ചിത്രക്ക് ജോലി നൽകി റെയിൽവെ; കേരളത്തോട് പരിഭവമില്ലെന്ന് താരം

pu-chithra-web
SHARE

കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ റെയിൽവെയിൽ ജോലി കിട്ടിയതിന്റെ സന്തോഷത്തിലാണ് കായികതാരം പി യു ചിത്ര. ദക്ഷിണ റെയിൽവെ പാലക്കാട് ഡിവിഷനിൽ സീനിയർ ക്ലാർക്കായി ജോയിൻ ചെയ്ത ശേഷം മനോരന്യൂസ് ഡോട്ട് കോമുമായി സംസാരിക്കുകയാണ് ചിത്ര.

ഏഷ്യൻ ഗെയിംസ് വെങ്കലനേട്ടത്തിന് പിന്നാലെയാണ് ജോലിയെന്ന സന്തോഷവാർത്തയും എത്തുന്നത്. ഒരുപാട് സന്തോഷമുണ്ട്. നാളെ ആരംഭിക്കുന്ന ദേശീയ ഓപ്പൺ അത്‌ലറ്റിക്സി‌ലെ 1500 മീറ്ററിൽ റെയിൽവെയെ പ്രതിനിധീകരിച്ച് ട്രാക്കിലിറങ്ങുമെന്ന് ചിത്ര പറഞ്ഞു.

''ഏഷ്യൻ ഗെയിംസിന് ശേഷം കാര്യമായി പരിശീലനമൊന്നും ചെയ്തിട്ടില്ല. അതിന്റെ ചെറിയ ടെൻഷനുണ്ട്. റെയിൽവെക്കായി ആദ്യമായാണ് ട്രാക്കിലിറങ്ങുന്നത്. മെഡൽ നേടാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ'', ചിത്ര പറഞ്ഞു. 

കേരളം ജോലി നൽകാത്തതിൽ വിഷമമുണ്ടോ? 

കഴിഞ്ഞ വർഷം ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിലെ സ്വർണനേട്ടത്തിന് പിന്നാലെ ജോലി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. പിന്നീട് കായികമന്ത്രി മാറിയതുകൊണ്ടാണ് തീരുമാനം വൈകിയത്. കഴിഞ്ഞയാഴ്ച ഇ പി ജയരാജനെ കണ്ട് ഇക്കാര്യം സംസാരിച്ചിരുന്നു. ജോലി നൽകാമെന്ന് തന്നെയാണ് അദ്ദേഹവും പറഞ്ഞത്.

ജോലി തരില്ലെന്ന് സർക്കാർ പറഞ്ഞിട്ടില്ല. മന്ത്രി മാറിയതുകൊണ്ട് സംഭവിച്ച കാലതാമസമാണെന്നാണ് അറിയാൻ കഴിഞ്ഞത്. വിഷമമൊന്നുമില്ല. 

റെയിൽവെയിലും ജോലിക്ക് അപേക്ഷിച്ചിരുന്നു. ആദ്യം എവിടെ കിട്ടുന്നോ അവിടെ ജോയിൻ ചെയ്യാം എന്ന് തീരുമാനിച്ചിരുന്നു. റെയിൽവെയുടെ നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയായി. 

ഇനി കേരളം ജോലി നൽകിയാൽ വീട്ടുകാരുമായും പരിശീലകനുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും ചിത്ര പറഞ്ഞു.

ഏഷ്യൻ ഗെയിംസിലെ വെങ്കലനേട്ടത്തിന് പിന്നാലെയാണ് ചിത്ര ഭുവനേശ്വറിലെ ദേശീയ ഓപ്പൺ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാനൊരുങ്ങുന്നത്. ബുധനാഴ്ചയാണ് ചിത്രയുടെ മത്സരം. 

MORE IN SPORTS
SHOW MORE