നെഞ്ചോട് ചേര്‍ക്കാമീ സുവര്‍ണ താരകങ്ങളെ; ഈ ഗെയിംസ് ബാക്കിവയ്ക്കുന്നത്

asian-games-winners
SHARE

ജക്കാര്‍ത്തയില്‍ ത്രിവര്‍ണപതാകയുടെ മാറ്റ് കൂട്ടിയവരെ രാജ്യതലസ്ഥാനം ആഘോഷപൂര്‍വം വരവേറ്റു. സ്വന്തം നാടും നാട്ടാരും പ്രളയക്കെടുതിയില്‍ വലഞ്ഞപ്പോള്‍ മനസ് കല്ലാക്കി ട്രാക്കിലോടി പൊന്നും 'പൊന്നോളം പോന്ന' വെള്ളിയും വെങ്കലങ്ങളും നേടിയവരെ രാജ്യം മനസറിഞ്ഞ് സ്വീകരിച്ചു. ഡല്‍ഹി ഇന്ദിരാ ഗാന്ധി രാജ്യാന്തരവിമാനത്താവളത്തില്‍ പറന്നിറങ്ങിയുടന്‍ മാധ്യമങ്ങളോട് സംസാരിച്ച 1500 മീറ്ററില്‍ സ്വര്‍ണമുള്‍പ്പടെ രണ്ട് മെഡല്‍ നേടിയ കോഴിക്കോട്ടുക്കാരന്‍ ജിന്‍സന്‍ ജോണ്‍സണ്‍ പറഞ്ഞതും പ്രളയക്കെടുതിയിലുള്ള സ്വന്തം കേരളത്തെപ്പറ്റി. 

ജിന്‍സനു പുറമേ ട്രാക്കിലെ പാലക്കാടന്‍ കുതിപ്പ് 1500 മീറ്ററില്‍ സ്വര്‍ണത്തോളം പോന്ന വെങ്കലം നേടിയ പി.യു ചിത്ര. 400 മീറ്ററിലും, 4X400 മീറ്റര്‍ റിലേയിലും വെള്ളി കൊയ്ത കൊല്ലംകാരന്‍ മുഹമ്മദ് അനസും ഡല്‍ഹിയിലെത്തിയിരുന്നു. ഇവരും ആദ്യം പങ്കുവച്ചത് മഹാപ്രളത്തെ അതിജീവിച്ച മഹാജനതയെപ്പറ്റിതന്നെ. മത്സരങ്ങളുടെ ആകാശത്ത് നാടിന് ഏറെ പ്രതീക്ഷവയ്ക്കാവുന്ന താരങ്ങളാണ് ഇവര്‍. ഇന്ത്യയെയും, കേരളത്തെയും ഒരേപോലെ നെഞ്ചോട് ചേര്‍ക്കുന്നവര്‍. 

മുണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുറ്റത്തോടി കളിച്ച പെണ്‍കുട്ടി അസൂയാവഹമായ വിജയങ്ങള്‍ നേടിയത് നാമെല്ലാം കണ്ടതാണ്. ഒഴിവാക്കാനുള്ള ആസൂത്രിത ശ്രമങ്ങളെ ട്രാക്കില്‍ നേരിട്ട് കാലുകൊണ്ട് മറുപടി പറഞ്ഞ ചിത്ര ജക്കാര്‍ത്തയിലും പാലക്കാടന്‍ ചടുലത പുറത്തെടുത്തു. 1500 മീറ്റര്‍ എന്നും ചിത്രയുടെ പരീക്ഷവേദിയാണ്. സ്വന്തം കായികക്ഷമകതയെ അളക്കാനുള്ള പരീക്ഷണവേദി. ഒരു മല്‍സരത്തിലെ പരാജയം മറ്റൊരു മല്‍സരത്തിലെ വിജയംകൊണ്ട് മറികടക്കും. 

ജക്കാര്‍ത്തയില്‍ ബെഹ്റിന്റെ മിന്നും താരങ്ങളോട് ഓടി ചിത്ര നേടിയ വെങ്കലം പൊന്നിനെക്കാള്‍ തിളങ്ങുന്നതും അതുകൊണ്ട് തന്നെയാണ്. ട്രാക്കില്‍ നില്‍ക്കുമ്പോള്‍ ആ കുഞ്ഞിപ്പെണ്ണ് എന്ത് ചെയ്യുമെന്ന പുച്ഛവുമായി നില്‍ക്കുന്നവര്‍ക്ക് മുന്നിലൂടെ സ്വര്‍ണപതക്കം കഴുത്തിലിട്ടുപോകുന്ന ചിത്രയെ എത്രവട്ടം നാം കണ്ടതാണ്. നേട്ടങ്ങളുടെ കൊടിമുടികയറുമ്പോഴും ചിത്രയുടെ മുഖത്ത് അഹങ്കാരത്തിന്റെ അംശമേതുമില്ലായിരുന്നു എന്നതാണ് പ്രധാനകാര്യം. ഇന്നലെ വിമാനമിറങ്ങി വന്നപ്പോഴും കാണാനായതും അതേ ചിത്രയെതന്നെ. ഇതേ ഭാവം തന്നെയാണ് അനസിലും, ജിന്‍സനിലും കണ്ടത്. ഇത്തരത്തില്‍ കരിയറില്‍ ശ്രദ്ധിക്കുകയും കഴിവുകളില്‍ എളിമപ്പെടുകയും ചെയ്യുന്ന കായികതാരങ്ങള്‍ രാജ്യത്തിന് നല്‍കുന്ന പ്രതീക്ഷ വലുതാണ്. മില്‍ഖ സിങ്ങിന് ശേഷം ആദ്യമായി കോണമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ പ്രവേശിച്ച് ശ്രദ്ധനേടിയ അനസ് എഷ്യന്‍ ഗെയിംസിലും കാഴ്ചവച്ചത് അഭിമാനപോരാട്ടം തന്നെ. എന്നാലും സ്വര്‍ണം നേടാനാകാത്തതിലെ നിരാശ ഈ സ്പ്രിന്റര്‍ മറച്ചുവച്ചില്ല. 

അടുത്തവട്ടം  കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനാകും എന്നുതന്നെയാണ് പ്രതീക്ഷ. ജിന്‍സന്റേതും സമാനമായ കരിയര്‍ തന്നെയാണ്. പ്രതിസന്ധികളെ കഠിനാധ്വാനം കൊണ്ട മറികടന്നവര്‍. നേട്ടങ്ങളിലും, സ്വീകരണങ്ങളിലും ഭ്രമിച്ചിരിക്കാനല്ല അവരുടെ ഉദ്ദേശം. അടുത്ത ചാംപ്യന്‍ഷിപ്പിനായി തയാറെടുക്കുക, മെച്ചപ്പെട്ട വേഗങ്ങള്‍ കീഴടക്കുക. 'റെസ്റ്റെടുക്കാന്‍ സമയമില്ല, അടുത്ത മീറ്റിന് ട്രാക്കിലേക്കിറങ്ങുകയാണ്' എന്നാണ് ജിന്‍സന്‍ പറഞ്ഞതും. അനസിന്റേയും, ചിത്രയുടെയും പദ്ധതിയും വ്യത്യസ്ഥമല്ല. എന്നാലും കേരളത്തില്‍ വരണമെന്നുണ്ട്. 'നാടിനുവേണ്ടി പറ്റുന്നതെല്ലാം ചെയ്യണം'. മൂവരും ഒരേസ്വരത്തില്‍ പറയുന്നു.

അത്‌ലറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിലാണ് കായികതാരങ്ങള്‍ക്ക് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയത്. ജിന്‍സനും, ചിത്രയ്ക്കും, അനസിനും പുറമേ ട്രിപ്പിള്‍ ജംപിലെ സുവര്‍ണതാരകം അര്‍പ്പീന്ദര്‍ സിങ്ങും നാടിന്റെ സ്വീകരണമേറ്റുവാങ്ങി. അര്‍പ്പീന്ദറിന്റെ കുടുംബവും കായികതാരത്തെ സ്വീകരിക്കാനെത്തിയിരുന്നു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മറ്റ് കായികതാരങ്ങളും മെഡല്‍ ജേതാക്കളെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. മലയാളിയെന്നോ, പഞ്ചാബിയെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും അവര്‍ വരവേറ്റു. മെഡല്‍ജേതാക്കള്‍ ഉള്‍പ്പടെയുള്ള മറ്റ് കായികതാരങ്ങളുടെ സംഘം തിങ്കളാഴ്ച ഡല്‍ഹിയിലെത്തും. 

ചക്കിട്ടപ്പാറയെ നെഞ്ചോട് ചേര്‍ക്കുന്ന ജിന്‍സനും, ചിത്രയും, അനസുമെല്ലാം രാജ്യത്തിന്റെയും, കൊച്ചുകേരളത്തിന്റെയും കായികഭൂപടത്തില്‍ വരച്ചുച്ചേര്‍ക്കുന്നത് വന്‍നേട്ടങ്ങളാണ്.  അതിജീവനത്തിന്റെ വലിയ യാത്രയിലുള്ള ഈ നാടിന് ഉത്തേജനമേകുന്ന വന്‍ ജയങ്ങള്‍. ആ വിജയങ്ങള്‍ക്കൊപ്പം സ്വന്തം നാടിനെ ചേര്‍ത്തുപിടിക്കുന്ന ഈ ഊജ്ജ്വലതാരങ്ങളെ നമുക്കും ചേര്‍ത്ത് പിടിക്കാം, നെഞ്ചോട്.‌‌

MORE IN SPORTS
SHOW MORE