മെസിയുടെ വോട്ട് വെറുതെയായില്ല; ഫിഫ വോട്ടെടുപ്പിന്റെ വിവരങ്ങള്‍ പുറത്ത്

fiffa-awards
SHARE

മികച്ച ഫുട്ബോളറെ കണ്ടെത്താന്‍ നടത്തിയ വോട്ടെടുപ്പിന്റെ വിവരങ്ങള്‍ ഫിഫ പുറത്തുവിട്ടു. ഫിഫയുടെ അംഗരാജ്യങ്ങളിലെ ടീം ക്യാപ്റ്റന്‍മാര്‍, പരിശീലകര്‍, തിരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായിരുന്നു വോട്ടു ചെയ്യാന്‍ അവകാശം. മെസിയും റൊണാണാള്‍ഡോയും ആര്‍ക്കൊക്കെ വോട്ട് ചെയ്തുവെന്ന് ഈ പട്ടിക പരിശോധിച്ചാല്‍ മനസിലാക്കാം. അതേസമയം  ഇന്ത്യയില്‍ നിന്ന് മെസിക്കും റൊണാള്‍ഡോയ്ക്കും ഒരു വോട്ട് പോലും ലഭിച്ചില്ല.

ഒരാള്‍ക്ക് മൂന്ന് വോട്ടുകള്‍ രേഖപ്പെടുത്താം. മികവിന്റെ അടിസ്ഥാനത്തില്‍ ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ. എന്തായാലും ഫുട്ബോളിലെ മിശിഹാ മെസിക്ക് തന്റെ ആദ്യ വോട്ട് വെറുതെയായില്ലെന്ന് ആശ്വസിക്കാം. മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ലൂക്ക മോഡ്രിച്ചിന് തന്നെയായിരുന്നു മെസിയുടെ വോട്ട്. രണ്ടാമത്തെ വോട്ട് മെസി എംബാപ്പെയ്ക്ക് നല്‍കിയപ്പോ‍ള്‍ പ്രധാനവൈരിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കായിരുന്നു മെസിയുടെ മൂന്നാമത്തെ വോട്ട് എന്നതാണ് രസകരം. എന്നാല്‍ റൊണാള്‍ഡോയുടെ വിലയിരുത്തലില്‍ മെസി ആദ്യസ്ഥാനങ്ങളില്‍ ഇല്ല.  റാഫേല്‍ വരാനെ, ലൂക്കാ മോഡ്രിച്ച്, ആന്റോയ്‌ന്‍ ഗ്രീസ്മാന്‍ എന്നിങ്ങനെയായിരുന്നു റൊണാള്‍ഡോയുടെ വോട്ട്. ഇന്ത്യയിൽ നിന്ന് ഒരു വോട്ടു പോലും സൂപ്പർ താരങ്ങളായ മെസിക്കും റൊണാൾഡോക്കും ലഭിച്ചില്ല. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി, പരിശീലകൻ കോൺസ്റ്റന്റെൻ, ഹിന്ദുസ്ഥാൻ ടൈംസ് ലേഖകൻ ധിമൻ സർക്കാർ എന്നിവരാണ് ഇന്ത്യയിൽ നിന്നും ഫിഫ അവാർഡിനു വോട്ടു ചെയ്തത്.

ലൂകാ മോഡ്രിച്ച്, കിലിയന്‍ എംബാപ്പെ, ഡി ബ്രൂയ്‌ന്‍ എന്നിവരാണ് സുനില്‍  ഛേത്രിയുടെ കണക്കില്‍ കേമന്‍മാര്‍. കോൺസ്റ്റന്റെൻ തിരഞ്ഞെടുത്തതാവട്ടെ മുഹമ്മദ് സലാ, ഹാരി കേയ്ൻ, ബ്രൂയ്‌ന്‍ എന്നിവരെ. ആകെ പോൾ ചെയ്ത വോട്ടുകളുടെ 29.05 ശതമാനവും നേടിയാണ് മോഡ്രിച്ച് മികച്ച താരമായത്. റൊണാൾഡോക്ക് 19.08 ശതമാനം വോട്ടുകൾ ലഭിച്ചപ്പോൾ മൂന്നാം സ്ഥാനത്തെത്തിയ സലായ്ക്ക് 11.23 ശതമാനം വോട്ടു ലഭിച്ചു. 10.52 ശതമാനം വോട്ടു നേടിയ എംബാപ്പെ നാലാമതെത്തിയപ്പോൾ 9.81 ശതമാനം വോട്ടു നേടിയ മെസി അഞ്ചാം സ്ഥാനത്താണെത്തിയത്.

MORE IN SPORTS
SHOW MORE