അച്ഛന്‍റെ വഴിയെ മകനും; ഫോര്‍മുല ത്രീ ട്രാക്കിൽ മിന്നും പ്രകടനവുമായി മിക്ക് ഷുമാക്കർ

Mick-Schumacher
SHARE

ഫോര്‍മുല വണ്‍ ട്രാക്കിലേക്ക് ഇതിഹാസ താരം മൈക്കിള്‍ ഷുമാക്കറിന്റെ മകന്‍ മിക്ക് ഷുമാക്കറും. യൂറോപ്യന്‍ ഫോര്‍മുല ത്രീ ട്രാക്കിലെ മിന്നും പ്രകടനമാണ് ഷുമാക്കര്‍ കുടുംബത്തിലെ ഇളമുറക്കാരന് വേഗപ്പോരിലേക്കുള്ള വഴിതുറന്നത് 

ട്രാക്കില്‍ മിന്നല്‍പിണറായി വേഗതയുടെ പര്യായമായി മാറിയ അച്ഛന്‍റെ മകന്‍ . മിക്ക് ഷുമാക്കര്‍. പത്തൊന്‍പത് വയസുകാരന്‍ മിക്ക് ഫോര്‍മുല ത്രീ ട്രാക്കില്‍ നടത്തിയ കുതിപ്പാണ് കാറോട്ടവേദിയിലേയ്ക്ക് ഷുമാക്കറെന്ന പേര് വീണ്ടുമെത്തിച്ചത് . എഫ് ത്രീയില്‍ തുടര്‍ച്ചയായി മൂന്നുവിജയങ്ങള്‍ നേടി ചാംപ്യന്‍ഷിപ്പിനോട് അടുക്കുകയാണ് മിക്ക്.  

ഒന്‍പതാം വയസിലാണ് മിക്ക് കാര്‍ട്ടിങ്ങില്‍ അരങ്ങേറ്റം കുറിച്ചത്. യൂറോപ്യന്‍ ജൂനിയര്‍ പട്ടം സ്വന്തമാക്കിയ മിക്ക് അച്ഛന്റെ പേരും പെരുമെയും ഒപ്പം ചേര്‍ക്കാതെയാണ് ആദ്യനാളുകളില്‍  മല്‍സരിച്ചു തുടങ്ങിയത് . മാധ്യമ ശ്രദ്ധയാകര്‍ഷിക്കാതിരിക്കാന്‍ മിക്ക് ജൂനിയര്‍ എന്ന പേരില്‍ നേട്ടങ്ങള്‍ കൊയ്ത കൊച്ചു ഷൂമിക്ക് അധികനാള്‍ മറഞ്ഞിരിക്കാനായില്ല. ജൂനിയര്‍ ഷുമാക്കറുെട വീരഗാഥകള്‍ യൂറോപ്യന്‍ മാധ്യമങ്ങളില്‍ തുടര്‍ക്കഥയായി. 

ഫോര്‍മുല ത്രീയില്‍ പ്രെമ പവര്‍ടീമിനായാണ് മിക്ക് മല്‍സരിക്കുന്നത്. ടോറോ റോസോ , റെഡ് ബുള്‍ തുടങ്ങിയ ഫോര്‍മുല വണ്‍ ടീമുകള്‍ ജൂനിയര്‍ ഷൂമിക്കായി രംഗത്തെത്തിയെന്ന് അഭ്യൂഹങ്ങളുണ്ട്. ആല്‍പ്സ് പര്‍വത നിരയിലെ സ്കിയങ്ങിനിടെ ഗുരുതര പരുക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന മൈക്കിള്‍ ഷൂമാക്കര്‍ പക്ഷേ ട്രാക്കിലെ മകന്‍റെ കുതിപ്പ് അറിഞ്ഞിട്ടില്ല.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.