മെസിയുടെ ഇരട്ടഗോൾ; ടോട്ടനത്തെ തകര്‍ത്ത് ബാഴ്സ

barcelona
SHARE

ലയണല്‍ മെസിയുടെ ഇരട്ടഗോളില്‍ ടോട്ടനത്തെ തകര്‍ത്ത് ബാര്‍സിലോന. ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബാഴ്സയുടെ ജയം. മറ്റൊരു മല്‍സരത്തില്‍ ലിവര്‍ പൂളിനെ ഇറ്റാലിയന്‍ ക്ലബായ നാപ്പോളി എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. നെയ്മറുടെ ഹാട്രിക് മികവില്‍ പി എസ് ജി സെര്‍ബിയന്‍ ക്ലബ് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ 6–1ന് തകര്‍ത്തു.

വെംബ്ലിയില്‍ വീണ്ടും മെസി മാജിക്ക്.കറ്റാലന്‍മാരുടെ ആക്രമണ ഫുട്ബോളിനു മുന്നില്‍ ടോട്നം മുട്ടുമടക്കി. പന്ത് തട്ടി കൃത്യം രണ്ടാം മിനിറ്റില്‍ തന്നെ മിഡ്ഫീൽഡർ ഫിലിപ്പെ കുടീഞ്ഞോ ആദ്യ വെടി പൊട്ടിച്ചു. ഇരുപത് യാര്‍ഡ് അകലെ നിന്നുള്ള തകര്‍പ്പന്‍ ഗോളിലൂടെ ആദ്യ പകുതി അവസാനിക്കുമുന്‍പ് ബാര്‍സയുടെ ക്രൊയേഷ്യന്‍ ഐകണ്‍ റാക്കിടിച്ച് ലീഡ് ഉയര്‍ത്തി. 52ാം മിനിറ്റില്‍ ടോട്നം തിരിച്ചടിച്ചെങ്കിലും പിന്നീട് മെസി നിറഞ്ഞാടി.

എറിക് ലാമെലയിലൂടെ ടോട്നം തിരിച്ചുപിടിക്കാന്‍ ശ്രമം നടത്തിയെങ്കിലും. 90ാം മിനിറ്റില്‍ മെസി സുവാരസ് തന്ത്രം ഫലിച്ചു. ബാഴ്സയ്ക്ക് ജയം.  നേരത്തെ ഇന്റര്‍ മിലാനോട് തോല്‍വിയേറ്റുവാങ്ങിയ ടോട്നം ഗ്രൂപ്പ് ബിയില്‍ മൂന്നാം സ്ഥാനത്താണ്.

നാപ്പോളിയുമായി പോരിനിറങ്ങിയപ്പോള്‍ തോല്‍ക്കുമെന്ന് യൂര്‍ഗന്‍ ക്ലോപ്പിന്റെ പോരാളികള്‍ ഒരിക്കലും കരുതിയില്ല. മുഹമ്മദ് സല മാത്രം പൊരുതിക്കളിച്ചു. മല്‍സരത്തിനൊടുവിലായിരുന്നു നാപ്പോളിയുടെ വിജയഗോള്‍.

ദുര്‍ബലരായ സെര്‍ബിയന്‍ ക്ലബ് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെതിരെ 6–1നായിരുന്നു പി എസ് ജിയുടെ വിജയം. 20ാം മിനിറ്റില്‍ നെയ്മര്‍ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. 81ാം മിനിറ്റില്‍ ഹാട്രിക് പൂര്‍ത്തിയാക്കി. എഡിന്‍സന്‍ കവാനി കിലിയന്‍ എംബാപ്പെ, ഏയ്ഞ്ചല്‍ ഡി മരയി എന്നിവരും പി എസ് ജിക്കായി സ്കോര്‍ ചെയ്തു.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.