മോറെയെ കൊഞ്ഞനം കുത്തിയ മിയാൻദാദ്; അക്തറെ അതിരു കടത്തി സച്ചിൻ; നാളെയെന്ത്?

india-pak-cricket-2
SHARE

ബാറ്റിങ് ക്രീസില്‍ ജാവേദ് മിയാന്‍ദാദ്, ബോളിങ് ക്രീസില്‍ ചേതന്‍ ശര്‍മ. ബാറ്റിങ് ക്രീസില്‍ സച്ചിന്‍, ബോളിങ് ക്രീസില്‍ ശുഐബ് അക്തര്‍. ഇതൊരു തുടര്‍ക്കഥയാണ്. ഒരേ  കൊടിക്കുകീഴില്‍ വളര്‍ന്നവര്‍, ആശയപരമായി ഭിന്നിച്ചപ്പോള്‍ അത് അതിര്‍ത്തിയിലും ഓരോ കൂടിക്കാഴ്ചയിലും ആകാംഷയുടെ, ഉത്കണ്ഠയുടെ പോര്‍വിളികളുടേതായി മാറി. ക്രീസിലേക്ക് ബാറ്റും ബോളും ഏന്തുമ്പോള്‍ നെഞ്ച് പെരുമ്പറ കൊട്ടും. ആരുജയിക്കും ആരുതോല്‍ക്കും കളിക്കുന്നവര്‍ക്കും കളികാണുന്നവര്‍ക്കും ഓരോ പന്തിലും ആവേശം നിറയ്ക്കുന്ന ഇന്ത്യ –പാക്കിസ്ഥാന്‍ പോരാട്ടം ക്രിക്കറ്റിലെ വമ്പന്‍ പോരാട്ടമാണ്. വേദി ഏതുമാകട്ടെ ഇന്ത്യയും പാക്കിസ്ഥാനും ഇറങ്ങുമ്പോള്‍ ആരാധകര്‍ക്കും അത് പോരാട്ടമാണ്. ഏഷ്യാകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും നേരിടുമ്പോള്‍ ചില കണക്കുകള്‍ ഇരുകൂട്ടര്‍ക്കും പറയാനും കൊടുക്കാനുമുണ്ട്.

ഒരുവര്‍ഷം മുമ്പ് ജയിച്ചത് പാക്കിസ്ഥാന്‍

2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനും ഇന്ത്യയും ഏറ്റുമുട്ടുമ്പോള്‍ ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഫക്തര്‍ സമാന്റെ സെഞ്ചുറിക്കരുത്തില്‍ ഇന്ത്യയ്ക്ക് 339റണ്‍സ് പിന്തുടരേണ്ടിവന്നു. മുഹമ്മദ് ആമിറിന്റെ ബോളിങ്ങില്‍ ഇന്ത്യന്‌‍ മുൻനിര വീണു. ഈ ഏഷ്യാകപ്പില്‍ ഏറ്റുമുട്ടുമ്പോഴും ഇവര്‍ പാക്കിസ്ഥാന്‍ നിരയിലുണ്ട്. എന്നാല്‍ ഇന്ത്യ ഇറങ്ങുന്നത് വിരാട് കോഹ്‌ലി ഇല്ലാതെയാണ്. 

ഓര്‍ക്കാന്‍ ചിലത്

1985ലെ ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ് കപ്പില്‍ കണ്ട ആവേശപ്പോരാട്ടം 1992ലെ ലോകകപ്പിലേക്ക് എത്തുമ്പോഴേക്കും അതിന്റെ പാരമ്യത്തിലെത്തി. ബാറ്റുചെയ്യുന്ന പാക്കിസ്ഥാന്റെ ജാവേദ് മിയാന്‍ദാദിന്റെ ശ്രദ്ധ കുറയ്ക്കാന്‍ വിക്കറ്റിന് പിന്നില്‍ നിന്ന് ചാടിയും ഒച്ചവച്ചും ഇന്ത്യന്‍ ആരാധകരെ കയ്യിലെടുത്ത കിരണ്‍ മോറെ. മോറെയുടെ ശല്യം സഹിക്കാതെ മോറെ ചാടുമ്പോലെ ചാടി കൊഞ്ഞനം കുത്തിയ മിയാന്‍ദാദ്. മല്‍സരക്കാഴ്ചകളെക്കാളുപരി ഇത്തരം കാഴ്ചകള്‍ ആരാധകരുടെ ആവേശം കൂട്ടി. 1996ലെ ഷാര്‍ജാകപ്പില്‍ നവജ്യോത് സിങ് സിദ്ദുവും സച്ചിന്‍ തെന്‍ഡുല്‍ക്കറും സെഞ്ചുറി അടിച്ച് ഇന്ത്യയെ ആദ്യമായി 300റണ്‍സ് കടത്തിയ മല്‍സരം, അത് പാക്കിസ്ഥാന്റെ ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയായിരുന്നു. 

2003ലെ ലോകകപ്പ് ക്രിക്കറ്റില്‍ തീപ്പന്തങ്ങളുമായി എത്തിയ ശുഐബ് അക്തറെ അപ്പര്‍ കട്ടിലൂടെ അതിരുകടത്തിയ സച്ചിന്‍, സെയ്ദ് അന്‍വറിന്റെ 101റണ്‍സിന്റെ തിളക്കം 98റണ്‍സ്കൊണ്ട് തച്ചുതകര്‍ത്തത് സച്ചിനായിരുന്നു. 2005ല്‍ വിശാഖപട്ടണത്ത് നടന്ന ഏകദിനത്തില്‍ 148റണ്‍സടിച്ച് ലോകക്രിക്കറ്റിലേക്കു കടന്നുവന്ന ഇന്ത്യയുടെ ധോണി. 2008ലെ ഏഷ്യാകപ്പില്‍ വീരേന്ദര്‍ സേവാഗിന്റെ സെഞ്ചുറിയിലൂടെ ഇന്ത്യ കൈക്കലാക്കിയ ജയം.  2012ലെ ഏഷ്യാകപ്പില്‍ വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയിലൂടെ ഇന്ത്യ നേടിയ ജയം. അനേകമല്‍സരങ്ങളിലെ അനേക നിമിഷങ്ങളിലെ ചിലത് മാത്രം. വീണ്ടും ഏഷ്യാകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഇറങ്ങുമ്പോള്‍ അത് കണക്കിന് കൊടുക്കാനും കണക്ക് തീര്‍ക്കാനുമുള്ളതാണ്.

MORE IN SPORTS
SHOW MORE