ശാസ്ത്രിയുടെ ഭാവി ‘ഓവലിൽ’; അധികപ്രസംഗം തിരിച്ചടി

kohli-ravi-shastri
SHARE

മാസം ശമ്പള ഇനത്തില്‍ 63 ലക്ഷം ലഭിക്കുന്നു. ചെയ്യുന്ന ജോലി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കല്‍. 2017 ജൂലൈ തുടങ്ങിയ സേവനം. 2019 ലോകകപ്പ് ക്രിക്കറ്റ് കഴിയും വരെ തുടരാനാണ് കരാര്‍. എന്നാലിപ്പോള്‍ ടീം തിര‍ഞ്ഞെടുപ്പും ടീമിന്റെ തോല്‍വിയും അപക്വമായ സംഭാഷണങ്ങളും ചേര്‍ന്ന് പണി പോകുന്ന സ്ഥിതിയിലാണ്. ഇംഗ്ലണ്ടിലെ ഓവലില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിന്റെ ഫലം ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രിയുടെ ഭാവി നിര്‍ണയിക്കുന്നതായിരിക്കും. 

എന്താണ് ശാസ്ത്രിയുടെ പോരായ്മ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓള്‍റൗണ്ടറായി മോശമല്ലാത്ത കളി കാഴ്ചവച്ചിട്ടുണ്ട്. പിന്നീട് ക്രിക്കറ്റ് കമന്‍റേറ്റര്‍ എന്ന നിലയില്‍ മികച്ച പ്രകടനം നടത്തി. എന്നാല്‍ പരിശീലകനായുള്ള അവതാരത്തില്‍ നിറം മങ്ങി. പ്രത്യേകിച്ച് വിദേശ പരമ്പരകളില്‍. ബാറ്റിങ്ങ് പരിശീലനം നല്‍കുന്നതില്‍, ബാറ്റ്സ്ന്മാര്‍ക്ക് സാങ്കേതിക വശങ്ങള്‍ പറഞ്ഞുകൊടുക്കുന്നതില്‍ വന്‍പരാജയം ആയി. ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍, മുരളി വിജയ് എന്നിവരുടെ പരാജയം കോച്ചിന്റേതുകൂടിയാകുന്നു. സ്വിങ് ചെയ്തെത്തുന്ന പന്തുകളെ എങ്ങനെ നേരിടണമെന്ന് പറ‍ഞ്ഞുകൊടുക്കാനോ എന്താണ് സ്വീകരിക്കേണ്ട തന്ത്രം എന്ന് പറഞ്ഞുകൊടുക്കുന്നതില്‍ പരാജയപ്പെട്ടു. 

അഞ്ചുബാറ്റ്സ്ന്മാര്‍ മതി ടീമില്‍ എന്ന കടുംപിടുത്തവും കൂടിയായപ്പോള്‍ കാര്യങ്ങള്‍ വഷളായി. ആവശ്യമില്ലാതെ ബാറ്റ്സ്ന്മാരെ മാറ്റിയും മറിച്ചും അവരുടെ ആത്മവിശ്വാസം തകര്‍ത്തു. അജിങ്ക്യ രഹാനെയെയും ചേതേശ്വര്‍ പൂജാരയെയും നശിപ്പിച്ചെന്ന് വിലയിരുത്തിയാലും ക്രിക്കറ്റ് പ്രേമികളെ കുറ്റപ്പെടുത്താനാവില്ല.  ടീം തിരഞ്ഞെടുപ്പിലും പിഴവ് പറ്റി. പിച്ച് മനസിലാക്കുന്നതിലും മല്‍സരപുരോഗതി വിലയിരുത്തി തന്ത്രങ്ങള്‍ മാറ്റുന്നതിലും ശാസ്ത്രി പരാജയമായി. ഇംഗ്ലണ്ടില്‍ കുല്‍ദീപ് യാദവിനെ എടുത്തതും ദക്ഷിണാഫ്രിക്കയില്‍ ഭുവനേശ്വര്‍ കുമാറിനെ ഒഴിവാക്കിയതും തന്നെ വലിയ ഉദാഹരണം. 

ആരെയാണ് പരിഗണിക്കുന്നത്

2019ലെ ഏകദിന ലോകകപ്പ് കഴിയും വരെ കരാര്‍ കാലാവധി ഉണ്ടെങ്കിലും അതിനുമുമ്പേ ശാസ്ത്രിയുടെ തല ഉരുണ്ടേക്കാം, അല്ലെങ്കില്‍ ഒരു ബാറ്റിങ് കണ്‍സള്‍ട്ടന്റ് വന്നേക്കാം. യുവനിരയെ പരിശീലിപ്പിക്കുന്ന രാഹുല്‍ ദ്രാവിഡ്, ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായ വീരേന്ദര്‍ സേവാഗ്, ഓള്‍റൗണ്ടറായി തിളക്കമാര്‍ന്ന പ്രകടനം നടത്തിയ അജയ് ജഡേജ ഇവരെയാണ് പരിഗണിക്കുന്നത്. ഏകദിന ടീമിന്റെ പരിശീലകനായി തുടര്‍ന്നാലും ശാസ്ത്രിയെ ടെസ്റ്റ് ടീമില്‍ നിന്ന് മാറ്റിയേക്കാം. കാരണം ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ ഇന്ത്യയ്ക്ക് ഓസ്ട്രേലിയയില്‍ പര്യടനമുണ്ട്. 

ravi-shastri-virat-kohli

പക്വതയില്ലാത്ത വാക്കുകള്‍ കുഴപ്പത്തിലാക്കി

കഴിഞ്ഞ പതിനഞ്ചുവര്‍ഷം കണ്ട ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെക്കാള്‍ മികച്ചതാണ് ഇപ്പോഴത്തെ ടീമെന്ന ശാസ്ത്രിയുടെ വാദും വസ്തുകള്‍ക്ക് നിരക്കാത്തതും പക്വതയില്ലാത്തതുമാണെന്ന് മുന്‍കാല താരങ്ങള്‍ കണക്കുകള്‍ നിരത്തി പറയുന്നു. സമൂഹമാധ്യമങ്ങളില്‍ ക്രിക്കറ്റ് ആരാധകര്‍ ശാസ്ത്രിക്ക് പൊങ്കാല തീര്‍ത്തു. 2007ല്‍ രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടില്‍ പരമ്പര നേടിയപ്പോഴും 2003ല്‍ ഓസ്ട്രേലിയയില്‍ ഇന്ത്യ പരമ്പര സമനിലയിലാക്കിയപ്പോഴും 2010ല്‍ ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ പരമ്പര സമനിലയിലാക്കിയപ്പോഴും രവി ശാസ്ത്രി കമന്ററി ബോക്സിലിരുന്ന് തട്ടിവിട്ടതൊക്കെ മറന്നോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 

കളിതോറ്റപ്പോള്‍ കോച്ചിനെ പഴിക്കാതെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച സുനില്‍ ഗാവസ്കര്‍ കണക്ക് നിരത്തി രവി ശാസ്ത്രിയെ നേരിട്ടപ്പോള്‍ പക്വതയില്ലാത്ത ഇത്തരം വര്‍ത്തമാനങ്ങള്‍ പറയുന്ന ശാസ്ത്രിക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ദാദയെത്തി. അപക്വമായ പെരുമാറ്റം എന്ന് വിശേഷിപ്പിച്ച ഗാംഗുലി, ഏത് കാലഘട്ടത്തിലും ടീമിനുവേണ്ടിയാണ് താരങ്ങള്‍ കളിക്കുന്നതെന്നും താരതമ്യത്തിന്റെ ആവശ്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടിലെ പ്രകടനം വിലയിരുത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള ക്രിക്കറ്റ് ഭരണസമിതിയുടെ കൈകളിലാണ് ശാസ്ത്രിയുടെ ഭാവി.

MORE IN SPORTS
SHOW MORE