‘ഇല്ല, ഞങ്ങള്‍ തോറ്റിട്ടില്ല, പക്ഷെ പഠിക്കാനുണ്ട്’, ടീം ഇന്ത്യ പഠിക്കേണ്ട അഞ്ചു പാഠങ്ങള്‍

kohli-7592
SHARE

തോറ്റ് തൊപ്പിയിട്ടെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ആത്മവിശ്വാസമുണ്ട്.  1–4ന്  ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും ഈ സ്കോര്‍ ലൈന്‍ കാണിക്കുമ്പോലെ ഏകപക്ഷീയമായിരുന്നില്ല കാര്യങ്ങളെന്ന്  ഇന്ത്യന്‍ ക്രിക്കറ്റ് ടീ ക്യാപ്റ്റന്‍ പറയുന്നു. അവസാന ടെസ്റ്റില്‍ സെഞ്ചുറി നേടിയ കെ.എല്‍.രാഹുലിനെയും റിഷഭ് പന്തിനെയും വാനോളം പുകഴ്ത്താനും ക്യാപ്റ്റന്‍ ഉത്സാഹം കാണിച്ചു. ഇംഗ്ലണ്ടിന്റെ പ്രഫഷനലിസം ആണ് പരമ്പരയില്‍ കണ്ടതെന്നും ക്യാപ്റ്റന്‍ പറഞ്ഞു.  എന്നാല്‍ പഠിക്കേണ്ട പാഠങ്ങളെക്കുറിച്ച് വാചാലനായില്ല. 

1. പരിശീലന മല്‍സരം കളിക്കണം

ഇതിനു മുമ്പും പലകുറി ആവര്‍ത്തിച്ച കാര്യമാണ് ഏതൊരു പരമ്പരക്ക് മുമ്പും പരിശീലനമല്‍സരം നിര്‍ബന്ധമെന്നത്. പ്രത്യേകിച്ച് വിദേശ പര്യടനത്തിന് പോകുമ്പോള്‍. ചതുര്‍ദിന മല്‍സരം കളിച്ചാല്‍ ഓരോ കളിക്കാരനും ടെസ്റ്റ് മല്‍സരങ്ങള്‍ക്ക് നന്നായി ഒരുങ്ങുവാന്‍ സാധിക്കും. 

2.ടീം തിരഞ്ഞെടുപ്പ്

ഓരോ പര്യടനത്തിന് പോകുമ്പോഴും അവിടുത്തെ സാഹചര്യങ്ങള്‍ കൂടി വിലയിരുത്തിയശേഷമാണ് ടീം തിരഞ്ഞെടുക്കുന്നത്. ഒരു പരമ്പരയുടെ ഇടയ്ക്ക് വച്ച് ടീമിനെ മാറ്റിമറിക്കുന്നത് ഗുണം ചെയ്യുമോ എന്നത് സംശയമാണ്. പരമ്പരയിലെ ഓരോ മല്‍സരങ്ങള്‍ക്കും ടീം തിരഞ്ഞെടുക്കുമ്പോള്‍ പിച്ചിന്റെ സാഹചര്യംകൂടി വിലയിരുത്തേണ്ടതുണ്ട്. രണ്ടാം ടെസ്റ്റില്‍ പേസ് ബോളിങ്ങിന് അനുകൂല സാഹചര്യത്തിലും സ്പിന്നര്‍ കുല്‍ദീപ് യാദവിനെ എടുത്തതും നാലാം ടെസ്റ്റില്‍ പരുക്കുണ്ടായിട്ടും അശ്വിനെ കളിപ്പിച്ചതും ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ കരുണ്‍ നായരെ വെറുതെ വെള്ളം ചുമക്കാന്‍ മാത്രം ഉപയോഗിച്ചും ഉദാഹരണങ്ങൾ.  ഹര്‍ദിക് പാണ്ഡ്യ പകുതി ബോളറും പകുതി ബാറ്റ്സ്മാനുമായുമായും ഒതുങ്ങി. 

3.ടീം മാനേജ്മെന്റ്/ പരിശീലക സംഘം ചെയ്യേണ്ടത്

എന്തുകൊണ്ട് ബാറ്റ്സ്ന്മാന്‍മാര്‍ ഒരേ ഷോട്ടില്‍ വീണ്ടും വീണ്ടും പുറത്തായി? എന്തുകൊണ്ട്  ജസ്പ്രീത് ബുംറയുടെ ഓവര്‍സ്റ്റെപ്പ് ബോളിങ് ഇതുവരെ ശരിയാക്കാനായില്ല ? എന്തുകൊണ്ട് പേസ് ബോളര്‍മാര്‍ക്ക് മേധാവിത്വം നിലനിര്‍ത്താനായില്ല? എന്തുകൊണ്ട് ടീം കോമ്പിനേഷന്‍ പാളുന്നു? എന്തുകൊണ്ട് പരുക്കുള്ള കളിക്കാരന് കളിക്കേണ്ടിവരുന്നു? എന്തുകൊണ്ട് വാലറ്റത്തിന്റെ ബാറ്റിങ് മെച്ചപ്പെടുന്നില്ല? എന്തുകൊണ്ട് ക്യാച്ചുകള്‍ കൈവിടുന്നത് പതിവാകുന്നു?   ഈ ചോദ്യങ്ങള്‍ക്ക് ടീം മാനേജ്മെന്റ് ഉത്തരം നല്‍കേണ്ടിയിരിക്കുന്നു.

4. ബാറ്റ്സ്മാന്‍ വിരാടും ക്യാപ്റ്റന്‍ വിരാടും 

വിരാട് കോഹ്‌ലി ബാറ്റ്സ്മാന്‍ എന്ന നിലയില്‍ മികച്ച പ്രകടനം നടത്തി. സെഞ്ചുറികള്‍ ഉള്‍പ്പെടെ 593റണ്‍സ് നേടി. എന്നാല്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ആ മികവ് ഇംഗ്ലണ്ടില്‍ കണ്ടില്ല. ഫീല്‍ഡ് പ്ലെയ്സ്മെന്റ്  പാളി. ക്യാച്ച് കൈവിടുന്നത് പതിവായിട്ടും കറക്ട് ചെയ്തില്ല. അഞ്ചാം ടെസ്റ്റിലും ഇന്ത്യ അഞ്ച് ക്യാച്ച് കൈവിട്ടു.   എല്ലാവരും തന്നെപ്പോലെ പരിശീലനം നടത്തി തയാറെടുക്കണമെന്ന നിലപാട് ക്യാപ്റ്റന്‍ മാറ്റേണ്ടിവരും. എല്ലാവരില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ ക്യാപ്റ്റന്‍ മടികാട്ടേണ്ടതില്ല. 

5. ബാറ്റിങ്ങ് നിര എന്ന് പഠിക്കും ?

ബാറ്റിങ് നിരയില്‍ വിരാട് കോഹ്‌ലി ഒഴികെ ആരും മികവ് കാട്ടിയില്ല. 299റണ്‍സെടുത്ത കെ.എല്‍.രാഹുല്‍ മാത്രം ഭേദപ്പെട്ട പ്രകടനം നടത്തി. മധ്യനിരയും വാലറ്റവും സമ്മര്‍ദത്തിന് വശപ്പെട്ടു. ഒരിക്കല്‍പ്പോലും ഇംഗ്ലണ്ടിനെപ്പോലെ ഒരു തിരിച്ചുവരവ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നിന്നുണ്ടായില്ല. 

MORE IN SPORTS
SHOW MORE