റിഷഭ് പന്തിന്റെ വിക്കറ്റ് കീപ്പിങ്ങിനെച്ചൊല്ലി തര്‍ക്കം; വിമര്‍ശകര്‍ ഉന്നമിടുന്നതെന്ത്..?

rishabh-pant
SHARE

സിക്സര്‍ പറത്തി കരിയറിലെ ആദ്യ സെഞ്ചുറി അടിച്ച് ഹീറോയായി നില്‍ക്കുന്ന റിഷഭ് പന്തിനോട് അവര്‍ പറയുന്നു: ‘ബാറ്റിങ് കൊള്ളാം, പക്ഷെ വിക്കറ്റിന് പിന്നില്‍ നിരാശപ്പെടുത്തി’. ഇന്ത്യയുടെ വിക്കറ്റ് കാത്ത നയന്‍ മോംഗിയയുടെയും ദീപ് ദാസ് ഗുപ്തയുടെ വിമര്‍ശനമാണിത്. എന്നാല്‍ വിക്കറ്റ് കീപ്പറും സിലക്ഷന്‍ കമ്മിറ്റി അംഗവുമായിരുന്ന കിരണ്‍ മോറെ ഇവരുടെ വാദം തള്ളി. 

റിഷഭ് പന്ത് തുടങ്ങിയിട്ടേയുള്ളവെന്നാണ് മോറെ പറയുന്നത്. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ സെഞ്ചുറി അടിച്ച് തിളങ്ങി നില്‍ക്കുമ്പോഴാണ് റിഷഭിന് ഈ വിമര്‍ശനം. ഇംഗ്ലണ്ടില്‍ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും സിക്സര്‍ അടിച്ച് കരിയറിലെ ആദ്യ സെഞ്ചുറി അടിച്ച ഇന്ത്യയുടെ വിക്കറ്റ് കീപ്പറുമാണ് റിഷഭ്. 

എന്താണ് റിഷഭിന്റെ പോരായ്മ..?

ഇരുപതുകാരനായ റിഷഭിന്റെ ബാറ്റിങ്ങിനെക്കുറിച്ച് രണ്ടഭിപ്രായമില്ല. മികച്ച സ്ട്രോക്ക് പ്ലേ നടത്തുന്ന റിഷഭിനെ എല്ലാവരും നെഞ്ചിലേറ്റിക്കഴിഞ്ഞു. എന്നാല്‍ വിക്കറ്റിന് പിന്നില്‍ ആ ഹീറോ പരിവേഷമില്ല. ഇംഗ്ലണ്ടില്‍ കളിച്ച മൂന്ന് ടെസ്റ്റില്‍ നിന്ന് ഒരു സെഞ്ചുറി ഉള്‍പ്പെടെ 162റണ്‍സും 15 ക്യാച്ചും റിഷഭ് നേടി. എന്നാല്‍ വിക്കറ്റിന് പിന്നിലൂടെ റിഷഭിനെ കബളിപ്പിച്ച് കടന്നുപോയത് 76 ബൈ ആണ്. ഇതാണ് വിമര്‍ശനത്തിനുകാരണം. 

മോംഗിയയും ദാസ്ഗുപ്തയും പറയുന്നു

റിഷഭ് വിക്കറ്റ് കീപ്പിങ്ങിലെ അടിസ്ഥാന പാഠങ്ങള്‍ കുറച്ചുകൂടി സ്വായത്തമാക്കണം, സാങ്കേതികവശങ്ങള്‍ കുറച്ചുകൂടി പഠിക്കണം. ഇംഗ്ലണ്ടില്‍ സ്പിന്‍ ബോളര്‍മാര്‍ക്കെതിരെ പന്ത് കീപ്പ് ചെയ്യുമ്പോള്‍ പതറുന്ന റിഷഭിനെയാണ് കണ്ടത്. തോളുകള്‍ക്ക് വഴക്കമില്ലെന്നതും ലക്ഷ്യമില്ലാതെ ഡൈവ് ചെയ്യുവെന്നും പന്തിന്റെ ആംഗിളുകള്‍ മനസിലാക്കുന്നതില്‍ പാളിച്ച പറ്റുന്നുവെന്നും ഇവര്‍ പറയുന്നു. ഇംഗ്ലണ്ടില്‍ സ്പിന്നിനെതിരെ പതറുന്ന വിക്കറ്റ് കീപ്പര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കൂടുതല്‍ പരാജയമാകുമെന്ന് മോംഗിയയും ദാസ്ഗുപ്തയും പറയുന്നു. വിക്കറ്റിന് പിന്നിലെ നില്‍പില്‍ സ്ഥിരതയില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ഐപിഎല്ലിലെ പ്രകടനം ടീം സിലക്ഷന് മാനദണ്ഡമാക്കരുതെന്നും ആവശ്യപ്പെടുന്നു. ഓസ്ട്രേലിയയിലേക്കുള്ള പര്യടനത്തില്‍ റിഷഭ് വേണ്ടെന്നണ് ഇവരുടെ പക്ഷം.

 

കൂടുതല്‍ അവസരം നല്‍കണമെന്ന് മോറെ

ഭാവിയിലേക്കുള്ള ഇന്ത്യയുടെ സമ്പാദ്യമാണ് റിഷഭ് പന്തെന്ന് കിരണ്‍ മോറെ പറയുന്നു. ഇരുപതുകാരനായ റിഷഭിന്റെ പ്രകടനം വിലയിരുത്താറായിട്ടില്ലെന്നും റിഷഭിന് കൂടുതല്‍ അവസരം നല്‍കണമെന്നുമാണ് കിരണ്‍മോറെയുടെ പക്ഷം. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ വിക്കറ്റ് കീപ്പര്‍ക്ക് ദുഷ്ക്കരമാണെന്നും മോറെ കൂട്ടിച്ചേര്‍ത്തു. വിക്കറ്റിന് പിന്നിലൂടെ 76റണ്‍സ് പോയെങ്കിലും അതില്‍ 30റണ്‍സോളം കീപ്പറുടെ അശ്രദ്ധമൂലമല്ലെന്നതും കണക്കിലെടുക്കണം. വിക്കറ്റിന് പിന്നില്‍ ഒരു ക്യാച്ച് പോലും റിഷഭ് നഷ്ടമാക്കിയില്ലെന്നും മികവിന് ഉദാഹരണമാണെന്ന് കിരണ്‍ മോറെ പറഞ്ഞു. എന്നാല്‍ വിക്കറ്റ് കീപ്പിങ്ങിലെ സാങ്കേതികവശങ്ങള്‍ കൂടുതല്‍ സ്വായത്തമാക്കണമെന്ന് ഉപദേശിക്കാനും മോറെ മറന്നില്ല.

മറ്റാരെക്കാളും റിഷഭിനറിയാം

ഒരു ക്രിക്കറ്റ് താരമാകാന്‍ റിഷഭ് പന്ത് നടത്തിയ നെട്ടോട്ടം അദ്ദേഹത്തിന് നന്നായി അറിയാം. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ജനിച്ച റിഷഭ് പന്ത് പലവഴി കറങ്ങിത്തിരിഞ്ഞ് ഡല്‍ഹിയിലെത്തി. അവിടെ നിന്ന് 2016ലെ അണ്ടര്‍ 19 ലോകകപ്പ് ടീമിലെത്തി. പിന്നീട് ഐപിഎല്ലിലും. ടീം ഇന്ത്യയുടെ 291ാം ടെസ്റ്റ് ക്യാപ് അണിയാന്‍ കഠിനാധ്വാനം നടത്തിയ റിഷഭ് പന്ത് ഇന്ത്യയുടെ ഭാവി സമ്പത്ത് തന്നെ

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.