കളിയാക്കരുത് പ്ലീസ്, കുറ്റപ്പെടുത്തരുത്, നന്നായിക്കോളാം: ആരാധകരോട് കോഹ്‌ലി

virat-kohli-1
SHARE

ഇംഗ്ലണ്ടിലെ തുടര്‍ തോല്‍വികളില്‍ ആരാധകരില്‍ നിന്നും മുന്‍കാലതാരങ്ങളില്‍ നിന്നും ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നും വിമര്‍ശനം കേട്ട ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ആരാധകരോട് അഭ്യര്‍ഥനയുമായി രംഗത്തെത്തി. ഇംഗ്ലണ്ടിനെതിരായ രണ്ടു ടെസ്റ്റും തോറ്റതോടെയാണ് ക്യാപ്റ്റന്‍ നേരിട്ട് ഫെയ്സ്ബുക്കിലൂടെ പ്രത്യക്ഷപ്പെട്ടത്. ‘ചിലപ്പോള്‍ ജയിക്കും ചിലപ്പോള്‍ നമ്മള്‍ ചില പാഠങ്ങള്‍ പഠിക്കും പക്ഷെ നിങ്ങള്‍ ഒരിക്കലും വിട്ടുകൊടുക്കരുത്, നിരാശപ്പെടരുത് , ഞങ്ങളും ഉറപ്പുതരുന്ന ഞങ്ങള്‍ വിട്ടുകൊടുക്കില്ല, പോരാടും , പരമ്പരയില്‍ തിരിച്ചുവരും. പറ്റിയ പിഴവുകളില്‍ നിന്ന് പാഠംപഠിച്ച് തെറ്റുകള്‍ തിരുത്തി അടുത്ത മല്‍സരത്തിന് ഇറങ്ങും.’ 

ഇതാണ് ഫെയ്സ്ബുക്ക് പേജില്‍ വിരാട് കോഹ്‌ലി കുറിച്ചത്. ഇതിനു പിന്നാലെ ആരാധക്കൂട്ടത്തിന്റെ വിമര്‍ശനങ്ങളും കയ്യടികളും കളിയാക്കലുകളുമെത്തി. ഒരാള്‍ കുറിച്ചു. ‘പരമ്പര ഇന്ത്യയില്‍ നടത്തൂ, അപ്പോള്‍ നമ്മള്‍ക്ക് ജയിക്കാം.’ മറ്റൊരാധകന്‍ കുറിച്ചത് നിലവിലെ കോച്ച് ടീമിനൊപ്പമല്ല, കമന്ററി ബോക്സിലാണ് പെര്‍ഫോം ചെയ്യുക എന്നാണ്. രവിശാസ്ത്രിയെ മാറ്റണം എന്നാണ് ഭൂരിഭാഗം പേരും കുറിച്ചിരിക്കുന്നത്. 

രാഹുല്‍ ദ്രാവിഡിനെപ്പോലെ സാങ്കേതികമായി മുന്നിലുള്ള ഒരാളുടെ പരിശീലനമാണ് ടീമിന് നല്ലതെന്നും ചിലര്‍ ഉപദേശിക്കുന്നു. മറ്റുചിലരാകട്ടെ ടീം തിര‍ഞ്ഞെടുപ്പിനെക്കുറിച്ചുള്ള നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നു. കമന്‍റുകളുമായി എത്തിയവരില്‍ ഭൂരിഭാഗവും വിരാട് കോഹ്‌ലി എന്ന കളിക്കാരനെയും ക്യാപ്റ്റനെയും കുറ്റപ്പെടുത്തിയില്ല എന്നതും ശ്രദ്ധേയം. ക്യാപ്റ്റനില്‍ വിശ്വാസം ഉണ്ടെന്നും ടീം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞ ആരാധകര്‍ അടുത്ത മൂന്ന് മല്‍സരത്തില്‍ മികച്ച പ്രകടനം നടത്താനായി ആശംസകള്‍ നേരുകയും ചെയ്തു. 

kohli-england-2

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ക്യാപ്റ്റന്റെയും കോച്ചിന്റെയും തീരുമാനങ്ങളെ ചോദ്യംചെയ്തതിനു പിന്നാലെയാണ് ക്യാപ്റ്റന്‍ ആത്മപ്രചോദനവുമായി എത്തിയത് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. മുന്നൊരുക്കത്തിന് വേണ്ടത്ര സമയം ലഭിച്ചിട്ടും കാര്യങ്ങളെ ലളിതമായി കണ്ട കോച്ചിന്റെ രീതിയെക്കുറിച്ചും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.  

മൂന്നാം ടെസ്റ്റിന്റെ ഫലം കൂടി കണക്കിലെടുത്താവും ബോര്‍ഡിന്റെ തുടര്‍ നടപടികള്‍. ലോര്‍ഡ്സില്‍ നടന്ന രണ്ടാം ടെസ്റ്റിനുള്ള ടീം തിരഞ്ഞെടുപ്പും ബാറ്റിങ്ങിലെ മോശം പ്രകടനവും ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു, അതില്‍ ഏറെ പഴികേട്ടത് അശ്വിനൊപ്പം കുല്‍ദീപ് യാദവ് എന്ന സ്പിന്നറെ ഉള്‍പ്പെടുത്തിയതിലായിരുന്നു. എന്തായാലും നോട്ടിങ്ങാമില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ഫലം കൂടി കാത്തിരിക്കാന്‍ ആരാധകരും തയാറാണെന്ന് ക്യാപ്റ്റനുള്ള മറുപടികളില്‍ നിന്ന് വ്യക്തം. 

MORE IN SPORTS
SHOW MORE