ശാസ്ത്രിയെ വിട്ട് ദ്രാവിഡിനെ വിളിക്കൂ; മുറവിളി സജീവം; ന്യായങ്ങള്‍ ഇതാണ്

dravid-ravi
SHARE

കശുവണ്ടി കൊറിക്കാനും തെക്ക് വടക്ക് നടക്കാനുമല്ലാതെ രവി ശാസ്ത്രി പരിശീലകന്‍ എന്ന നിലയില്‍ എന്ത് ജോലിയാണ് ചെയ്യുന്നതെന്ന് വിമര്‍ശനം ക്രിക്കറ്റ് ലോകത്ത് സജീവമായി.  ഇംഗ്ലണ്ടില്‍ ഇന്ത്യ 1–3ന് പിന്നില്‍ നില്‍ക്കുമ്പോഴാണ് ഈ വിമര്‍ശനം. ശാസ്ത്രിയെ മാറ്റി രാഹുല്‍ ദ്രാവിഡിനെ പരിശീലകനാക്കണമെന്ന് ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. കോച്ചിന്റെ പണി കളിക്കാര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കമാത്രമാണ്, കളിക്കാരാണ് പ്രകടനം നടത്തേണ്ടതെന്ന് സുനില്‍ ഗാവസ്കര്‍ പറഞ്ഞു. 

എന്നാല്‍ മറുപടിയായി മുഹമ്മദ് അസറുദ്ദീന്‍ എത്തി. കളിക്കാര്‍ക്ക് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് എന്ത് ഉപദേശമാണ് ശാസ്ത്രി നല്‍കിയതെന്നും അവരുടെ പിഴവുകള്‍ കണ്ടെത്തി പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ എന്തെങ്കിലും നല്‍കിയോ എന്നും അസറുദ്ദീന്‍ ചോദിക്കുന്നു. ക്യാപ്റ്റന്‍ കളിച്ച് മികവോടെ നില്‍ക്കുമ്പോള്‍ കോച്ചിനല്ല ക്യപ്റ്റനു മാത്രമാണ് ഉത്തരവാദിത്തം എന്ന് ഗാവസ്ക്കര്‍ വിലയിരുത്തുന്നത് എങ്ങനെയെന്നും ചോദ്യം ഉയരുന്നു. 

പിന്നാമ്പുറം

അനില്‍ കുംബ്ലെയുടെ കരാര്‍ കാലാവധി കഴി‍ഞ്ഞപ്പോള്‍ മുതല്‍ ടീം ഇന്ത്യയുടെ അടുത്ത പരിശീലകനെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. രവി ശാസ്ത്രി, വീരേന്ദര്‍ സേവാഗ്, രാഹുല്‍ ദ്രാവിഡ് എന്നിങ്ങനെ പല പേരുകള്‍ ഉയര്‍ന്നു. സൗരവ് ഗാംഗുലിയും സച്ചിന്‍ തെന്‍ഡുല്‍ക്കറും വിവിഎസ് ലക്ഷ്മണും ഉള്‍പ്പെടുന്ന ഉപദേശക സമിതി ആലോചിച്ചു,അഭിമുഖം നടത്തി ഒടുവില്‍ സൗരവ് ഗാംഗുലിയുടെ വിയോജിപ്പുകള്‍ക്കിടെയിലും രവി ശാസ്ത്രിക്കായി നിലകൊണ്ട സച്ചിനും ലക്ഷ്മണും വിജയിച്ചു. 

എന്നാല്‍ വിദേശ പര്യടനങ്ങളില്‍ ബാറ്റിങ് കണ്‍സള്‍ട്ടന്റായി രാഹുല്‍ ദ്രാവിഡും ബോളിങ് കണ്‍സള്‍ട്ടന്റായി സഹീര്‍ ഖാനും ഉണ്ടാവുമെന്ന് സമിതി തീരുമാനിച്ചു. ക്രിക്കറ്റ് ഭരണസമിതിക്ക് പട്ടിക കൈമാറുകയും ചെയ്തു. എന്നാല്‍ പിന്നീട് സംഭവിച്ചത് ശാസ്ത്രി മുഖ്യപരിശീലകനും ഭാരത് അരുണും സഞ്ജയ് ബംഗാറും സഹപരിശീലകരുമാകുന്നതാണ് കണ്ടത്. ബാറ്റിങ് കണ്‍സള്‍‌ട്ടന്റാകാം എന്ന് ദ്രാവിഡ്  സമ്മതിച്ചതാണെന്നും പിന്നീട് എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നും സൗരവ് ഗാംഗുലി വെളിപ്പെടുത്തി. 

ടെസ്റ്റ് ടീമിന് പ്രത്യേകം പരിശീലകന്‍ വേണമോ?

വിദേശ പിച്ചുകളില്‍, പ്രത്യേകിച്ച് ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രകടനം ആണ് ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രകടനംപരിശോധിച്ചാല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്ത് ടെസ്റ്റില്‍ ഇന്ത്യയുടെ പ്രകടനം തീര്‍ത്തും മോശമാണ്. ദക്ഷിണാഫ്രിക്കയില്‍ അഞ്ച് ടെസ്റ്റ് കളിച്ചതില്‍ ഒന്നില്‍ മാത്രം ജയം, മൂന്നെണ്ണം തോറ്റു. ന്യൂസീലന്‍ഡില്‍ കളിച്ച രണ്ട് ടെസ്റ്റില്‍ ഒന്നില്‍ തോറ്റു, ഒന്ന് സമനിലയായി. ഇംഗ്ലണ്ടില്‍ കളിച്ച ഒന്‍പത് ടെസ്റ്റില്‍ ആറിലും തോറ്റു. 

ഓസ്ട്രേലിയയില്‍ കളിച്ച നാലു ടെസ്റ്റില്‍ രണ്ടെണ്ണം തോറ്റു. കഴിഞ്ഞ അഞ്ചുവര്‍ഷം ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട് , ഓസ്ട്രേലിയ എന്നിവിടങ്ങളിലായി കളിച്ചത് ആകെ20 ടെസ്റ്റാണ്. ഇതില്‍ 12 ടെസ്റ്റും തോറ്റു. ഈസാഹചര്യത്തിലാണ് ടെസ്റ്റ് ടീമിനായി പുതിയ പരിശീലകന്‍ വേണം എന്ന ആവശ്യം ശക്തമാകുന്നത്. വിദേശ പിച്ചുകളില്‍ മികവ് കാട്ടിയിട്ടുള്ള ഇന്ത്യാക്കാരനായ പരിശീലകന്‍ ടീമിന് ഗുണം ചെയ്യുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 

ശാസ്ത്രിക്കു പകരം ദ്രാവിഡ്?

ടീമിനൊപ്പം കാര്യമായ ഇടപെടല്‍ നടത്താത്ത പരിശീലകനാണ് രവി ശാസ്ത്രി, പരിശീലന സമയത്തിന് കൃത്യനിഷ്ഠയോ കര്‍ശനനടപടിയോ ശാസ്ത്രിയില്‍ നിന്ന് കാണുന്നില്ല. ഓരോ താരത്തിന്റെയും തെറ്റുകളും പിഴവുകളും മനസിലാക്കി തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നതില്‍ പരാജയം. സഹപരിശീലകരും നിഷ്ക്രിയര്‍ ആകുന്നുവെന്നാണ് ആക്ഷേപം.  മാത്രവുമല്ല ആഭ്യന്തര തലത്തില്‍ നിന്ന് പുതിയ താരങ്ങളെ കണ്ടെത്താനും ഇവര്‍ തയാറാകുന്നില്ലെന്ന ആക്ഷേപവും ഉണ്ട്. ഈ സാഹചര്യത്തിലാണ് ടെസ്റ്റ് ടീമിനായി ഒരു പരിശീലകന്‍ എന്ന ആശയം ഉദിക്കുന്നത്.  

ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും വെസ്റ്റ് ഇന്‍ഡീസിലും എല്ലാ മികവ് തെളിയിച്ചിട്ടുള്ള സാങ്കേതികത്തികവുള്ള ബാറ്റ്സ്മാനായ രാഹുല്‍ ദ്രാവിഡിനെ പരിഗണിക്കണമെന്ന ആവശ്യം ശക്തമാകാനുള്ള കാരണം അണ്ടര്‍ 19 ക്രിക്കറ്റ് ടീമിനെയും ഇന്ത്യ എ ക്രിക്കറ്റ് ടീമിനെയും പരിശീലിപ്പിക്കുന്ന രീതികൊണ്ടും അവര്‍ നേടുന്ന വിജയം കണക്കിലെടുത്തുമാണ്. ഇംഗ്ലണ്ടിലെ പര്യടനത്തിനുശേഷം ഇന്ത്യയ്ക്ക് ഓസ്ട്രേലിയന്‍ പര്യടനമുണ്ട്.

MORE IN SPORTS
SHOW MORE