‘നീ ബോള്‍ ചെയ്യുന്നുണ്ടോ, അതോ നിന്നെ മാറ്റണോ..?’; കുൽദീപിനോട് ധോണി: സംഭാഷണം സ്റ്റംപ് മൈക്കിൽ

kuldeep-yadav-dhoni
SHARE

രോഹിത് ശർമ്മക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് നീണ്ട 696 ദിവസങ്ങള്‍ക്ക് ശേഷം ക്യാപ്റ്റൻ കൂൾ ടീം ഇന്ത്യയുടെ അമരത്തെത്തിയത്. നായകനെന്ന നിലയിൽ ധോണിയുടെ 200–ാം ഏകദിനമായിരുന്നു അഫ്ഗാനെതിരെ. ഇരുന്നൂറു തവണ ഇന്ത്യയെ നയിക്കുന്ന ക്യാപ്റ്റനെന്ന റെക്കോഡും ധോനി ഈ മത്സരത്തിലൂടെ സ്വന്തമാക്കി. മത്സരത്തിൽ തോൽവിയോളം പോന്ന സമനില വഴങ്ങാനായിരുന്നു വിധി. 

മത്സരത്തിൽ ധോണിയുടെ പെരുമാറ്റമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. താരങ്ങളെ എങ്ങനെയാണ് ഫീൽഡിൽ വിന്യസിക്കേണ്ടതെന്നും കൃത്യമായ ബൗളിങ് മാറ്റങ്ങളൊന്നും ധോണിക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. ബൗളർമാരുടെ നിർദേശങ്ങൾക്കനുസരിച്ച് എല്ലായ്പ്പോഴും ഫീൽഡിൽ മാറ്റങ്ങൾ വരുത്താൻ ധോണി തയ്യാറാകാറുമില്ല. 

ഫീൽഡിൽ മാറ്റങ്ങൾ നിർദേശിച്ച കുൽദീപിനോട് ധോണി പറഞ്ഞ മറുപടി സ്റ്റംപ് മൈക്കിൽ പിടിച്ചെടുത്തിരുന്നു. ആരാധകർ അത് ആഘോഷമാക്കുകയും ചെയ്തു. ‘നീ ബ‌ോള്‍ ചെയ്യുന്നുണ്ടോ, അതോ നിന്നെ മാറ്റണോ..’ എന്നായിരുന്നു ധോണിയുടെ ചോദ്യം. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും കുല്‍ദീപിന്റെ ആഗ്രഹത്തിന് അനുസരിച്ച് ഫീല്‍ഡ് മാറ്റാനും ധോണി തയാറായില്ല.

അഫ്ഗാൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ചരിത്ര നിമിഷമാണ് ഏഷ്യാ കപ്പില്‍ പിറന്നത്. ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയെ സമനിലയില്‍ തളച്ചു. സ്‌കോര്‍ ഒപ്പം നില്‍ക്കെ രവീന്ദ്ര ജഡേജയെ പുറത്താക്കിയാണ് അഫ്ഗാന്‍ വിജയതുല്യമായ സമനില ആഘോഷിച്ചത്. സ്കോർ ഒപ്പം നിൽക്കേ ഒരു പന്ത് ശേഷിക്കേ റാഷിദ് ഖാന്റെ പന്തില്‍ ജഡേജ പുറത്താവുകയായിരുന്നു. അനായാസ ജയം ഇന്ത്യ വിട്ടുകളയുകയും ചെയ്തു. ഒരു റൺസെടുത്ത് ജയിക്കാമായിരുന്ന മത്സരത്തിൽ സികസറിനു ശ്രമിച്ചാണ് ജഡേജ പുറത്തായത്. 

റാഷിദിന്റെ ബാക്ക് ഓഫ് ലെങ്ത് പന്ത് പുള്‍ ചെയ്യാനുള്ള ജഡേജയുടെ ശ്രമം പാളി. മിഡ് വിക്കറ്റില്‍ നജീബുള്ള സദ്രാന് ക്യാച്ച്. അഫ്ഗാന്‍ ക്രിക്കറ്റിന് ചരിത്ര മുഹൂർത്തം. സെഞ്ചുറി കൂട്ടുകെട്ടോടെ ഇന്ത്യ തുടങ്ങിയെങ്കിലും മധ്യനിര തകർന്നു. ഓപ്പണർമാരായ കെ.എൽ രാഹുൽ (60), അമ്പാട്ടി റായുഡു (57), ദിനേഷ് കാർത്തിക് (44) എന്നിവരാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. വാലറ്റത്തെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജയാണ് (25) ഇന്ത്യയെ  വിജയത്തിന് അടുത്തെത്തിച്ചത്.

MORE IN SPORTS
SHOW MORE