MORE IN SPORTS
SHOW MORE