നിങ്ങളൊരു കള്ളനാണ്; അമ്പയറോട് പൊട്ടിത്തെറിച്ച് സെറീന: രോഷം

serena
SHARE

ഒരു ജപ്പാൻ താരം ആദ്യമായി കിരീടം ചൂടിയതിലൂടെ ചരിത്രത്തിന്റെ ഭാഗമായ യുഎസ് ഓപ്പൺ സിംഗിൾസ് ഫൈനലിൽ അകമ്പടിയായി വിവാദവും. മൽസരത്തിനിടെ യുഎസ് താരം സെറീന വില്യംസും ചെയർ റഫറി കാർലോസ് റാമോസും തമ്മിൽ ഉടലെടുത്ത തർക്കമാണ് മൽസരത്തിന് വിവാദ ഛായ പകർന്നത്. മൽസരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് സെറീനയെ തോൽപ്പിച്ച ജപ്പാൻ താരം നവോമി ഒസാക്ക കിരീടം ചൂടിയിരുന്നു. 6–2, 6–4 എന്ന സ്കോറിനായിരുന്നു ഒസാക്കയുടെ വിജയം.

അംപയർ തന്നോടു പക്ഷപാതപരമായി പെരുമാറിയെന്ന സെറീനയുടെ ആരോപണത്തെ പിന്തുണച്ച് മുൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ഒരു സ്ത്രീ ആയതുകൊണ്ടു മാത്രമാണ് അംപയർ തന്നോട് ഇത്തരത്തിൽ പെരുമാറിയതെന്ന് സെറീന ചൂണ്ടിക്കാട്ടിയിരുന്നു. കിരീടം നേടിയ നവോമി ഒസാക്കയെ അഭിനന്ദിച്ച വനിതാ ടെന്നിസ് അസോസിയേഷൻ, ചില കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. അതേസമയം, മൽസരശേഷം സമ്മാനദാനത്തിനിടെ കിരീടജേതാവായ നവോമി ഒസാക്കയെ കൂകിയ കാണികളെ അതിൽനിന്നു വിലക്കിയും സെറീന ശ്രദ്ധ കവർന്നു. സെറീനയുടെ നടപടിയെ ശ്ലാഘിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്.

സംഭവം ഇങ്ങനെ: ഫൈനലിനിടെ സെറീനയ്ക്ക് പരിശീലകൻ നിർദ്ദേശം നൽകിയെന്ന് ചൂണ്ടിക്കാട്ടി ചെയർ അംപയർ കാർലോസ് റാമോസ് മുന്നറിയിപ്പു നൽകിയതിൽ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ആദ്യ സെറ്റ് നഷ്ടമായ സെറീന, രണ്ടാം സെറ്റിൽ മൽസരത്തിലേക്കു തിരിച്ചുവരാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്. ഗ്രാൻസ്‍ലാം ടൂർണമെന്റുകളിൽ മൽസരത്തിനിടെ താരങ്ങൾക്ക് പരിശീലകർ നിർദ്ദേശങ്ങൾ നൽകുന്നത് അനുവദനീയമല്ല. രണ്ടാം സെറ്റിന്റെ രണ്ടാം ഗെയിമിനിടെയാണ് പരിശീലകൻ സെറീനയ്ക്ക് നിർദ്ദേശം നൽകിയെന്ന് ചൂണ്ടിക്കാട്ടി റാമോസ് ഇടപെട്ടത്. സംഭവം നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം സെറീനയ്ക്ക് ആദ്യ മുന്നറിയിപ്പും പുറപ്പെടുവിച്ചു. ഇതിനെതിരെ സെറീന പ്രതിഷേധിച്ചിരുന്നു.

രണ്ടാം സെറ്റിൽ 3–1ന് മുന്നിൽ നിന്നിരുന്ന സെറീന ഈ സംഭവത്തിനു പിന്നാലെ തുടർച്ചയായി പോയിന്റുകൾ നഷ്ടമാക്കി. ഇതോടെ ക്രുദ്ധയായ സെറീന റാക്കറ്റ് വലിച്ചെറിഞ്ഞതോടെ അംപയർ വീണ്ടും ഇടപെട്ടു. നിയമലംഘനം ചൂണ്ടിക്കാട്ടി സെറീനയ്ക്ക് രണ്ടാമത്തെ മുന്നറിയിപ്പും അംപയർ നൽകി. സെറീനയ്ക്ക് ഒരു പോയിന്റു നഷ്ടമാകുകയും ചെയ്തു. ഇതോടെ നിയന്ത്രണം നഷ്ടമായ സെറീന മൽസരത്തിനിടെ പരിശീലകൻ ഇടപെട്ടതിന്റെ പേരിൽ നൽകിയ മുന്നറിയിപ്പു പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.

‘ജീവിതത്തിൽ ഇന്നേ വരെ ഞാൻ വഞ്ചന കാട്ടിയിട്ടില്ല. നിങ്ങൾ എന്നോടു മാപ്പു പറയണം’ – സെറീന അംപയറിനോട് ആവശ്യപ്പെട്ടു. അദ്ദേഹം ഇടയ്ക്ക് വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും ‘എന്നോടു മിണ്ടണ്ട’ എന്ന് സെറീന വിലക്കിയതോടെ അദ്ദേഹം നിശബ്ദനായി.

‘നിങ്ങൾ എന്റെ ഒരു പോയിന്റ് കവർന്നെടുത്തു. കള്ളനാണ് നിങ്ങൾ’ എന്ന് വീണ്ടും സെറീന ആവർത്തിച്ചതോടെ അംപയർ മൂന്നാമത്തെ മുന്നറിയിപ്പും പുറപ്പെടുവിച്ചു. പെനൽറ്റി പോയിന്റുകളിൽ ഗെയിം നഷ്ടമായ സെറീന 5–3ന് പിന്നിലാവുകയും ചെയ്തു. ഇതിനു പിന്നാലെ ഇരു താരങ്ങളെയും വിളിച്ച് കാര്യങ്ങൾ വിശദീകരിക്കാൻ അംപയർ ശ്രമിച്ചെങ്കിലും സെറീന വഴങ്ങിയില്ല. ടൂർണമെന്റ് റഫറി ബ്രയാൻ ഏർലിയോടു സംസാരിക്കണമെന്നായിരുന്നു സെറീനയുടെ ആവശ്യം.

ഇതോടെ ഗ്രാൻസ്‌ലാം സൂപ്പർവൈസർക്കൊപ്പം ഏർലി കളത്തിലെത്തി. അംപയറിന്റെ പെരുമാറ്റത്തിനെതിരെ പരാതിപ്പെട്ട സെറീന, പല തവണയായി ഇത്തരം സംഭവങ്ങൾ തനിക്കെതിരെ ആവർത്തിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. ‘അംപയർ ചെയ്തതു ശരിയല്ല’ എന്നു പറഞ്ഞിതിന്റെ പേരിൽ തനിക്ക് ഗെയിം തന്നെ നഷ്ടമായെന്നും സെറീന ചൂണ്ടിക്കാട്ടി. അംപയർമാർക്കെതിരെ സംസാരിച്ച പുരുഷ താരങ്ങൾ ഒട്ടേറെയുണ്ടെങ്കിലും അവർക്കൊന്നും ഇത്തരം നടപടികൾ നേരിടേണ്ടി വന്നിട്ടില്ലെന്നും സെറീന ആരോപിച്ചു. ഇതിനു പിന്നാലെ കാര്യമായ അദ്ഭുതങ്ങളൊന്നും കൂടാതെ 6–4ന് സെറ്റും കിരീടവും ഒസാക്ക സ്വന്തമാക്കുകയും ചെയ്തു.

MORE IN SPORTS
SHOW MORE