ട്രാക്കിലെ ‘വിസ്മയ’ത്തിന് ആരുനല്‍കും ജോലിയും വീടും

vismaya-run
SHARE

ട്രാക്കില്‍ അപ്രതീക്ഷിതമായി എത്തി, രാജ്യത്തെ ‘വിസ്മയി’പ്പിച്ച താരം. ആദ്യ രാജ്യാന്തര മല്‍സരത്തില്‍ തന്നെ സ്വര്‍ണം ഓടിയെടുത്ത വി.കെ.വിസ്മയ ചോദിക്കുന്നു ‘ഒരു ജോലിയും വീടും’ എന്ന സ്വപ്നത്തിന് ആരെങ്കിലും ഉത്തരം നല്‍കുമോയെന്ന്. ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ വനിതാ ടീം 4x400മീറ്റര്‍ റിലേയില്‍ സ്വര്‍ണമണിഞ്ഞത് അവസാന ലാപ്പിലെ വിസ്മയയുടെ കുതിപ്പിലാണ്. 

ട്രാക്കിലെത്തിയത് അപ്രതീക്ഷിതമായി

വിസ്മയയുടെ അനുജത്തി വിജുഷയെ തേടി കോതമംഗലം സെന്റ് ജോര്‍ജ് സ്കൂളിലെ കായിക അധ്യാപകന്‍ രാജു പോള്‍ നടത്തിയ യാത്രയാണ് വിസ്മയയെ ട്രാക്കിലെത്തിച്ചത്. കണ്ണൂരിലെ വീട്ടിലെത്തിയ രാജുപോള്‍ വിജുഷയെ മാത്രമല്ല, കുടുംബത്തെ മുഴുവനായും കോതമംഗലത്ത് എത്തിച്ചു. പത്താംക്ലാസില്‍ പത്ത് എ പ്ലസുമായി എത്തിയ വിസ്മയ ഓട്ടത്തെക്കാള്‍ സ്നേഹിച്ചത് പഠനമാണ്. എന്നാല്‍ വിജുഷ ട്രാക്കില്‍ മോശമായപ്പോള്‍ കായിക അധ്യാപകനായ രാജു പോള്‍ വിസ്മയെ ട്രാക്കിലിറക്കി. എല്ലാവരെയും വിസ്മയിപ്പിച്ച് അവള്‍ ഓടി. പ്ലസ് ടു കഴിഞ്ഞ് എ​ഞ്ചിനയറിങ്ങിന് പോകണമെന്നാണ് വിസ്മയ ആഗ്രഹിച്ചത് എന്നാല്‍ അത്്ലറ്റിക്സിലെ ഭാവി മുന്നില്‍ കണ്ട് ചങ്ങനാശേരി അസംപ്ഷന്‍ കോളജിലേക്ക് വിസ്മയയെ ബിഎസ്‌സി മാത്‌സിന് ചേര്‍ത്തു. അവിടെ കായിക അധ്യാപകരായ ജിമ്മി ജോസഫും സുജ മേരി ജോര്‍ജും വിസ്മയെ കൂടുതല്‍ മികച്ചതാരമാക്കി. ഓട്ടത്തിനൊപ്പം പഠനത്തിലും മികവ് തുടര്‍ന്നു. ഡിഗ്രിക്ക്  9.6 സ്കോര്‍ ചെയ്തു. ഇപ്പോള്‍ എംഎസ്ഡബ്ള്യുവിനു പഠിക്കുന്നു.

വഴിത്തിരിവായി അന്തര്‍സര്‍വകലാശാല മീറ്റ്

2016ലെ ജൂനിയര്‍ നാഷനലില്‍ 200മീറ്ററില്‍ സ്വര്‍ണം. 400മീറ്റര്‍ ഹര്‍ഡില്‍സില്‍ വെങ്കലവും നേടിയതോടെ വി.കെ.വിസ്മയ ദേശീയതലത്തില്‍ ശ്രദ്ധനേടി. എന്നാല്‍ ഈ മീറ്റിനുശേഷം പിടികൂടിയ പരുക്ക് ഒരുവര്‍ഷത്തോളം വിസ്മയെ ട്രാക്കില്‍ നിന്നകറ്റി. എന്നാല്‍ വിജയവാഡയില്‍  കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന അന്തര്‍ സര്‍വകലാശാല മീറ്റ് വിസ്മയക്ക് വഴിത്തിരിവായി. അവിടെ നേടിയ വെള്ളി മെഡല്‍ ദേശീയ സീനിയര്‍ ടീമിലേക്കുള്ള സിലക്ഷന് കാരണമായി. പിന്നീട് പട്യാലയിലേക്ക്. ദേശീയ മീറ്റുകളില്‍ പങ്കെടുക്കാതെ വി.കെ.വിസ്മയ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാംപിലെത്തി. നാലുമാസത്തെ പരിശീലനമാണ് അമേരിക്കയില്‍ നിന്നുള്ള കോച്ച് ഗലിന ബുഖറിനക്ക് കീഴില്‍ വിസ്മയ്ക്ക് ലഭിച്ചത്. സ്പ്രിന്റ് ചെയ്യുമ്പോഴുള്ള ചില ടെക്നിക്കുകളാണ് ഗലിന് വിസ്മയയെ പഠിപ്പിച്ചത്. 

കോച്ച് ഗലിനയുടെ ഇടപെടല്‍

ഏഷ്യന്‍ ഗെയിംസിന് ഓടേണ്ട ടീം തിരഞ്ഞെടുക്കാനായി നടത്തിയ ട്രയല്‍സില്‍ ജിസ്ന മാത്യുവിനെ പിന്തള്ളി വിസ്മയ ടീമിലെത്തി. വിസ്മയ പോലും അമ്പരന്ന നിമിഷം. തീരുമാനം കോച്ച് ഗലിനയുടേതായിരുന്നു. തലേദിവസം പറഞ്ഞത് വിസ്മയ ആദ്യ ലാപ്പും ഹിമാ ദാസ് അവസാനലാപ്പും ഓടുമെന്നായിരുന്നു. എന്നാല്‍ കോച്ച് ഗലിന പെട്ടെന്ന് പ്ലാന്‍ മാറ്റി. ഹിമാ ദാസിനോട് ആദ്യലാപ്പും വിസ്മയയോട് അവസാന ലാപ്പും ഓടാന്‍ ആവശ്യപ്പെട്ടു. അവര്‍ ഓടി സ്വര്‍ണത്തിലേക്ക്. 

വീട് എന്റെ സ്വപ്നം

ജോലിയും വീടുമാണ് സ്വപ്നങ്ങളെന്ന് വിസ്മയ പറയുന്നു. 90ശതമാനത്തിന് മുകളിലാണ് പത്താംക്ലാസ് മുതല്‍ വിസ്മയയുടെ വിജയശതമാനം. പത്തിലും പന്ത്രണ്ടിലും ഡിഗ്രിക്കും നേട്ടം ആവര്‍ത്തിച്ചു. ഇനി വേണ്ടത് ജോലിയാണണ്. ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റിലെ ജോലിക്കുള്ള അഭിമുഖത്തിന് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും വിസ്മയ്ക്ക് പരിശീലന ക്യാംപിലായിരുന്നതിനാല്‍ അതില്‍ പങ്കെടുക്കാനായില്ല. ആദ്യ രാജ്യാന്തര മീറ്റില്‍ തന്നെ സ്വര്‍ണമണിഞ്ഞ വിസ്മയ സ്വപ്നങ്ങള്‍ക്കും സ്വര്‍ണത്തിളക്കം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടിലെത്തിയിരിക്കുന്നത്. 

MORE IN SPORTS
SHOW MORE