ഐഎസ്എല്ലിലേക്ക് ഓസീസ് ഇതിഹാസത്തിന്റെ മാസ് എൻട്രി; മാർക്വീ താരമാകാൻ കാഹിൽ

tim-cahill-isl
SHARE

ഐഎസ്എല്ലിലേക്ക് ഓസീസ് ഇതിഹാസത്തിന്റെ മാസ് എൻട്രി; മാർക്വീ താരമാകാൻ കാഹിൽ

ഇന്ത്യൻ മണ്ണി‌ൽ പന്തുതട്ടാൻ ഓസ്ട്രേലിയയിൽ നിന്ന് മറ്റൊരു ഇതിഹാസം കൂടി. ടിം കാഹിൽ ആണ്, എറിക് പാർത്താലുവിന് ശേഷം ഐഎസ്എൽ കളിക്കാനെത്തുന്ന ഓസീസ് താരം. വരും സീസണിൽ ജംഷഡ്പൂർ എഫ്സിയുടെ മാർക്വീ താരമായി ടിം കാഹിൽ കളത്തിലിറങ്ങും.

നാല് ഫിഫ ലോകകപ്പ് ടൂർണമെന്റുകളിൽ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച താരമാണ് കാഹിൽ. റഷ്യയിലും ഇക്കുറി ബൂട്ടുകെട്ടി. ലോകകപ്പിനുപിന്നാലെ വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നവംബറിൽ സിഡ്നിയിൽ സ്വന്തം കാണികൾക്കുമുന്നിലാകും കാഹിലിന്റെ വിടവാങ്ങൽ മത്സരം. 

ഒന്നര പതിറ്റാണ്ടോളമായി ഓസ്ട്രേയിലൻ ടീമിന്റെ എല്ലാമെല്ലാമാണ് ഈ അറ്റാക്കിങ് മിഡ്ഫീൽഡർ. സോക്കറൂസ് എന്നറിയപ്പെടുന്ന ഓസീസ് ദേശീയടീമിനുവേണ്ടി 107 മത്സരങ്ങളിൽ ജഴ്സിയണിഞ്ഞു. 50 ഗോളുകളാണ് സോക്കറൂസിന് വേണ്ടി കാഹിൽ നേടിയത്. റെക്കോർഡ് നേട്ടമാണിത്. 

സിഡ്നി യുണൈറ്റഡിന്റെ താരമായാണ് കാഹിലിന്റെ ക്ലബ്ബ് ഫുട്ബോൾ കരിയർ തുടങ്ങുന്നത്. പിന്നീട് മിൽവാൾ എഫ്സിയിലേക്ക്. കാഹിലിന്റെ കരുത്തിലാണ് സെക്കൻഡ് ഡിവിഷൻ ലിഗ് മിൽവാൾ എഫ്സി ജയിച്ചത്. ചരിത്രത്തിലാദ്യമായി എഫ്എ കപ്പ് കലാശപ്പോരാട്ടത്തിനും യോഗ്യത നേടി. ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ തോറ്റെങ്കിലും കാഹിലിന്റെ പ്രതിഭയെ ഇംഗ്ലീഷുകാർ തിരിച്ചറിഞ്ഞു. 

പിന്നീട് എവർട്ടൺ താരമായി ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക്. എട്ടുസീസണുകളിൽ എവർട്ടൺ ജഴ്സിയണിഞ്ഞ കാഹിൽ 56 ഗോൾ നേടി.

പ്രീമിയർ ലീഗ് വിട്ടശേഷം ഓസ്ട്രേലിയയിലും ചൈനയിലുമായി പന്തുതട്ടി. ഒടുവിൽ മിൽവാൾ എഫ്സിയിൽ തന്നെ തിരിച്ചെത്തി. 

കാഹിലിന്റെ ഐഎസ്എൽ എൻട്രി ഉചിതമായ സമയത്താണെന്ന് എറിക് പാർത്താലു പ്രതികരിച്ചു. കാഹിലിന്റെ വരവ് ഇന്ത്യൻ ഫുട്ബോളിന് ഏറെ ഗുണം ചെയ്യും. ലോകഫുട്ബോളിലെ അടുത്ത പവർഹൗസ് ആകാനൊരുങ്ങുകയാണ് ഇന്ത്യ, പാർത്താലു പറഞ്ഞു. ഐഎസ്എല്ലിൽ ബെംഗളുരു എഫ്സി താരമാണ് പാർത്താലു. 

MORE IN SPORTS
SHOW MORE