ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും പിഴച്ചതെന്ത്..? ഓസ്ട്രേലിയയില്‍ തിരുത്തുമോ..?

ravi-shastri-kohli
SHARE

ദക്ഷിണാഫ്രിക്കയില്‍ സന്നാഹമല്‍സരം കളിക്കാതെ പരമ്പര തോറ്റപ്പോള്‍ ടീം ഇന്ത്യ ക്യാപ്റ്റനും കോച്ചും പറഞ്ഞു പാഠങ്ങള്‍ പഠിക്കും, പിഴവ് തിരുത്തുമെന്ന്. എന്നാല്‍ മാസങ്ങള്‍ക്ക് ഇപ്പുറം ഇംഗ്ലണ്ടിലും സന്നാഹം കളിക്കാതെ പരമ്പര തോറ്റു, അപ്പോഴും പല്ലവി പഴയതുതന്നെ. സന്നാഹ മല്‍സരത്തെക്കുറിച്ച് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയോട് ചോദിച്ചപ്പോള്‍ പറഞ്ഞത്. ‘ദുര്‍ബല ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ സന്നാഹം വേണ്ട, നല്ല അടുക്കും ചിട്ടയുമായുള്ള പരിശീലനം മതിയതെന്ന്. ശാരീരിക ഫിറ്റ്നസ് നിലനിര്‍ത്താനും മണിക്കൂറുകള്‍ പരിശീലനം നടത്താനും വിരാട് കോഹ്‌ലിക്ക് മടിയില്ല. എന്നാല്‍ കോഹ്‌ലിയെപ്പോലെ അല്ല മറ്റ് താരങ്ങള്‍,അത് മനസിലാക്കുന്നതില്‍ ക്യാപ്റ്റനും പരാജയപ്പെടുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും പഠിക്കാത്ത പാഠം ഓസ്ട്രേലിയയില്‍ പഠിക്കാനൊരുങ്ങുന്നതിന്റെ സൂചന കോച്ച് രവി ശാസ്ത്രി നല്‍കുന്നു. 

ഡിസംബറില്‍ ഓസ്ട്രേലിയയില്‍ ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി സന്നാഹമല്‍സരങ്ങള്‍ വേണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടു. സന്നാഹമല്‍സരങ്ങള്‍ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് കോച്ച് പറയുന്നു. പക്ഷെ ഡിസംബര്‍ ആറിന് തുടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യ ട്വന്റി 20മല്‍സരങ്ങള്‍ കളിക്കും. ഈ മല്‍സരങ്ങള്‍ക്ക് ശേഷം ടെസ്റ്റ് പരമ്പരയിലേക്ക് തയാറെടുക്കുന്ന ടീം ഇന്ത്യയ്ക്ക് വെറു പത്തുദിവസത്തെ വിശ്രമമാണ് ലഭിക്കൂ. ഈ പത്ത് ദിവസത്തിനുള്ളില്‍ സന്നാഹമല്‍സരങ്ങള്‍ നടത്താന്‍ സാധിക്കുമോ എന്ന ആശങ്ക രവി ശാസ്ത്രിയും പങ്കുവയ്ക്കുന്നുണ്ട്. 

ക്യാപ്റ്റനും കോച്ചും ഇനിയും തന്ത്രങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നുവെന്ന് മുന്‍കാല താരങ്ങള്‍ ഇതിനകം പറ​ഞ്ഞുകഴിഞ്ഞു. തെറ്റായ ടീം തിരഞ്ഞെടുപ്പും മുന്‍വിധിയും ബോളിങ് മാറ്റങ്ങളിലും ഫീല്‍ഡ് വിന്യാസത്തിലും ക്യാപ്റ്റനും കോച്ചും പരാജയമാണെന്ന് ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും തെളിഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ ആദ്യ രണ്ട് ടെസ്റ്റിലും അജിങ്ക്യ രഹാനെയെ പുറത്തിരുത്തിയതിന് കാരണം ഉണ്ടായിരുന്നില്ല. പരുക്കേറ്റ് അശ്വിനെ കളിപ്പിച്ചതും പേസ് ബോളര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ കുല്‍ദീപ് യാദവിനെ എടുത്തതും ആശാന്റെയും ശിക്ഷ്യന്റെയും മണ്ടത്തരങ്ങള്‍ക്ക് ഉദാഹരണമാകുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്തും ഇംഗ്ലണ്ടിലും മറ്റാരെക്കാളും ടെസ്റ്റ് ജയങ്ങള്‍ നേടിയിട്ടുള്ള രാഹുല്‍ ദ്രാവിഡിന്റെ സേവനം ലഭ്യമാക്കാന്‍ ടീം ഇന്ത്യ ഇനിയും മടിക്കേണ്ടതുണ്ടോ?

MORE IN SPORTS
SHOW MORE