'ധോണിയും കാർത്തിക്കും ഇരകൾ'; അഫ്ഗാനൊപ്പം കളിച്ച് അംപയർമാർ; പ്രതിഷേധം

karthik-dhoni
SHARE

പോരാട്ടവീര്യം എന്ന വാക്കിന്റെ അവസാന പേരായിരുന്നു ഇന്നലെ അഫ്ഗാൻ ഇന്ത്യയ്ക്ക് നേരേ പുറത്തെടുത്തത്. തോൽവിയോളം പോന്ന സമനില പിടിച്ച് ഇന്ത്യ കളിക്കളം വിടുമ്പോൾ നായകൻ ധോണിയടക്കമുളളവർ രോഷാകുലരായിരുന്നു. അഫ്ഗാനൊപ്പം അംപയർമാരും കളിച്ചെന്ന് ധോണി പറയുകയും ചെയ്തു. സമനില വഴങ്ങിയതിന് പിന്നാലെ അമ്പയറിംഗിനെതിരെ പരസ്യ അതൃപ്തി പ്രകടിപ്പിച്ച് ധോണി രംഗത്തെത്തുകയും ചെയ്തു. അഫ്ഗാനെ മനസ് തുറന്ന് അഭിനന്ദിച്ചപ്പോഴും തനിക്ക് പിഴ ശിക്ഷ ലഭിക്കുമെന്നതിനാല്‍ ചിലത് തുറന്ന് പറയുന്നില്ലെന്ന് പറഞ്ഞാണ് ധോണി തന്റെ ഇഷ്ടക്കുറവ് പ്രകടിപ്പിച്ചത്.  രണ്ടോളം റണ്ണൗട്ടുകള്‍ക്ക് ഞങ്ങളിരയായി, ചില കാര്യങ്ങളെ കുറിച്ച് ഞാന്‍ സംസാരിക്കുന്നില്ല എന്തുകൊണ്ടെന്നാല്‍ പിഴ ശിക്ഷ വാങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സമനില വഴങ്ങിയത് നന്നായി. അഫ്ഗാൻ മികച്ച ക്രിക്കറ്റാണ് കളിച്ചത്– ധോണി പറഞ്ഞു. 

ജയിക്കാമായിരുന്ന മത്സരം തോൽപ്പിച്ചെന്ന് ആരോപിച്ച് ജഡേജയ്ക്ക് മേൽ തോൽവി കെട്ടിവയ്ക്കുമ്പോഴും ജഡേജയെ മാത്രം കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നതാണ് വാസ്തവം. തെറ്റായ തീരുമാനത്തിലൂടെ രണ്ട് വിലപ്പെട്ട വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. മാത്രമല്ല, വിജയമുറപ്പിച്ച ഒരു സിക്‌സും ഇന്ത്യക്ക് അനുവദിച്ചില്ല. ബാറ്റിങ്ങിനും ഫീൽഡിങ്ങിനും ഓരോന്ന് വീതം രണ്ട് റിവ്യു ആണ് ഒരു ടീമിന് ആകെ നൽകുക. 

കെ.എൽ രാഹുൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയപ്പോൾ ആ റിവ്യു ഉപയോഗിച്ചുവെങ്കിലും അനുവദിച്ചില്ല. രാഹുല്‍ റിവ്യു നഷ്ടമാക്കിയതോടെ ദിനേശ് കാര്‍ത്തിക്കിന്റെയും നായകൻ ധോണിയുടെയും എല്‍ബിഡബ്ല്യു തീരുമാനങ്ങള്‍ റിവ്യു ചെയ്യാന്‍ കഴിഞ്ഞില്ല. ധോണിയും കാർത്തിക്കും തെറ്റായ തീരുമാനത്തിലൂടെയാണ് പുറത്തായതെന്ന് വ്യക്തമായിരുന്നു. ഇത് മത്സരഫലത്തില്‍ നിര്‍ണായകമാവുകയും ചെയ്തു. അഫ്ഗാന്‍ ഉയര്‍ത്തിയ 253 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 204/4 എന്ന ശക്തമായ നിലയില്‍ നിന്നാണ് 252ന് ഓള്‍ ഔട്ടായത്. മത്സരം ടൈ ആവുകയും ചെയ്തു. റാഷിദ് ഖാൻ എറിഞ്ഞ അവസാന ഓവറിലും അംപയറിങ്ങ് പിഴവെന്ന് ആരോപണം ഉയർന്നിരുന്നു. ജയം ഉറപ്പിച്ച സിക്സർ അനുവദിക്കാതിരുന്നത് പിഴവാണെന്ന് ടീം ഇന്ത്യ ചൂണ്ടിക്കാണിക്കുകയും ചെയ്തു. 

റാഷിദിന്റെ ബാക്ക് ഓഫ് ലെങ്ത് പന്ത് പുള്‍ ചെയ്യാനുള്ള ജഡേജയുടെ ശ്രമം പാളിയതാണ് മത്സരം കൈവിടാനുളള കാരണം. മിഡ് വിക്കറ്റില്‍ നജീബുള്ള സദ്രാന് ക്യാച്ച്. അഫ്ഗാൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ചരിത്ര നിമിഷമാണ് ഏഷ്യാ കപ്പില്‍ പിറന്നത്. ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയെ സമനിലയില്‍ തളച്ചു. സ്‌കോര്‍ ഒപ്പം നില്‍ക്കെ രവീന്ദ്ര ജഡേജയെ പുറത്താക്കിയാണ് അഫ്ഗാന്‍ വിജയതുല്യമായ സമനില ആഘോഷിച്ചത്. സ്കോർ ഒപ്പം നിൽക്കേ ഒരു പന്ത് ശേഷിക്കേ റാഷിദ് ഖാന്റെ പന്തില്‍ ജഡേജ പുറത്താവുകയായിരുന്നു. അനായാസ ജയം ഇന്ത്യ വിട്ടുകളയുകയും ചെയ്തു. ഒരു റൺസെടുത്ത് ജയിക്കാമായിരുന്ന മത്സരം കൂറ്റനടികൾക്ക് മുതിർന്ന് കളഞ്ഞു കുളിക്കുകയായിരുന്നു.

MORE IN SPORTS
SHOW MORE